കാര്‍ഷിക നിയമങ്ങളെ വിമര്‍ശിച്ചു; ലഖിംപുരില്‍ ഇടപെട്ടു; വരുണ്‍ ഗാന്ധിയും  ബിരേന്ദര്‍ സിംഗും പുറത്തായതിന് പിന്നില്‍ ?

 
d

ബിജെപി കഴിഞ്ഞ ദിവസം 80 അംഗ ദേശീയ നിര്‍വാഹക സമിതിയെ പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടി എംപി എംപി വരുണ്‍ ഗാന്ധി, മുന്‍ കേന്ദ്ര മന്ത്രി ചൗധരി ബീരേന്ദര്‍ സിംഗ് എന്നിവര്‍ പുറത്തായത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബിജെപിയിലെ പ്രമുഖ നേതാക്കള്‍ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്തായതിന് പിന്നില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും ലഖിംപുര്‍ ഖേരിയിലെ സംഭവങ്ങളെയും വിമര്‍ശിച്ചതാണെന്നാണ് റിപോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ  ദേശീയ എക്‌സിക്യൂട്ടീവില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും അംഗങ്ങളാണ്. 

കര്‍ഷക പ്രതിഷേധത്തില്‍ ബീരേന്ദര്‍ സിംഗ് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചപ്പോള്‍, ലഖിംപുര്‍ ഖേരി സംഭവത്തില്‍ നാല് കര്‍ഷകരുടെ മരണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരുണ്‍ ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ഇനിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയുടെ അമ്മയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയെ ഉള്‍പ്പെടെ പുറത്ത് നിര്‍ത്തി  
ബിജെപി ദേശീയ നിര്‍വാഹക സമിതിയെ പ്രഖ്യാപിച്ചത്. 

പാര്‍ട്ടിയുടെ അജണ്ട രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ട ദേശീയ എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ കോവിഡിനെ തുടര്‍ന്ന്
മുടങ്ങിയിരുന്നു. അവസാനമായി നടന്നത് 2019 ജനുവരിയിലാണ്. നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതില്‍ ദേശീയ എക്‌സിക്യൂട്ടിവ് നിര്‍ണായകമാണ്. 

ലഖിംപുര്‍ ഖേരി സംഭവത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കി കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നതാണ് വരുണ്‍ ഗാന്ധിയെ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായതെന്നാണ് സൂചന. കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റും വീഡിയോയും മുഖേനയാണ് വരുണ്‍ വ്യാഴാഴ്ച പ്രതികരിച്ചത്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശ്ശബ്ദരാക്കാനാകില്ല. നിരപരാധികളായ കര്‍ഷകരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. കര്‍ഷകന്റെ മനസ്സില്‍ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും സന്ദേശമെത്തും മുമ്പ് നീതി ലഭ്യമാക്കണം എന്നായിരുന്നു ട്വിറ്ററിലൂടെ വരുണ്‍ ഗാന്ധി പ്രതികരിച്ചത്. ലഖിംപുര്‍ ഖേരിയില്‍കര്‍ഷക പ്രതിഷേധത്തിനിടെ അക്രമ സംഭവങ്ങളില്‍ കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ട് പേരാണ്  കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ്. 

ട്വിറ്ററില്‍ വരുണ്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അതിവേഗത്തില്‍ വന്ന ജീപ്പ് ആളുകളെ ഇടിച്ച് തെറിപ്പിക്കുന്നത് കാണാം. പിന്തുടര്‍ന്ന് രണ്ട് വാഹനങ്ങളുമുണ്ട്. ജീപ്പിനടിയില്‍പ്പെട്ട് വീണുപോയ ആളുകളെയും പരിഭ്രാന്തരായി ഓടുന്നവരേയും കാണാം. രണ്ടുദിവസം മുമ്പും ലഖിംപുര്‍ സംഭവവുമായി ബന്ധപ്പെട്ട് വരുണ്‍ഗാന്ധി ശക്തമായി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് പുതിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കായി ദുരിതാശ്വാസ നടപടികള്‍ തേടിയിരുന്ന വരുണ്‍ ഗാന്ധി, ചില ബിജെപി നേതാക്കള്‍ പ്രതിഷേധക്കാരെ ഖാലിസ്ഥാനികളുമായി ബന്ധിപ്പിക്കുന്നതിനെയും എതിര്‍ത്തിരുന്നു.

ഇതിനിടെ ലഖിംപുര്‍ സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയതില്‍ വരുണ്‍ ഗാന്ധി പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു സമിതിയോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല. താന്‍ അതില്‍ ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നാണ് വരുണ്‍ ഗാന്ധി പ്രതികരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. 

പുതിയ ദേശീയ എക്‌സിക്യൂട്ടീവിന്റെ ആദ്യ യോഗം നവംബര്‍ 7 ന് ന്യൂഡല്‍ഹിയില്‍ നടക്കും, ഈ സമയത്ത് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 18 -ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ പാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളുടെയും മറ്റ്‌സംഘടനകളുടെയും തലവന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കും.
പാര്‍ട്ടി ഭരണഘടന അനുസരിച്ച്, ദേശീയ എക്‌സിക്യൂട്ടീവും സംസ്ഥാന എക്‌സിക്യൂട്ടീവുകളും മൂന്ന് മാസത്തിലൊരിക്കല്‍ കൂടണമെന്നാണ്  എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യോഗങ്ങള്‍ മുടങ്ങുകയായിരുന്നു. 

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുന്ന സമയത്ത്, പുതിയ ടീമില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ്, മുന്‍ എംപി വിനയ് കത്യാര്‍, അന്തരിച്ച മുതിര്‍ന്ന നേതാവ് കല്യാണ്‍ സിങ്ങിന്റെ മകന്‍ പാര്‍ട്ടി എംപി രാജ്വീര്‍ സിംഗ് എന്നിവരില്ല. ലോധി നേതാവായ കേന്ദ്ര മന്ത്രി ബി എല്‍ വര്‍മയെ പ്രത്യേക ക്ഷണിതാവായി നിയമിച്ചു. ദേശീയ എക്‌സിക്യൂട്ടീവിലെ 80 അംഗങ്ങളില്‍ 12 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് നിന്ന് ആറ് പ്രത്യേക ക്ഷണിതാക്കളുണ്ട്.

രാജ്യസഭാ എംപി സുബ്രഹ്‌മണ്യന്‍ സ്വാമിയെയും പുതിയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, പുതുതായി നിയമിതരായ കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ജ്യോതിരാദിത്യ സിന്ധ്യയും സമിതിയില്‍ ഇടം കണ്ടെത്തി. മുന്‍ കേന്ദ്ര മന്ത്രിമാരായ സുരേഷ് പ്രഭു, വിജയ് ഗോയല്‍, എസ് എസ് അലുവാലിയ, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി കെ മല്‍ഹോത്ര എന്നിവരും ഒഴിവാക്കപ്പെട്ട പ്രമുഖ മുഖങ്ങളില്‍ ഉള്‍പ്പെടുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലും പട്ടികയിലില്ല.