കേരളത്തിലെ പ്രസംഗം; രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയെ അപമാനിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍

 
കേരളത്തിലെ പ്രസംഗം; രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയെ അപമാനിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ഗാന്ധി എംപി വടക്കേ ഇന്ത്യയെ അപമാനിച്ചെന്ന് ബിജെപി നേതാക്കള്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ സമാപനചടങ്ങില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് ബിജെപി ആയുധമാക്കുന്നത്.വിഭജിച്ചു ഭരിക്കുക എന്ന നയമാണ് രാഹുല്‍ നടത്തിയതെന്ന് മുതിര്‍ന്ന നേതാക്കളായ ജെ പി നഡ്ഡയും എസ് ജയശങ്കറുമുള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചു.

കേരളത്തെ പുകഴ്ത്തിയുള്ള പ്രസംഗം രാഹുലിന്റെ മുന്‍ മണ്ഡലമായ അമേത്തിയടക്കമുള്ള ഇടങ്ങളെ അപമാനിക്കുന്നതാണെന്നാണ് ബിജെപി വാദം. 'ആദ്യ 15 വര്‍ഷം വടക്കേ ഇന്ത്യയില്‍ ഞാന്‍ എംപിയായിരുന്നു. പല തരത്തിലുള്ള രാഷ്ട്രീയം കണ്ടു, അനുഭവിച്ചു. എന്നാല്‍ കേരളത്തിലെ ജനത തികച്ചും വ്യത്യസ്തരാണ്. വിഷയാധിഷ്ടിതമായ നിലപാടുകള്‍, കാര്യങ്ങളെ കൂടൂതല്‍ അഗാധമായി മനസ്സിലാക്കാനുള്ള ആഗ്രഹം ഇതെല്ലാം തീര്‍ത്തും ഉന്‍മേഷം തരുന്നവയാണ് . കുട്ടികളോട് പറഞ്ഞതും ഇതു തന്നെയാണ് , കേരളവും വയനാടും ഞാന്‍ ആസ്വദിക്കുകയാണ്, നിങ്ങളുടെത് ബുദ്ധിയും ചിന്താശക്തിയും നിറഞ്ഞ രാഷ്ട്രീയമാണ്' രാഹുലിന്റെ ഈ വാക്കുകളാണ് വിമര്‍ശനത്തിനിടയാക്കിയത്.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും 3 തവണ എംപിയായ രാഹുല്‍ഗാന്ധി അവിടുത്തെ ജനതയോട് ബഹുമാനക്കുറവ് കാണിച്ചു എന്നതാണ് ബിജെപി ഉയര്‍ത്തുന്ന വിമര്‍ശനം. ട്വിറ്ററില്‍ രാഹുലിനെതിരെ കാമ്പയിനും ബിജെപി ആരംഭിച്ചിട്ടുണ്ട്. സ്മൃതി ഇറാനി, വിദേജ കാര്യ മന്ത്രി ജയശങ്കര്‍ തുടങ്ങിയവരും രാഹുലിനെതിരെ രംഗത്തെത്തി.