അരുണാചല്‍ പ്രദേശില്‍ കറുത്തിരുണ്ട് നദി ഒഴുകി; ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തൊടുങ്ങി, പിന്നില്‍ ചൈനയോ? 

 
fish

അരുണാചല്‍ പ്രദേശില്‍ കമെങ് നദി കറുത്ത നിറത്തില്‍ ഒഴുകിയതിന് പിന്നാലെ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നദിയില്‍ ചത്തുപൊങ്ങിയ മത്സ്യങ്ങള്‍ ഭക്ഷിക്കരുതെന്ന്  ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു. 

സംസ്ഥാനത്തിന്റെ കിഴക്ക് കമെങ് ജില്ലയിലെ നദിയാണ് കറുത്ത നിറത്തില്‍ ഒഴുകിയത് ടോട്ടല്‍ ഡിസോള്‍വ്ഡ് സബ്‌സ്റ്റന്‍സ് (ടിഡിഎസ്) ഉയര്‍ന്ന
അളവാണെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമെങ് നദിയിലെ ടിഡിഎസ് ലിറ്ററിന് 6,800 മില്ലിഗ്രാം ആണ്, ഇത് സാധാരണ ലിറ്ററിന് 300-1,200 മില്ലിഗ്രാം എന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് ജില്ലാ ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസര്‍ (ഡിഎഫ്ഡിഒ) ഹാലി താജോ പറഞ്ഞു.

അതേസമയം, അതിര്‍ത്തി കടന്ന് ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ടിഡിഎസ് നില അപകടകരമാം വിധം ഉയര്‍ന്നതാണെന്ന്  സെപ്പ ഗ്രാമവാസികള്‍ ആരോപിച്ചു. കമെങ് നദിയിലെ വെള്ളത്തിന്റെ പെട്ടെന്നുള്ള നിറവ്യത്യാസത്തിനും വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തതിനും പിന്നിലെ കാരണം കണ്ടെത്താന്‍ വിദഗ്ധ സമിതിയെ ഉടന്‍ രൂപീകരിക്കണമെന്ന് സെപ്പ ഈസ്റ്റ് എംഎല്‍എ തപുക് തകു സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇത് കുറച്ച് ദിവസത്തിലധികം തുടര്‍ന്നാല്‍ നദിയിലെ ജലജീവികള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നും എംഎല്‍എ പറഞ്ഞു.

ഈ ആഴ്ച ആദ്യം, അരുണാചല്‍ പ്രദേശിലെ തര്‍ക്കമുള്ള അതിര്‍ത്തിയിലെ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) പട്രോളിംഗ് ശക്തമാക്കിയതോടെ ഇന്ത്യയും നിരീക്ഷണം ശക്തമാക്കിയിരുന്നു. കിഴക്കന്‍ മേഖലയിലെ ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്ര പ്രാധാന്യമുള്ള മേഖലകളായ ലുങ്ഗ്രോ ലാ, സിമിതാങ്, ബം ലാ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം പിഎല്‍എയുടെ വര്‍ദ്ധിച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു.  

2017ല്‍ പാസിഘട്ടില്‍ സിയാങ് നദി സമാനമായി കറുത്തിരുണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആ സമയത്ത്, അരുണാചല്‍ ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി നിനോംഗ് എറിംഗ്, ചൈനയില്‍ 10,000 കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മ്മിച്ചതിന്റെ ഫലമാണെന്നും സിയാംഗില്‍ നിന്ന് വെള്ളം തിരിച്ചുവിട്ടതിന്റെ ഫലമാണിതെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാല്‍ ആരോപണം ചൈന നിഷേധിച്ചിരുന്നു.