സെലക്ഷന്‍ ലിസ്റ്റ് മറികടന്ന് വെയിറ്റിംഗ് ലിസ്റ്റില്‍നിന്ന് നിയമനം; ഇത് എന്തുതരം നിയമനമെന്ന് സുപ്രീംകോടതി

 
SupremeCourt

ട്രിബ്യൂണലുകളിലെ നിയമനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

ട്രിബ്യൂണലുകളിലെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ആവര്‍ത്തിച്ച് സുപ്രീംകോടതി. അടുത്തിടെ ദേശീയ ലോ ട്രിബ്യൂണ്‍ (എന്‍സിഎല്‍ടി), ആദായക നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ (ആടിഎടി) എന്നിവിടങ്ങളില്‍ നടത്തിയ നിയമനങ്ങളില്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച് അതൃപ്തി അറിയിച്ചു. സെലക്ഷന്‍ ലിസ്റ്റ് മറികടന്ന് വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം നല്‍കിയ നടപടിയാണ് കോടതി ചോദ്യം ചെയ്തത്. ഇത് എന്ത് തരം നിയമനമാണെന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമനങ്ങള്‍ പുനപരിശോധിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം മറുപടി നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചു. 

എന്‍സിഎല്‍ടി സെലക്ഷന്‍ ലിസ്റ്റ് കണ്ടു. സെലക്ഷന്‍ കമ്മിറ്റി 9 ജുഡീഷ്യല്‍ അംഗങ്ങളെയും 10 ടെക്‌നിക്കല്‍ അംഗങ്ങളെയും ശുപാര്‍ശ ചെയ്തു. സെലക്ഷന്‍ ലിസ്റ്റില്‍നിന്ന് ഇഷ്ടക്കാരായ മൂന്നുപേരെ തിരഞ്ഞെടുത്തു. ബാക്കിയുള്ളവരെ വെയിറ്റിംഗ് ലിസ്റ്റില്‍നിന്നും തിരഞ്ഞെടുത്തു. സെലക്ഷന്‍ ലിസ്റ്റ് മറികടന്നാണ് ഇത്തരമൊരു നിയമനം നടത്തിയത്. ഇത് എന്ത് തരം നിയമനമാണ് -ചീഫ് ജസ്റ്റിസ് രമണ അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.

ഐടിഎടി നിയമനത്തിലും ഇതേ പ്രശ്‌നമുണ്ട്. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതിലും തീരുമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ കോടതിക്ക് തികഞ്ഞ അതൃപ്തിയുണ്ട്. താനും എന്‍സിഎല്‍ടി സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായിരുന്നു. 534 ജുഡീഷ്യല്‍ അംഗങ്ങളെയും നാനൂറിലധികം ടെക്‌നിക്കല്‍ അംഗങ്ങളെയുമാണ് ഇന്റര്‍വ്യൂ ചെയ്തത്. അതില്‍നിന്നാണ് 10 ജുഡീഷ്യല്‍ അംഗങ്ങളുടെയും 11 ടെക്‌നിക്കല്‍ അംഗങ്ങളുടെയും പട്ടിക നല്‍കിയത്. ആ പട്ടികയില്‍നിന്ന് 1,3,5,7 എന്നിങ്ങനെ ആളുകളെ തിരഞ്ഞെടുത്തശേഷം അവര്‍ വെയിറ്റിംഗ് ലിസ്റ്റിലേക്ക് പോയി. ഇത്രയധികം പേരില്‍നിന്ന് ചുരുക്കപ്പട്ടിക കണ്ടെത്താന്‍, കോവിഡ് സാഹചര്യം കണക്കാക്കാതെ സുപ്രീംകോടി ജഡ്ജിമാര്‍ നടത്തിയ മുഴുവന്‍ പരിശ്രമങ്ങളും പാഴായിപ്പോയി. എത്രയും വേഗം ഇന്റര്‍വ്യൂ നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. അതനുസരിച്ച് രാജ്യമെങ്ങും യാത്ര ചെയ്തു. വളരെ സമയം അതിനായി ചെലവഴിച്ചു. അതെല്ലാം പാഴായിരിക്കുന്നു -ചീഫ് ജസ്റ്റിസ് പറഞ്ഞു.

