അസമില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാരെ കാണാതായി,40 പേരെ രക്ഷപ്പെടുത്തി

 
boat

അസമിലെ ജോർഹട്ടിലെ ബ്രഹ്മപുത്ര നദിയിൽ രണ്ട് യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരു മരണം.അപകടത്തില്‍ 30 ഓളം പേരെ കാണാതായി.രണ്ട് ബോട്ടുകളിലുമായി 120ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ബ്രഹ്മപുത്രയിലെ ദ്വീപായ മജൂലിയിലെ കമലാബാരിക്കും ജോർഹട്ടിലെ നിമാത്തി ഘട്ടിനും ഇടയില്‍ നാലുമണിയോടെയായിരുന്നു സംഭവം. സംസ്ഥാന ദുരന്ത പ്രതികരണ സേനയും (എസ്ഡിആർഎഫ്) ദേശീയ ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു കുഞ്ഞ് ഉൾപ്പെടെ 42 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്, അതിൽ നിരവധി പേരെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തെ തുടർന്ന് ഉൾനാടൻ ജലഗതാഗത വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തു. അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്‍ഡിആര്‍എഫിനോടൊപ്പം സംസ്ഥാന ദുരന്തനിവാരണസേനയോടും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. എല്ലാവിധ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.