ദളിത് നേതാക്കള്‍ പാര്‍ട്ടി വിടുന്നു; ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നത്? 

 
yogi

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകുന്നത് തുടര്‍ക്കഥയാകുന്നു. 
രാജ്യം ഉറ്റ് നോക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ യുപിയിലെ സംഭവ വികാസങ്ങള്‍ ബിജെപിക്ക് ദേശീയ തലത്തില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ദളിത് രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന ബിഎസ്പിയില്‍ നിന്ന് ബിജെപിയിലെത്തിയരാണ് ദളിത് പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നത്. 

മുതിര്‍ന്ന മന്ത്രിയും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയും നാല് എംഎല്‍എമാരും യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ പ്രധാന ദളിത് നേതാവും മന്ത്രിയുമായ ദാരാ സിംഗ് ചൗഹാനും പാര്‍ട്ടിവിട്ടു. സ്വാമി പ്രസാദ് മൗര്യയുടെ പാത പിന്തുടര്‍ന്ന് ദാരാ സിംഗും സമാജ്‌വാദി പാര്‍ട്ടിയില്‍ എത്തിയേക്കുമെന്നാണ് റിപോര്‍ട്ട്. 

ദളിത്, കര്‍ഷകര്‍, യുവാക്കള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ആരോണം ഉന്നയിച്ചാണ് 
മുതിര്‍ന്ന ഒബിസി നേതാവ് കൂടിയായ ദാരാ സിംഗ് ചൗഹാന്‍ യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്.  ദളിതര്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് മന്ത്രിസ്ഥാനം രാജിവെക്കുന്നതെന്നാണ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് അയച്ച രാജിക്കത്തില്‍ ചൗഹാന്റെ വിശദീകരണം. മന്ത്രിസ്ഥാനവും പാര്‍ട്ടിയും വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം ചൗഹാനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. യോഗി സര്‍ക്കാരില്‍ അദ്ദേഹത്തിന് ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡല്‍ഹിയിലേക്ക് കേന്ദ്രമന്ത്രി അമിത് ഷായെ കാണാനും നേതാക്കള്‍ അവസരമൊരുക്കിയെങ്കിലും അദ്ദേഹം അത് നിരസിച്ചു. മൗ ജില്ലയിലെ മധുബന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ചൗഹാന്‍, ബല്ലിയ, മൗ, ഗാസിപൂര്‍, അസംഗഡ് എന്നിവയുള്‍പ്പെടെ ചില കിഴക്കന്‍ യുപി ജില്ലകളിലെ ദളിത് സമൂഹത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ്. 

Also Read : മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമാണ്: അവള്‍ക്കൊപ്പം മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ?

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദളിത് വോട്ടുകള്‍ അക്കൗണ്ടിലാക്കിയ ബിജെപിക്ക് ചൗഹാന്റെ
തീരുമാനം വലിയ തിരിച്ചടി നേരിട്ടേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചൗഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചതോടെ ഇദ്ദേഹം എസ്പിയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളും ശക്തമായി.  അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചൗഹാന്‍ എസ്പിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റ് ചില എസ്പി നേതാക്കളും പറഞ്ഞു.

സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള 'ഗുജ്ജര്‍' സമുദായ നേതാവും ബിജെപി എംഎല്‍എയുമായ അവതാര്‍ സിംഗ് ഭദാനയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് രാഷ്ട്രീയ ലോക്ദളില്‍ (ആര്‍എല്‍ഡി) ചേര്‍ന്നിരുന്നു. ആര്‍എല്‍ഡി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഡല്‍ഹിയില്‍ ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിയുമായി ഭദാന കൂടിക്കാഴ്ച നടത്തിയിരുന്നു, തുടര്‍ന്ന് ബിജെപി വിടാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചു.
 
ഇപ്പോള്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്ത രീതിയില്‍ കേന്ദ്രത്തെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ ഭദാന വിമര്‍ശിച്ചിരുന്നു. അതിനിടെ, എസ്പി നിയമസഭാംഗം ഹരിഓം യാദവ്, കോണ്‍ഗ്രസ് എംഎല്‍എ നരേഷ് സൈനി എന്നീ രണ്ട് എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. 

തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരം നടക്കുന്ന ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 മുതല്‍ യുപി പോളിംഗ് ബൂത്തിലെത്തും. ഒന്നാം ഘട്ടം  ഫെബ്രുവരി 10, രണ്ടാം ഘട്ടം  ഫെബ്രുവരി 14, മൂന്നാം ഘട്ടം  ഫെബ്രുവരി 20,
നാലാം ഘട്ടം  ഫെബ്രുവരി 23, അഞ്ചാം ഘട്ടം  ഫെബ്രുവരി 27, ആറാം ഘട്ടം  മാര്‍ച്ച് 3, ഏഴാം ഘട്ടം  മാര്‍ച്ച് 7 ഇങ്ങനെയാണ് തെരഞ്ഞെടുപ്പ്
നടക്കുക. സംസ്ഥാന ഭരണം കൈയിലുള്ള ബിജെപിയും, ബിജെപിയെ തകര്‍ത്ത് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും പല വിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. 

Also Read : 'ശരത് അങ്കിള്‍' ആല്ലെങ്കില്‍ ആരാണാ വിഐപി! ബാലചന്ദ്രകുമാര്‍ രഹസ്യമൊഴി നല്‍കിയ സാഹചര്യത്തില്‍ അഭ്യൂഹങ്ങള്‍ അവസാനിക്കുമോ?

2017 ലെ തെരഞ്ഞെടുപ്പില്‍ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചു. ഏഴ് പ്രദേശങ്ങളിലായാണ് ഉത്തര്‍ പ്രദേശിലെ 403 മണ്ഡലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഒബിസി വിഭാഗമാണ് സംസ്ഥാനത്ത് കൂടുതല്‍ ഉള്ളത്. മുസ്ലിം ന്യൂനപക്ഷമാണ് ഏറ്റവും കുറവ്. ഒബിസി- 40%, ദളിത് (എസ് സി)  20.8%, ഗോത്രവിഭാഗം- (എസ് ടി)- 0.8%, മുന്നാക്ക വിഭാഗം- 23%, മുസ്ലിം  19%, മറ്റുള്ളവ  0.9% ഇങ്ങനെയാണ് ശതമാന കണക്ക്.