'ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കരുതുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം'

 
prashanth kishore

പതിറ്റാണ്ടുകളോളം ബിജെപി ഇവിടെയുണ്ടാകുമെന്നും എവിടേക്കും പോവില്ലെന്നും ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കരുതുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്നമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.  ഗോവയില്‍ പൊതുപരിപാടിയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിന് പുറത്തേക്ക് തൃണമൂല്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്ന സാഹചര്യത്തിലാണ്  പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിലേക്കുള്ള പ്രശാന്ത് കിഷോറിന്റെ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ 40 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനെപ്പോലെ ജയിച്ചാലും തോറ്റാലും വര്‍ഷങ്ങളോളം ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ആദ്യ 40 വര്‍ഷം കോണ്‍ഗ്രസിനെപ്പോലെ ജയിച്ചാലും തോറ്റാലും ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രമാകും. ദേശീയ തലത്തില്‍ 30 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയാല്‍ നിങ്ങള്‍. തിടുക്കത്തില്‍ പോകരുത്, മോദിക്കെതിരെയുള്ള ജനവികാരമെന്ന ഈ കെണിയില്‍ ഒരിക്കലും വീഴരുത്, ഒരുപക്ഷേ അവര്‍(ജനങ്ങള്‍) മോദിയെ പരാജയപ്പെടുത്തിയേക്കാം, പക്ഷേ ബിജെപി എങ്ങും പോകുന്നില്ല. അവര്‍ ഇവിടെ തന്നെ ഉണ്ടാവും. ദശാബ്ദങ്ങളോളം അവര്‍ ഇവിടെ പോരാടും.' അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ ശക്തി പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നില്ലെങ്കില്‍, അദ്ദേഹത്തെ (ബിജെപിയുടെയും മോദിയുടെയും ശക്തി) പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല.'  പ്രശ്നം ഇത് തിരിച്ചറിയാത്തതാണ്, ജനങ്ങള്‍ ബിജെപിയെ താഴെയിറക്കുമെന്നാണ്‌ രാഹുല്‍ഗാന്ധി കരുതുന്നത് അദ്ദേഹം പറഞ്ഞു. ലഖിംപുര്‍ ഖേരി സംഭവത്തെ ചുറ്റിപ്പറ്റിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റുണ്ടായിട്ടും ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കോണ്‍ഗ്രസിന്റെ ഭാഗ്യം നിര്‍ണയിക്കാനാവില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.  കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്കും സംഘടനാപരമായ പ്രശ്നങ്ങള്‍ക്കും ദ്രുതപരിഹാരങ്ങളൊന്നുമില്ലെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

'നിങ്ങള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവുമായോ ഏതെങ്കിലും പ്രാദേശിക നേതാവുമായോ പോയി സംസാരിക്കൂ, അവര്‍ പറയും, ഇത് സമയത്തിന്റെ കാര്യമാണ്, ആളുകള്‍ മടുത്തു തുടങ്ങിയിരിക്കുന്നു, ഒരു ഭരണവിരുദ്ധ തരംഗം ഉണ്ടാകും, ആളുകള്‍ അദ്ദേഹത്തെ പുറത്താക്കും എന്നൊക്കെ. എന്നാല്‍ അവിടെയാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും തെറ്റ് പറ്റുന്നതും.' നരേന്ദ്ര മോദിയുടെ ശക്തി നിങ്ങള്‍ മനസിലാക്കുകയോ പരിശോധിക്കുകയോ ചെയ്യാത്തപക്ഷം അദ്ദേഹത്തെ പരാജയപ്പെടുത്താനും പകരം വെയ്ക്കാനും നിങ്ങള്‍ക്ക് കഴിയില്ല, അദ്ദേഹത്തിന്റെ ശക്തി മനസിലാക്കുന്നതിനും അദ്ദേഹത്തെ ജനപ്രിയനാക്കുന്നത് എന്താണെന്ന് മനസിലാക്കുന്നതിനും നിങ്ങള്‍ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ല എന്നതാണ് പ്രശ്നം'- പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളിലൂന്നി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കോണ്‍ഗ്രസുമായും പ്രശാന്ത് കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനോട് പാര്‍ട്ടിയില്‍ ആര്‍ക്കും വിയോജിപ്പില്ലെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വലിയ പദവികള്‍ നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട്.