'ഇ.ഡി സമം ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സിബിഐ സമം കോംപ്രമൈസ്ഡ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍; ഇത് യജമാന-സേവക ബന്ധം'

 
ED, CBI

സിബിഐ, ഇ.ഡി ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ ഓര്‍ഡിനന്‍സ് 

കേന്ദ്ര അന്വേഷണ ഏജന്‍സികളായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവിമാരുടെ കാലാവധി അഞ്ചു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്ന ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഞായറാഴ്ച ഒപ്പുവെച്ചു. കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ച സുപ്രധാന നീക്കമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിലയിരുത്തുന്നത്. നിലവിലുള്ള രണ്ടുവര്‍ഷ കാലാവധി തീരുന്നമുറയ്ക്ക്, ഓരോ വര്‍ഷം വീതം മൂന്നുവര്‍ഷം വരെ സേവന കാലാവധി ദീര്‍ഘിപ്പിക്കാമെന്നാണ് ഓര്‍ഡിനന്‍സ് പറയുന്നത്. ഇതോടെ ഇഡി ഡയറക്ടര്‍ എസ്.കെ മിശ്ര, സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ എന്നിവര്‍ക്കു കൂടുതല്‍ കാലം പദവിയില്‍ തുടരാനാകും. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെയും അവരുടെ സര്‍ക്കാരുകളെയും അടിച്ചമര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും നിലനില്‍ക്കെയാണ് ഇത്തരമൊരു നീക്കം. ഇഡി ഡയറക്ടര്‍ എസ്.കെ മിശ്രയുടെ സേവനസമയം നീട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍, അപൂര്‍വവും അസാധാരണവുമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇങ്ങനെ ചെയ്യാവൂ എന്ന ജസ്റ്റിസ് എല്‍.എന്‍ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവിനെയും മറികടന്നുള്ളതാണ് ഓര്‍ഡിനന്‍സ്. പാര്‍ലമെന്റ് സമ്മേളനം നിശ്ചയിച്ചിരിക്കെ, തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി കടുത്ത വിമര്‍ശനത്തിനും ആരോപണത്തിനും കാരണമായിട്ടുണ്ട്. 

ഓര്‍ഡിനന്‍സുകള്‍ക്കെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, സിപിഎം, സിപിഐ ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സ്വാധീനം ഉണ്ടാകാതിരിക്കാനാണ് അന്വേഷണ ഏജന്‍സികളുടെ തലവന്മാരുടെ കാലാവധി രണ്ടു വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലും സുപ്രധാന വിഷയത്തില്‍ തുടരുന്ന അന്വേഷണം സുഗമമാക്കുന്നതിനായി, അപൂര്‍വവും അസാധാരവുമായ സാഹചര്യങ്ങളില്‍ മാത്രം കാലാവധി നീട്ടാമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍, കോടതി ഉത്തരവിനെയും മറികടക്കുന്നതാണ് ഓര്‍ഡിനന്‍സുകളെന്നാണ് വിമര്‍ശനം. സര്‍വീസ് കാലയളവ് ദീര്‍ഘിപ്പിച്ചുനല്‍കി, ഉദ്യോഗസ്ഥരെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. 

സിബിഐക്കും ഇഡിക്കും കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷം ആക്കുന്നതെന്ന വിശദീകരണങ്ങള്‍ വിശ്വസിക്കരുതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് എംപി അഭിഭേഷക് സിംഗ്‌വിയുടെ പ്രതികരണം. പാര്‍ലമെന്റിനെ തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണത്. നിങ്ങളെ കുറച്ചുകാലത്തേക്കുകൂടി ഉന്നത സ്ഥാനത്ത് നിലനിര്‍ത്തുമെന്നാണ് ഓര്‍ഡിനന്‍സ് ഉദ്യോഗസ്ഥരോട് പറയുന്നത്. അത് യജമാന-സേവക ബന്ധം തുടരുന്ന തരത്തിലുള്ളതാണ്. യജമാനന്റെ ആജ്ഞ അനുസരിച്ചാണ് നിങ്ങള്‍ പെരുമാറുന്നതെങ്കില്‍, നിങ്ങളുടെ സര്‍വീസ് കാലയളവ് ദീര്‍ഘിപ്പിക്കും. മറിച്ചാണെങ്കില്‍ ഒന്നുമുണ്ടാകില്ല -സിംഗ്‌വി ആരോപിക്കുന്നു. 

