ലഖിംപുര്‍ ഖേരി അക്രമത്തെ ഹിന്ദു - സിഖ് സംഘര്‍ഷമാക്കി മാറ്റാനുള്ള ശ്രമം'; വീണ്ടും പ്രതികരിച്ച് വരുണ്‍ ഗാന്ധി

 
varun

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെ അമ്രങ്ങളില്‍ വീണ്ടും പ്രതികരിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകതാണ് ബിജെപി എംപി വരുണ്‍ഗാന്ധി. ലഖിംപുര്‍ ഖേരിയിലെ അക്രമങ്ങളെ ഹിന്ദു സിഖ് സംഘര്‍ഷമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നതായാണ് വരുണ്‍ ഗാന്ധി ആരോപിച്ചത്. 
ഇത് അധാര്‍മികവും തെറ്റായതുമായ സമീപനം മാത്രമല്ല,  ഇത് ഏറെ അപകടം സൃഷ്ടിക്കുന്നതാണ്. ഒരു തലമുറ സുഖപ്പെടുത്തിയ മുറിവ് വീണ്ടും തുറക്കുന്നതുമാണ്. നിസ്സാര രാഷ്ട്രീയ നേട്ടങ്ങള്‍ ദേശീയ ഐക്യത്തിന് മുകളിലാവരുത്' വരുണ്‍ ഗാന്ധി പറഞ്ഞു.

കര്‍ഷകര്‍ ആക്രമിക്കപ്പെട്ട സംഭത്തില്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിലിഭിത്ത് എംപിയായ വരുണ്‍ ഗാന്ധി നേരത്തെ തന്നെ ശബ്ദമുയര്‍ത്തിയിരുന്നു. കേന്ദ്ര മന്ത്രി അജയ് മിശ്രയേയും സംഭവത്തില്‍ കുറ്റാരോപിതനായ മകന്‍ ആശിഷിനേയും ഇത് പ്രതിരോധത്തിലാക്കിയിരുന്നു. 

 'വീഡിയോ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശ്ശബ്ദരാക്കാനാകില്ല. നിരപരാധികളായ കര്‍ഷകരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. കര്‍ഷകന്റെ മനസ്സില്‍ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും സന്ദേശമെത്തും മുമ്പ് നീതി ലഭ്യമാക്കണം എന്നായിരുന്നു ട്വിറ്ററിലൂടെ വരുണ്‍ ഗാന്ധി പ്രതികരിച്ചത്. ലഖിംപുര്‍ ഖേരിയില്‍കര്‍ഷക പ്രതിഷേധത്തിനിടെ അക്രമ സംഭവങ്ങളില്‍ കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ട് പേരാണ്  കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ്. 

അക്രമത്തിന്റെ 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തു വന്നിരുന്നു. ദൃശ്യങ്ങളില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ
എസ്‌യുവി എത്തുന്നതുള്‍പ്പെടെ വ്യക്തമായിരുന്നു.  ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ സ്വീകരിക്കാന്‍ എത്തിയ അജയ് കുമാര്‍ മിശ്രയുടെ വാഹനവ്യൂഹമായിരുന്നു അതെന്നാണ് കര്‍ഷകര്‍ ആരോപിച്ചത്. സംഭവത്തില്‍ നാല് കര്‍ഷകര്‍ മരിച്ചപ്പോള്‍,  നാല് ബിജെപി അംഗങ്ങളും കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ ഇടിച്ചുവീഴ്ത്തിയ കാറുകളിലൊന്നില്‍  ആശിഷ് മിശ്രയുണ്ടായിരുന്നുവെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചിരുന്നു. 

ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതിന് ശേഷം പ്രഖ്യാപിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍  വരുണ്‍ ഗാന്ധിയുടെയും അമ്മ മനേക ഗാന്ധിയുടെയും പേരുകള്‍ ഇല്ലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് പുതിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കായി ശബ്ദിച്ച  വരുണ്‍ ഗാന്ധി ചില ബിജെപി നേതാക്കള്‍ പ്രതിഷേധക്കാരെ ഖാലിസ്ഥാനികളുമായി ബന്ധിപ്പിക്കുന്നതിനെയും എതിര്‍ത്തിരുന്നു.