മാവോയിസ്റ്റ് സാന്നിധ്യം: അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

 
amit shah

കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും 

മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവൃത്തിയും അവലോകനം ചെയ്യും. നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും ചര്‍ച്ച ചെയ്യും. കേരളത്തിനു പുറമെ ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാള്‍, ബീഹാര്‍, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തും. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വെര്‍ച്വലായാണ് യോഗം.

ഛത്തീസ്ഗഢിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത്തരം പ്രദേശങ്ങളില്‍ സുരക്ഷ സേനക്കുനേരെ നക്‌സലുകള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്തുന്ന സാഹചര്യമുണ്ട്. 

കേരളത്തില്‍, കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. കഴിഞ്ഞ ആഴ്ച രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘമാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്റേഷന്‍ വാര്‍ഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്.