മുഖ്യമന്ത്രിയായി മമത ബാനര്‍ജി തുടരുമോ? ഭവാനിപുര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

 
mamta

മണ്ഡലത്തില്‍ നിന്ന് 2011ലും 16ലും മമത ജയിച്ചിരുന്നു

പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ മമത ബാനര്‍ജിക്ക് ഭവാനിപുരില്‍ വിജയം അനിവാര്യമാണ്. ബിജെപിയുടെ പ്രിയങ്ക തിബ്രെവാള്‍ ആണ് മമതയുടെ പ്രധാന എതിരാളി. വോട്ടെണ്ണല്‍ രാവിലെ എട്ടിനു തുടങ്ങി. പത്തു മണിയോടെ ഫലസൂചനകള്‍ വന്നുതുടങ്ങും. 

മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, സിറ്റിംഗ് മണ്ഡലമായ ഭവാനിപുര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്ക് പരാജയം നേരിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ മമതയുടെ വിശ്വസ്തന്‍ സുവേന്ദു അധികാരിക്കായിരുന്നു ജയം. എങ്കിലും മമത മുഖ്യമന്ത്രിയായി അധികാരമേറ്റു. തൃണമൂല്‍ സര്‍ക്കാരില്‍ കൃഷിമന്ത്രിയായ ശോഭന്‍ദേബ് ചതോപാധ്യയെ രാജിവെപ്പിച്ചശേഷമാണ് മമത ഭവാനിപുരില്‍ മത്സരിച്ചത്. 

ഒക്ടോബര്‍ 30നായിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മമത ജയിച്ചുകയറുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ തൃണമൂലും മമതയും മത്സരത്തെ നിസാരമായി കാണുന്നില്ല. മണ്ഡലത്തില്‍നിന്ന് ശോഭന്‍ദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്ക് 50,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. 

കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് 2011ലും 16ലും മമത ജയിച്ചിരുന്നു. 2011ല്‍ സിപിഎമ്മിന്റെ ദീര്‍ഘകാല ഭരണത്തെ കടപുഴക്കിയ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മമത ഭവാനിപുരില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ ലഭിച്ച വോട്ട് ശതമാനം 77.46 ആണ്. 2016 തെരഞ്ഞെടുപ്പില്‍ 47.67 ശതമാനം വോട്ടോടെ മമത മണ്ഡലം നിലനിര്‍ത്തി. ഇത്തവണ ശോഭന്‍ദേബ് 57.1 ശതമാനം വോട്ടാണ് നേടിയത്. ബിജെപിയുടെ രുദ്രാനി ഘോഷ് നേടിയത് 35.16 ശതമാനം വോട്ടാണ്.

സാനാര്‍ഥികള്‍ മരിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപുര്‍, സംസര്‍ഗഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഫലവും ഇന്ന് പുറത്തുവരും. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടര്‍മാരാണുള്ളത്. വോട്ടെണ്ണലിനുശേഷം അക്രമം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക തിബ്രെവാള്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന്  കത്ത് നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ത്രിതല സുരക്ഷാ സംവിധാനം ആണ് മണ്ഡലത്തിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്.