പ്രിയങ്കയുടെ വരവും കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല; യുപിയില്‍ യോഗി സര്‍ക്കാര്‍ തുടരും, വെല്ലുവിളിയാകുക അഖിലേഷ്: സര്‍വേ

 
D
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ സാധ്യത എഎപിക്ക്

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് എബിപി-സി വോട്ടര്‍ സര്‍വേ. യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തും. അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ തൂക്കുസഭയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. യുപിയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെങ്കിലും 100 സീറ്റോളം കുറയും. അഖിലേഷ് യാദവ് ആയിരിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രണ്ടാം വരവിന് കടുത്ത വെല്ലുവിളിയാകുക. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസിന് കാര്യമായ ഗുണം ചെയ്യില്ലെന്നും നവംബര്‍ ആദ്യവാരം നടത്തിയ സര്‍വേ പറയുന്നു. 690 സീറ്റുകളിലായി 1,07,193 ആളുകളുടെ അഭിപ്രായമാണ് സര്‍വേ തേടിയത്. ഫലത്തില്‍ 3 മുതല്‍ അഞ്ച് ശതമാനംവരെ വ്യത്യാസം വന്നേക്കാമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞമാസം നടത്തിയ സര്‍വേ ഫലവും ബിജെപിക്ക് അനുകൂലമായിരുന്നു. 

യുപിയില്‍ വീണ്ടും യോഗി സര്‍ക്കാര്‍
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തുടരുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം, ബിജെപിക്കും സഖ്യകക്ഷിക്കും 108 സീറ്റുകള്‍ നഷ്ടപ്പെടും. 403 അംഗ നിയമസഭയില്‍ ബിജെപി-സഖ്യം 213-221 സീറ്റുകളായിരിക്കും നേടുക. സമാജ്വാദി പാര്‍ട്ടി 152-160 സീറ്റുകളും ബിഎസ്പി 116-20 സീറ്റുകളും കോണ്‍ഗ്രസ് 6-10 സീറ്റുകളും മറ്റു കക്ഷികള്‍ 2-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം. ബിജെപി സഖ്യം 40.7 ശതമാനം വോട്ടുകള്‍ നേടും. എസ്പി സഖ്യം 31.1 ശതമാനം, ബിഎസ്പി 15.1 ശതമാനം, കോണ്‍ഗ്രസ് 8.9 ശതമാനം. മറ്റു കക്ഷികള്‍ 4.2 ശതമാനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകുന്ന കോണ്‍ഗ്രസ് വലിയ മാറ്റമുണ്ടാകില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതേസമയം, അഖിലേഷിന്റെ നേതൃത്വത്തില്‍ എസ്പി നേട്ടമുണ്ടാക്കുകയും ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും സര്‍വേ പറയുന്നു. 

സെപ്റ്റംബറില്‍ നടത്തിയ സര്‍വേയില്‍, ബിജെപിക്ക് 259-267 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം. ഒക്ടോബറില്‍ അത് 241-249 ആയി കുറഞ്ഞിരുന്നു. ലഖിംപുര്‍ ഖേരിയിലെ അക്രമത്തിനുശേഷം നടന്ന സര്‍വേഫലം പുറത്തുവരുമ്പോള്‍, ബിജെപിയുടെ സീറ്റില്‍ പ്രകടമായ വ്യത്യാസം ദൃശ്യമാണ്. 2017ല്‍ 325 സീറ്റുകളാണ് ബിജെപി സഖ്യം നേടിയത്. എസ്പി 48, ബിഎസ്പി 19, കോണ്‍ഗ്രസ് 7, മറ്റു കക്ഷികള്‍ 4 എന്നിങ്ങനെയായിരുന്നു സീറ്റുനില.  

പഞ്ചാബില്‍ മൂന്‍തൂക്കം എഎപിക്ക്
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ നേരിയ സാധ്യത എഎപിക്കാണ്. ഇരു കക്ഷികളും തമ്മിലായിരിക്കും പ്രധാന പോരാട്ടം. 117 അംഗ സഭയില്‍ എഎപിക്ക് 47-53 സീറ്റാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 42-50 സീറ്റ്, ശിരോമണി അകാലിദള്‍ (എസ്എഡി) 16-24 സീറ്റുകളും നേടും. ബിജെപിക്ക് പരമാവധി ഒരു സീറ്റാണ് പ്രവചിക്കുന്നത്. എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോഴും തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. കോണ്‍ഗ്രസ് 34.9 ശതമാനവും എസ്എഡി 20.6 ശതമാനവും എഎപി 36.5 ശതമാനവും ബിജെപി 2.2 ശതമാനവും വോട്ടുകള്‍ നേടുമെന്നാണ് പ്രവചനം. അതേസമയം, അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി പ്രഖ്യാപനവും ബിജെപിയോടുള്ള സമീപനവും ഈ കണക്കുകളെ മാറ്റിയേക്കും.

ഉത്തരാഖണ്ഡില്‍ നേട്ടം ബിജെപിക്ക്
ഉത്തരാഖണ്ഡിലും ബിജെപി അധികാരം നിലനിര്‍ത്തും. 70 അംഗ നിയമസഭയില്‍ 36-40 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 30-34 സീറ്റുകളുമായി കടുത്ത വെല്ലുവിളി സൃഷ്ടിച്ചേക്കും. ആദ്യമായി മത്സരത്തിനിറങ്ങുന്ന എഎപിക്ക് രണ്ട് സീറ്റുകള്‍ വരെയും ലഭിക്കും. ബിജെപിക്ക് 41.4 ശതമാനവും കോണ്‍ഗ്രസിന് 36.3 ശതമാനവും എഎപിക്ക് 11.8 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

ഗോവയില്‍ ബിജെപി തുടരും
ഗോവയിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. 40 അംഗ സഭയില്‍ ബിജെപിക്ക് 19-23 സീറ്റുകള്‍ ലഭിക്കും. ആം ആദ്മി 3-7, കോണ്‍ഗ്രസ് 2-6, മറ്റുള്ളവര്‍ 8-12 എന്നിങ്ങനെ സീറ്റുകളാണ് പ്രവചിക്കുന്നത്. 37.5 ശതമാനം വോട്ടുകള്‍ ബിജെപി സ്വന്തമാക്കും. ആം ആദ്മി 23.6 ശതമാനം, കോണ്‍ഗ്രസ് 18.6 ശതമാനം വോട്ടുകളും ലഭിക്കും. കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റകക്ഷിയായത് 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. അവസരം ബിജെപി അവസരം മുതലെടുക്കുകയും ചെയ്തു.

മണിപ്പൂരിലും സാധ്യത ബിജെപിക്ക്
60 അംഗ നിയമസഭയില്‍ ബിജെപി 25-29 സീറ്റ് നേടും. കോണ്‍ഗ്രസ് 20-24 സീറ്റും പ്രാദേശിക പാര്‍ട്ടിയായ നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) 4-8 സീറ്റും മറ്റു കക്ഷികള്‍ 3-7 സീറ്റും നേടും. ബിജെപി 38.7 ശതമാനം വോട്ടുകള്‍ നേടും. കോണ്‍ഗ്രസ് 33.1 ശതമാനവും എന്‍പിഎഫ് ഒമ്പത് ശതമാനം വോട്ടുകളും നേടും. അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത് 31 സീറ്റുകളാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപി ചെറു കക്ഷികളെയും കൂടെ നിര്‍ത്തി ഭരണം നിലനിര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.