ക്രിമിനല്‍ കേസുകളുടെ വിവരങ്ങളില്ല; മമത ബാനര്‍ജിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പരാതിയുമായി ബിജെപി

 
mamata

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ പരാതിയുമായി ബിജെപി. അസമില്‍ മമതയ്‌ക്കെതിരെയുള്ള 
ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പത്രികയില്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭവാനിപുര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. 

സെപ്റ്റംബര്‍ 30 നാണ് ഭവാനിപുർ നിയമസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് തോറ്റതിനാലാണ് മമത വീണ്ടും മത്സരിക്കുന്നത്. ഭവാനിപുര്‍ മണ്ഡലത്തില്‍ മമതത്‌ക്കെതിരെ പ്രിയങ്ക ടിബരെവാളാണ് ബിജെപി സ്ഥാനാര്‍ത്ഥി. ടിബരെവാളിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് സജല്‍ ഘോഷാണ് മമതയുടെ നാമനിര്‍ദ്ദേശ പത്രികക്കെതിരെ പരാതി നല്‍കിയത്.

അഞ്ച് ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മമത പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് ആരോപണം. അസം പോലീസ് സ്റ്റേഷനുകളായ ഗീത നഗര്‍, പാന്‍ ബസാര്‍, ജാഗിറോഡ്, നോര്‍ത്ത് ലഖിംപൂര്‍, ഉദര്‍ബോണ്ട് എന്നിവിടങ്ങളില്‍ മമതയ്‌ക്കെതിരെ  അഞ്ച് കേസുകള്‍ നിലവിലുണ്ടെന്ന് പരാതിയില്‍ പറയുന്നു. 

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. അതേസമയം കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാരവാഹികള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു, പരാതി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് അവര്‍  പറഞ്ഞത്. 
മാര്‍ച്ച്-ഏപ്രില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മമതാ ബാനര്‍ജിക്കെതിരെ മത്സരിച്ച ബിജെപി നേതാവ് സുവേന്ദു അധികാരി ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന മമതയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. നേരത്തെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് സുവേന്ദു അധികാരിയോട് മത്സരിച്ച മമതയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമതയ്ക്ക് വിജയം അനിവാര്യമാണ്.