സുപ്രീംകോടതി ജഡ്ജി നിയമനം; കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടിക അംഗീകരിച്ച് കേന്ദ്രം

 
Supreme Court

ജസ്റ്റിസ് ബി.വി നാഗരത്‌ന ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാനും സാധ്യത

സുപ്രീംകോടതി ജഡ്ജി നിയമനത്തിനായി കൊളീജിയം ശുപാര്‍ശ ചെയ്ത ഒമ്പതുപേരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പെടുന്ന പട്ടിക ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്. പട്ടിക രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്. രാഷ്ട്രപതിയുടെ നിയമന വാറന്റ് ലഭിക്കുന്നതോടെ, പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ആദ്യമായിട്ടാണ് ഇത്രയധികം പേരെ സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്യുന്നതും കേന്ദ്രം അംഗീകരിക്കുന്നതും.

എട്ട് ജഡ്ജിമാരും ഒരു അഭിഭാഷകനുമാണ് പട്ടികയിലുള്ളത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരാകാന്‍ പോകുന്ന വനിതകള്‍. കേരള ഹൈക്കോടതി ജഡ്ജി സി.ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിതേന്ദ്ര കുമാര്‍ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം സുന്ദരേഷ്, മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് നരസിംഹ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. 

ജസ്റ്റിസ് ബി.വി നാഗരത്‌നയ്ക്ക് ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാനും സാധ്യതയുണ്ട്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ചീഫ് ജസ്റ്റിസാകാനുള്ള വഴിയൊരുങ്ങുന്നത്. 1989ല്‍  ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്‌ന. 2027ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാനാണ് സാധ്യത.