ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍; ഇത്തവണ 'അനോക്രസി'

 
Shashi_Tharoor

ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അനോക്രസി (Anocracy) എന്ന വാക്കാണ് തരൂര്‍ ബിജെപിക്കെതിരെ ട്വിറ്ററില്‍ പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകളെ സമീപിക്കുന്ന രീതിയെയാണ് തരൂര്‍ ഈ വാക്കിലൂടെ അവതരിപ്പിച്ചത്. അനോക്രസി എന്ന വാക്ക് പങ്കുവെച്ച് അതിനെ 'ജനാധിപത്യ  സ്വേച്ഛാധിപത്യ സവിശേഷതകള്‍ കലര്‍ത്തുന്ന ഒരു സര്‍ക്കാര്‍ രൂപമെന്നും വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ശശി തരൂര്‍ പുതിയ വാക്ക് പങ്കുവെച്ചതെന്നതും ശ്രദ്ധേയമാണ്. 

Also Read'പണത്തിനു മീതെ പരുന്ത് പറക്കുമോ? ഞാനായിട്ട് ഒന്നും കൊടുക്കണ്ടല്ലോയെന്നോര്‍ത്ത് മിണ്ടാത്തതാണ്': പള്‍സര്‍ സുനി

'ഇന്ത്യയില്‍ നമ്മള്‍ പഠിച്ച് തുടങ്ങേണ്ടതായ ഒരു വാക്ക്, : അനോക്രസി. ജനാധിപത്യവും സ്വേച്ഛാധിപത്യ സവിശേഷതകളും ഇടകലര്‍ന്ന, തെരഞ്ഞെടുപ്പ് അനുവദിക്കുന്ന, നാമമാത്രമായ മത്സരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ പാര്‍ട്ടികളിലൂടെയും സ്ഥാപനങ്ങളിലൂടെയും പങ്കാളിത്തം അനുവദിക്കുന്ന, എന്നാല്‍ കുറഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ രൂപം,' തരൂര്‍ പറഞ്ഞു. 'ഭാഗിക ജനാധിപത്യവും ഭാഗിക സ്വേച്ഛാധിപത്യവും അല്ലെങ്കില്‍ ജനാധിപത്യത്തിനൊപ്പം ഏകാധിപത്യവും ഇടകലര്‍ന്ന ഗവണ്‍മെന്റ്, എന്നാണ് അനോക്രസി എന്ന വാക്കിന്റെ അര്‍ത്ഥം.

Also Read: സൈപ്രസില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം; 'ഡെല്‍റ്റാക്രോണ്‍', അറിയേണ്ടതെല്ലാം

നിരവധി തവണ ആളുകള്‍ക്ക് അത്ര പരിചിതമല്ലാത്തതും ബുദ്ധിമുട്ടേറിയതുമായ ഇംഗ്ലീഷ് വാക്കുകളുമായി തരൂര്‍ രംഗത്തെത്താറുണ്ട്. മിക്കതും ഭരണത്തിലിരിക്കുന്ന ബിജെപി ലക്ഷ്യം വെച്ചുള്ളതുമാണ്. ഇവ സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടാറുമുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീട്ടി വളര്‍ത്തിയ താടിയെ കളിയാക്കി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു - 'താടി വളര്‍ത്തല്‍' എന്നര്‍ത്ഥം വരുന്ന 'പോഗനോട്രോഫി' എന്നതായിരുന്നു ആ വാക്ക്. 

ഒരിക്കല്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചിരുന്നു - 'അലോഡോക്സോഫോബിയ'. 'യുപിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ രാജ്യദ്രോഹവും യുഎപിഎ കേസുകളും ചുമത്തുന്നത് നേതൃത്വം അലോഡോക്സോഫോബിയയാല്‍ ബുദ്ധിമുട്ടുന്നതിനാലാണ്, അദ്ദേഹം കുറിച്ചു. ആളുകളുടെ അഭിപ്രായങ്ങളോടുള്ള ഭയം, എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

Also Readഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട താഷ്‌കന്റ് കരാറും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണവും

ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. 
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

Also Readകാലമെത്ര കഴിഞ്ഞാലും മലയാളികളെ വിട്ടുമാറാത്ത വികാരം; മലയാളത്തിന്റെ മഹാഗായകന് 82ാം പിറന്നാള്‍