ഭരണവിരുദ്ധ വികാരമുണ്ടെങ്കില്‍ മറികടക്കണം; യുപിയില്‍ നൂറോളം എംഎല്‍എമാരെ വീണ്ടും മത്സരിപ്പിച്ചേക്കില്ല: റിപ്പോര്‍ട്ട്

 
yogi

ഉത്തര്‍പ്രദേശില്‍ അടുത്ത മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകളുമായി ഭരണകക്ഷിയായ ബിജെപി. മണ്ഡലങ്ങളില്‍ സര്‍വേകളിലൂടെ കൃത്യമായ വിലയിരുത്തലുകള്‍ക്കാണ് ശ്രമം. ഓരോ മണ്ഡലത്തില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണം ഉള്‍പ്പെടെ ആരായുന്നുണ്ട്. ഭരണവിരുദ്ധ സാധ്യതകളുണ്ടെങ്കില്‍ അവയെ നേരിടാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി, നൂറോളം സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.  പാര്‍ട്ടി സംസ്ഥാന ഘടകവുമായി ബന്ധപ്പെട്ട ഉറവിടങ്ങളെ ഉദ്ധരിച്ചാണ് ഡെക്കാന്‍ ഹെറാള്‍ഡ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.  

മണ്ഡലങ്ങളില്‍ സജീവ പങ്കാളിത്തമില്ലാത്ത എംഎല്‍എമാര്‍ക്ക് അടുത്ത തവണ വീണ്ടും സീറ്റ് നല്‍കിയേക്കില്ല. അതുപോലെ, മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളും അതൃപ്തിയുള്ള എംഎല്‍എമാര്‍ക്കും അവസരമുണ്ടാകില്ല. 70 വയസ് പിന്നിട്ടവര്‍ക്കും സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസ്താവനകള്‍ നടത്തിയവര്‍ക്കും അടുത്ത തവണ സീറ്റുണ്ടാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എമാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനൊപ്പം സ്ഥാനാര്‍ഥികളെ കണ്ടെത്താനുമായി വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ അഭിപ്രായം അറിയാന്‍ പാര്‍ട്ടി സര്‍വേ സംഘടിപ്പിച്ചിരുന്നു. 

കോവിഡ് രണ്ടാം തരംഗത്തിലെ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ചില ബിജെപി എംഎല്‍എമാര്‍ വിമര്‍ശിച്ചിരുന്നു. നേതൃത്വത്തിനു കീഴില്‍ ബ്രാഹ്‌മണ സമൂഹം അസ്വസ്ഥരാണെന്ന് ആ വിഭാഗത്തില്‍ നിന്നുള്ള ഏതാനും നിയമസഭാംഗങ്ങളും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇവരില്‍ ഒരാളായ സീതാംപുര്‍ സദറില്‍ നന്നുള്ള എംഎല്‍എ രാകേഷ് റാത്തോഡ് സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാകേഷ് റാത്തോഡ് ബിജെപി വിടുന്നതായുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ കൂടിക്കാഴ്ച. എട്ട് ബിജെപി എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചിരുന്നെന്നും അവരെല്ലാം ഉടന്‍തന്നെ പാര്‍ട്ടി വിടുമെന്നുമായിരുന്നു എസ്പി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.

നേരത്തെ, നിരവധി ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനരീതിയില്‍ നീരസം പ്രകടിപ്പിച്ചിരുന്നു. കോവിഡ് പ്രതിരോധം ഉള്‍പ്പെടെ വിഷയങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ യോഗിയെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം, അത്തരം ആവശ്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം തള്ളി. യുപിയില്‍ യോഗി ആദിത്യനാഥ് പാര്‍ട്ടിയുടെ മുഖം ആയിരിക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.