കുട്ടികള്‍ക്ക് വാക്‌സിന്‍ സെപ്റ്റംബറോടെ; ബൂസ്റ്റര്‍ ഡോസ്, വാക്‌സിന്‍ മിശ്രണം വിശദീകരണവുമായി വിദഗ്ധര്‍

 
vaccine
 

രാജ്യത്ത് സെപ്റ്റംബറോടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ ലഭ്യമായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി)ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. 

''വാക്‌സിന്‍ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വളരെ വേഗം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഫലങ്ങള്‍ ഡ്രഗ് റെഗുലേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കും. സെപ്റ്റംബറിലോ അതിനുശേഷമോ, കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനുകള്‍ ലഭിച്ചേക്കാം, ''ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഒടിടി ചാനലായ ഇന്ത്യ സയന്‍സിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയ അബ്രഹാം പറഞ്ഞു.

രാജ്യത്ത് നിലവില്‍ ലഭ്യമായ  മൂന്ന് വാക്സിനുകളില്‍ ഒന്നായ കോവാക്സിന്റെ നിര്‍മ്മാതാക്കള്‍ ഐ.സി.എം.ആറും ഹൈദരാബാദ് കേന്ദ്രമായ വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കുമാണ്. ജനുവരിയിലാണ് രാജ്യത്ത് കോവാക്സിന് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ അനുമതി നല്‍കുന്നത്. നിലവില്‍ കുട്ടികളില്‍ കുത്തിവെയ്പ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്സിന്‍ സൈഡസ് കാഡിലയുടെ സൈക്കോവ് -ഡി ആണ്.വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്, വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരത്തിനുള്ള അപേക്ഷ ഡ്രഗ് കണ്‍ട്രോളറുടെ പരിഗണനയിലാണ്. 

വാക്‌സിനേഷനില്‍ ബൂസ്റ്റര്‍ ഡോസിനെക്കുറിച്ചുള്ള പഠനങ്ങള്‍ വിദേശത്ത് നടക്കുന്നുണ്ടെന്നും അതിനായി കുറഞ്ഞത് ഏഴ് വ്യത്യസ്ത വാക്‌സിനുകള്‍ പരീക്ഷിച്ചുവെന്നും അവര്‍ പറഞ്ഞു. ''ഇപ്പോള്‍, ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) കൂടുതല്‍ രാജ്യങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുവരെ ഇത് തടഞ്ഞിരിക്കുകയാണ്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളും തമ്മില്‍ വാക്‌സിനേഷന്‍ വലിയ അന്തരം  ഉള്ളതിനാലാണിത്. പക്ഷേ, ഭാവിയില്‍, ബൂസ്റ്ററുകള്‍ക്കുള്ള ശുപാര്‍ശകള്‍ തീര്‍ച്ചയായും വരും. ' അവര്‍ വ്യക്തമാക്കി.

വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ കലര്‍ത്തുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളും ഇല്ലെന്നും പ്രിയ അബ്രഹാം പറഞ്ഞു. 'അശ്രദ്ധമായി രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ രണ്ട് ഡോസുകളായി നല്‍കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. എന്‍ഐവിയില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) ഞങ്ങള്‍ ആ സാമ്പിളുകള്‍ പരിശോധിക്കുകയും രണ്ട് ഡോസുകളില്‍ വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിച്ച രോഗികള്‍ സുരക്ഷിതരാണെന്നും കണ്ടെത്തി. പ്രതികൂല ഫലങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല, പ്രതിരോധം കുറച്ചുകൂടി മെച്ചമായിരുന്നു. അതിനാല്‍, ഇത് തീര്‍ച്ചയായും ഒരു സുരക്ഷാ പ്രശ്‌നത്തിന് കാരണമാകുന്ന ഒന്നല്ല. ' വരും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.