പുതിയ നിയമന ഉത്തരവ് പ്രകാരം, ജുഡീഷ്യല്‍ അംഗങ്ങള്‍ക്ക് ഒരു വര്‍ഷം മാത്രമാണാ കാലാവധി ലഭിക്കുക. ഏത് ജഡ്ജിയാണ് ഒരു വര്‍ഷത്തേക്ക് ഈ ജോലി ചെയ്യാന്‍ പോകുന്നതെന്നും ചീഫ് ജസ്റ്റിസ്  ചോദിച്ചും. അതേസമയം, കമ്മിറ്റി ശുപാര്‍ശ ചെയ്ത പേരുകള്‍ പരിഗണിക്കാതിരിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ മറുപടി. എന്നാല്‍, ഇത് കോടതി അംഗീകരിച്ചില്ല. നിയമവാഴ്ച പിന്തുടരുന്ന ജനാധിപത്യ രാജ്യമാണിത്. കേന്ദ്രത്തിന്റെ ആ വാദം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

സര്‍ക്കാരാണ് അവസാന വാക്കെങ്കില്‍, സെലക്ഷന്‍ പ്രക്രിയക്ക് എന്ത് പവിത്രതയാണുള്ളതെന്നായിരുന്നു ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ ചോദ്യം. സെലക്ഷന്‍ കമ്മിറ്റി ദീര്‍ഘമേറിയ പ്രക്രിയയിലൂടെയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ടിഡിഎസ്എടി നിയമനങ്ങളിലും സമാന സ്ഥിതി തന്നെയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍സിഡിആര്‍സിയിലും ശുപാര്‍ശകള്‍ നല്‍കി. എന്നാല്‍ പട്ടിക വെട്ടിച്ചുരുക്കിയാണ് കേന്ദ്രം നിയമനങ്ങള്‍ നടത്തിയതെന്ന് എന്‍സിഡിആര്‍സി സെലക്ഷന്‍ കമ്മിറ്റി തലവന്‍ കൂടിയായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 

കോടതിയില്‍നിന്ന് കനത്ത തിരിച്ചടിയേറ്റതോടെ, നിയമനങ്ങളില്‍ പുനപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അത് കൂടി കോടതിയുടെ ഉത്തരവില്‍ ഉള്‍പ്പെടുത്തണമെന്നും എജി കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി ഉത്തരവുകള്‍ കൂടാതെ എന്തെങ്കിലും ചെയ്യുമെങ്കില്‍ അതാണ് ഏറെ സന്തോഷം തരുന്നത്. ശരിയായ നിയമനം നടത്തുക മാത്രമാണ് പരിഹാരമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.രണ്ടാഴ്ചക്കുള്ളില്‍ നിയമനങ്ങള്‍ നടത്താമെന്നും അല്ലാത്തപക്ഷം വ്യക്തമായ കാരണങ്ങള്‍ അറിയിക്കാമെന്നും എജി അറിയിച്ചു. രണ്ടാഴ്ച സമയം തരുന്നു, നിയമനത്തിനായുള്ള സമഗ്ര പദ്ധതിയുമായി വരൂ എന്നായിരുന്നു കോടതിയുടെ മറുപടി.   

ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതിലും ട്രിബ്യൂണല്‍സ് റിഫോം ആക്ട് പാസാക്കിയതിലും കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞതവണ വാദം കേട്ടപ്പോഴും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കോടതി വിധികളെ കേന്ദ്രം ബഹുമാനിക്കുന്നില്ല. നിങ്ങള്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണ്. ട്രിബ്യൂണലുകളില്‍ എത്രപേരെ നിങ്ങള്‍ നിയമിച്ചു? കുറച്ചുപേരെ നിയമിച്ചെന്ന് നിങ്ങള്‍ പറയുന്നു? എവിടെയാണ് നിയമനങ്ങള്‍ നടത്തിയതെന്നും കോടതി ചോദിച്ചിരുന്നു. മദ്രാസ് ബാര്‍ അസോസിയേഷന്‍ കേസില്‍ സുപ്രീംകോടതി റദ്ദാക്കിയ അതേ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം തയ്യാറാക്കിയത്. സുപ്രീംകോടതി വിധിക്ക് കടകവിരുദ്ധമായ നിയമം പാസാക്കാന്‍ പാടില്ല. അംഗങ്ങളെ നിയമിക്കാതെ നിങ്ങള്‍ ട്രിബ്യൂണലുകളെ നശിപ്പിക്കുകയാണ്. പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.