അധികാരം തട്ടിയെടുക്കാനും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുമുള്ള സഹായികളായാണ് സിബിഐയും ഇ.ഡിയെയും നരേന്ദ്ര മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജ്‌വാലയുടെ ആരോപണം. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡിയും സിബിഐയും നടത്തുന്ന റെയ്ഡുകള്‍ സര്‍വസാധാരണമായിരിക്കുന്നു. ഈ പിണിയാളുകള്‍ക്ക് അഞ്ച് വര്‍ഷത്തെ സര്‍വീസിനും അധികാരത്തിനുമൊപ്പം പ്രതിഫലവും നല്‍കുന്നു. എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ദുരുദ്ദേശ്യപരമായാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നത്. ഇ.ഡി സമം ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സിബിഐ സമം കോംപ്രമൈസ്ഡ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ്. വിരമിച്ച ഉദ്യോഗസ്ഥരുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നേരിട്ട് അഞ്ച് വര്‍ഷമാണ് കാലാവധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അന്വേഷണ ഏജന്‍സികളിലെ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കുന്നത് ഉറപ്പാക്കിയ, ജെയിന്‍ ഹവാല വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ് ഓര്‍ഡിനന്‍സുകളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയും ആരോപിച്ചു. എന്തിനാണ് കാലാവധി 2-5 വര്‍ഷത്തേക്ക് നീട്ടുന്നത്? രാജ്യത്ത് കഴിവുള്ള ഉദ്യോഗസ്ഥര്‍ അവശേഷിക്കുന്നില്ലേ? അന്വേഷണ ഏജന്‍സികളില്‍ അവശേഷിക്കുന്ന സ്ഥാപനപരമായ സമഗ്രതയെക്കൂടി അട്ടിമറിക്കാനാണ് നിര്‍ണായക പദവികള്‍ വഹിക്കുന്നവരുടെ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് എന്‍ഡിഎ/ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ലക്ഷ്യം വ്യക്തമാണ്, പ്രതിപക്ഷത്തെ വേട്ടയാടുക. പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ച് അട്ടിമറിച്ചുകൊണ്ട് ഓര്‍ഡിനന്‍സിലൂടെയാണ് ഇതെല്ലാം നേടുന്നതെന്നതാണ് ഏറ്റവും ഗൗരവമായ പ്രശ്‌നം. ഈമാസം 29ന് പാര്‍ലമെന്റ് യോഗം തീരുമാനിച്ചിരിക്കെ, ഓര്‍ഡിനന്‍സുകള്‍ പ്രഖ്യാപിക്കാന്‍ എന്തിനായിരുന്നു തിടുക്കമെന്നും മനീഷ് തിവാരി ചോദിക്കുന്നു. 

സിബിഐയും ഇ.ഡിയും ഭരണകക്ഷിയുടെ അജണ്ട മുന്നോട്ടു കൊണ്ടുപോകാനുള്ള രാഷ്ട്രീയ വിഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു സിപിഎം പ്രതികരണം. പ്രതിപക്ഷ നേതാക്കളെ സ്ഥിരമായി അവര്‍ ലക്ഷ്യമിടുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സ്വയംഭരണാധികാരം കൂടുതല്‍ അട്ടിമറിക്കുന്നതിനൊപ്പം പ്രധാന ഉദ്യോഗസ്ഥരെ തങ്ങള്‍ക്ക് കൂടുതല്‍ വഴങ്ങുന്നവരാക്കാനുമാണ് ഈ നടപടി. 29 മുതല്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ, ഈ ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കിയത് അപലപനീയമാണ്. ബിജെപിയുടെ 'ഓര്‍ഡിനന്‍സ് രാജ്' എന്ന പാതയിലൂടെയുള്ള സ്ഥിരം സഞ്ചാരം ജനാധിപത്യ വിരുദ്ധമാണ്. നിലവില്‍ നടക്കുന്ന അന്വേഷണം സുഗമമാക്കുന്നതിനായി, അപൂര്‍വവും അസാധാരണവുമായ സാഹചര്യങ്ങളില്‍ കാലാവധി നീട്ടുന്നത് ഹ്രസ്വകാലത്തേക്ക് ആയിരിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ മറികടക്കാനും ഓര്‍ഡിനന്‍സുകള്‍ ലക്ഷ്യമിടുന്നു. ഓര്‍ഡിനന്‍സുകള്‍ നിയമമാക്കി മാറ്റാനുള്ള നീക്കത്തെ പാര്‍ലമെന്റില്‍ സിപിഎം എംപിമാര്‍ എതിര്‍ക്കുമെന്നും പാര്‍ട്ടി പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. 

ജനാധിപത്യത്തെ അപമാനിക്കുന്ന നീക്കമെന്നായിരുന്നു സിപിഐയുടെ പ്രതികരണം. പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം നടക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഓര്‍ഡിനന്‍സിലൂടെ ഇത്തരമൊരു നീക്കം നടത്തിയത്. ഇത് ജനാധിപത്യത്തെ അപമാനിക്കുന്നതും പാര്‍ലമെന്റിന്റെ അധികാരത്തിലുള്ള കടന്നുകയറ്റവുമാണ്. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെയും ഭിന്നാഭിപ്രായമുള്ളവരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് തുടരുന്നതിനാണ് പുതിയ നടപടിയെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആരോപിച്ചു. 

ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ഒരു സ്വേച്ഛാധിപത്യമായി മാറുന്നത് തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സാധ്യമായത് ചെയ്യുമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് ഡെറക് ഒബ്രിയന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടാഴ്ചയ്ക്കുശേഷം ആരംഭിക്കും. സ്വേച്ഛാധിപത്യ പ്രവണതകളെ തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓര്‍ഡിനന്‍സിനെതിരെ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് തൃണമൂല്‍.  

ഓര്‍ഡിനന്‍സ് സുപ്രീം കോടതി ഉത്തരവിന്റെ അന്തസത്തക്ക് വിരുദ്ധമാണെന്ന് എഎപി രാജ്യസഭാ നേതാവ് സഞ്ജയ് സിംഗ് പ്രതികരിച്ചു. സുപ്രീംകോടതി ഉത്തരവിനെപ്പോലും മറികടന്നുള്ളതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം. തനിക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്, വിരമിച്ചതിനുശേഷവും 'ദേശീയ താല്‍പര്യ'ത്തിന്റെ പേരില്‍ അഞ്ച് വര്‍ഷം വരെ കാലാവധി നീട്ടി നല്‍കാന്‍ മോദിക്ക് കഴിയും. സിബിഐ, ഇഡി എന്നിവര്‍ക്കു മാത്രമേ ദേശീയ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നുമായിരുന്നു പരിഹാസരൂപേണ സഞ്ജയ് സിംഗ് പറഞ്ഞത്.  

പുതിയ ഓര്‍ഡിനന്‍സുകള്‍ ഞെട്ടിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്നാണ് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. സിബിഐ, ഇഡി എന്നിവയുടെ സ്വാതന്ത്ര്യം വീണ്ടും തകിടംമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു. ഏറ്റവും നിരാശാജനകമായ ഓര്‍ഡിനന്‍സ് എന്നായിരുന്നു മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണറും മുന്‍ ഐപിഎസ് ഓഫീസറുമായ യശോവര്‍ദ്ധന്‍ ആസാദിന്റെ ട്വീറ്റ്. 

കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൂടുതല്‍ സ്വതന്ത്രമാക്കി അവയുടെ സ്വയംഭരണാധികാരം ഉറപ്പാക്കണമെന്നാണ് സുപ്രീംകോടതി ഉള്‍പ്പെടെ പലതവണയായി പറഞ്ഞിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍, സിഎജി എന്നിവയെപ്പോലെ സിബിഐയെയും കൂടുതല്‍ സ്വതന്ത്രമാക്കണമെന്നാണ് അടുത്തിടെ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചത്. സിബിഐയ്ക്ക് കൂടുതല്‍ അധികാരവും അധികാര പരിധിയും നല്‍കുന്ന തരത്തില്‍ പ്രത്യേക നിയമം എത്രയുംവേഗം കൊണ്ടുവരണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. 'കൂട്ടിലടച്ച തത്തയെ' സ്വതന്ത്രമാക്കാനുള്ള ശ്രമമെന്ന നിലയ്ക്കാണ് നിരീക്ഷണവും ഉത്തരവുമെന്നായിരുന്നു ജസ്റ്റിസുമാരായ എന്‍. കൃപാകരന്‍, ബി പുകളേന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്. 2013ല്‍ സുപ്രീംകോടതിയാണ് സിബിഐയെ 'കൂട്ടിലടച്ച തത്ത' എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍, കൂട്ടിലടച്ച തത്തയെ സ്വതന്ത്രമാക്കുന്നതിനുള്ള ശ്രമങ്ങളല്ല കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. പകരം, കൂട് കുറച്ചുകൂടി വിശാലമാക്കി പൂട്ട് ഭദ്രമാക്കുന്നതാണ് സര്‍ക്കാര്‍ സമീപനം. സബിഐ, ഇ.ഡി ഡയറക്ടര്‍മാര്‍ക്കൊപ്പം പ്രതിരോധ സെക്രട്ടറി, റോ മേധാവി എന്നിവരുടെ കാലാവധിയും ഇതോടൊപ്പം നീട്ടിയിട്ടുണ്ട്. രണ്ടു വര്‍ഷത്തില്‍നിന്ന് നാല് വര്‍ഷത്തേക്ക് കാലാവധി നീട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫണ്ടമെന്റല്‍ റൂള്‍സ് 1922 ഭേദഗതി ചെയ്ത് പേഴ്സണല്‍ മന്ത്രാലയം വിജ്ഞാപനമിറക്കുകയും ചെയ്തു. പ്രതിപക്ഷ നേതാക്കള്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്നിവര്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ നിരന്തരം ഉയരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ 'ഓര്‍ഡിനന്‍സ് രാജ്'