2022 നിയമസഭാ തെരഞ്ഞെടുപ്പ്: നാല് സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കും; പഞ്ചാബില്‍ തൂക്കുസഭ: സര്‍വേ

 
bjp
പുറത്തുവന്നത് ലഖിംപുര്‍ ഖേരി അക്രമത്തിനുമുമ്പുള്ള സര്‍വേഫലം

 
മാസങ്ങള്‍ക്കപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് സര്‍വേ. യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തും. അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ തൂക്കുസഭയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ പറയുന്നു. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യ എതിരാളിയായോ മൂന്നാം കക്ഷിയായോ ഉയര്‍ന്നുവരാം. അതേസമയം, കോണ്‍ഗ്രസിന് എല്ലാ സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ടേക്കാമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞമാസം നടത്തിയ ആദ്യ ഘട്ടം സര്‍വേയുടെ ഫലമാണ് എബിപി-സി വോട്ടര്‍ പുറത്തുവിട്ടിരിക്കുന്നത്. ലഖിംപുര്‍ ഖേരിയിലെ അക്രമം ഉള്‍പ്പെടെ നടക്കുന്നതിനു മുമ്പാണ് സര്‍വേ നടത്തിയത്. അതിനാല്‍, യുപിയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വന്നേക്കാം. 

യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും. 41.3 ശതമാനം വോട്ട് ബിജെപി നേടും. അഖിലേഷ് യാദവിന്റെ എസ്പിക്ക് 32 ശതമാനം വോട്ടും മായാവതിയുടെ ബിഎസ്പിക്ക് 15 ശതമാനം വോട്ടുമായിരിക്കും നേടാനാവുക. അതേസമയം, ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ടുകളുമായി കോണ്‍ഗ്രസ് ഏറ്റവും പിന്നില്‍പോകും. മറ്റുള്ള പാര്‍ട്ടികള്‍ക്കും ആറ് ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. ബിജെപി 241-249 സീറ്റുകള്‍ നേടിയേക്കും. എസ്പി 130-138, ബിഎസ്പി 15-19, കോണ്‍ഗ്രസ് 3-7 എന്നിങ്ങനെയാണ് സീറ്റ് നില പ്രവചിക്കുന്നത്. 2017ല്‍ 41.4 ശതമാനം വോട്ടുനേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍, ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കെതിരെയുണ്ടായ അക്രമവും അതിനെത്തുടര്‍ന്നുള്ള കേസുകളും ബിജെപിക്കും യോഗി സര്‍ക്കാരിനും തിരിച്ചടിയായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.  

ഉത്തരാഖണ്ഡിലും ബിജെപി അധികാരം നിലനിര്‍ത്തും. ബിജെപിക്ക് 45 ശതമാനം വോട്ടുകള്‍ ലഭിക്കും. കോണ്‍ഗ്രസ് 34 ശതമാനം, ആം ആദ്മി 15 ശതമാനം, മറ്റുള്ളവര്‍ ആറ് ശതമാനം വോട്ടുകളും നേടും. ബിജെപി 42-46 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 21-25, ആം ആദ്മി 4, മറ്റുവര്‍ 2 സീറ്റുകളും നേടിയേക്കുമെന്നാണ് പ്രവചനം. 

ഗോവയിലും ബിജെപി ഭരണം നിലനിര്‍ത്തും. 40 അംഗ സഭയില്‍ ബിജെപിക്ക് 24-28 സീറ്റുകള്‍ ലഭിക്കും. ആം ആദ്മി 3-7, കോണ്‍ഗ്രസ് 1-5, മറ്റുള്ളവര്‍ 4-8 എന്നിങ്ങനെ സീറ്റുകളാണ് പ്രവചിക്കുന്നത്. 38 ശതമാനം വോട്ടുകള്‍ ബിജെപി സ്വന്തമാക്കും. ആം ആദ്മി 21 ശതമാനം, കോണ്‍ഗ്രസ് 18 ശതമാനം വോട്ടുകളും ലഭിക്കും. കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. അവസരം ബിജെപി അവസരം മുതലെടുക്കുകയും ചെയ്തു.

മണിപ്പൂരിലും ബിജെപി നേട്ടമുണ്ടാക്കും. ബിജെപി 38 ശതമാനം വോട്ടുകള്‍ നേടും. കോണ്‍ഗ്രസ് 34 ശതമാനവും പ്രാദേശിക പാര്‍ട്ടിയായ നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) ഒമ്പത് ശതമാനം വോട്ടുകളും നേടും. മറ്റുള്ളവരുടെ വോട്ട് ശതമാനം 21 ശതമാനമായിരിക്കും. ബിജെപി 21 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 18-22 സീറ്റുകള്‍ ലഭിക്കും. പ്രാദേശിക പാര്‍ട്ടിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടിന് (എന്‍പിഎഫ്) 4-8 സീറ്റുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് 1-5 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത് 31 സീറ്റുകളാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപി ചെറു കക്ഷികളെയും കൂടെ നിര്‍ത്തി ഭരണം നിലനിര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. 

അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്ന സൂചനകളാണ് സര്‍വേ പങ്കുവെക്കുന്നത്. അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയരുമെന്നാണ് സര്‍വേ പറയുന്നത്. 36 ശതമാനം വോട്ടുകള്‍ ആം ആദ്മി നേടുമ്പോള്‍ കോണ്‍ഗ്രസ് നേട്ടം 32 ശതമാനമായിരിക്കും. ശിരോമണി അകാലിദള്‍ 22 ശതമാനം വോട്ടുകളും ബിജെപി നാല് ശതമാനവും മറ്റുള്ളവര്‍ ആറ് ശതമാനം വോട്ടുകളും നേടും. 117 അംഗ സഭയില്‍ ആം ആദ്മി 49-55 സീറ്റുകള്‍ വരെ നേടിയേക്കും. കോണ്‍ഗ്രസ് 30-47, അകാലി ദള്‍ 17-25, ബിജെപി 1, മറ്റുള്ളവര്‍ 1 എന്നിങ്ങനെ സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം.