ജഡ്ജിമാരുടെ നിയമനം: മാധ്യമ റിപ്പോര്‍ട്ടുകളില്‍ അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ 

 
NV Ramana

അന്തിമ തീരുമാനം വരുന്നതിനുമുമ്പുള്ള റിപ്പോര്‍ട്ടുകള്‍ വിപരീത ഫലമുണ്ടാക്കും


സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ കടുത്ത അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച അന്തിമ തീരുമാനം വരുന്നതിനുമുമ്പുള്ള റിപ്പോര്‍ട്ടുകള്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്നും ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് നവീന്‍ സിന്‍ഹയുടെ യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയ പവിത്രമായതും മാന്യത ഉള്‍ക്കൊള്ളുന്നതുമായ ഒന്നാണ്. മാധ്യമ സുഹൃത്തുക്കള്‍ ആ പ്രക്രിയ മനസിലാക്കുകയും അതിന്റെ പവിത്രത മനസിലാക്കുകയും വേണം. നിരുത്തരവാദപരമായ റിപ്പോര്‍ട്ടുകളും ഊഹാപോഹങ്ങളും കാരണം മികച്ച കരിയര്‍ വളര്‍ച്ചയ്ക്ക് അര്‍ഹമായ അവസരങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് അത് നഷ്ടമായ പല ഉദാഹരണങ്ങളുമുണ്ട്. അത് വളരെ ദൗര്‍ഭാഗ്യകരമാണ്. അത്തരം റിപ്പോര്‍ട്ടിംഗുകളില്‍ അത്യന്തം അസ്വസ്ഥനാണ്. ഇക്കാര്യം പക്വതയോടെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു. 

ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തില്‍ കൊളീജിയം സുപ്രീം കോടതിയിലേക്ക് ഒമ്പത് ജഡ്ജിമാരുടെ പേര് ശുപാര്‍ശ ചെയ്തുവെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇവരില്‍ മൂന്ന് വനിതാ ജഡ്ജിമാരും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.