ബ്രിക്‌സ് ലോക സമ്പദ്‌വ്യവസ്ഥയുടെ സ്വാധീനശക്തി : പ്രധാനമന്ത്രി

 
modi

ലോകത്തിലെ വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥയുടെ സ്വാധീനശക്തിയാണ്‌ ബ്രിക്‌സ് (ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ബ്രിക്‌സ് കൂടുതല്‍ ഫലപ്രദമാണെന്ന് രാജ്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും  റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍,ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ എന്നിവര്‍ പങ്കെടുത്ത 13 -ാമത് ബ്രിക്‌സ് ഉച്ചകോടി വെര്‍ച്വല്‍ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

'പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നത് എനിക്കും ഇന്ത്യക്കും വളരെ സന്തോഷം നല്‍കുന്നതാണ്. എല്ലാ ബ്രിക്‌സ് പങ്കാളികളില്‍ നിന്നും ഇന്ത്യക്ക് പൂര്‍ണ്ണ സഹകരണം ലഭിച്ചിട്ടുണ്ട്. ഇതിനായി നിങ്ങള്‍ എല്ലാവരോടും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ബ്രിക്‌സ് ഒന്നര പതിറ്റാണ്ടിനിടെ നിരവധി നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായും' പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന് നമ്മള്‍ ലോകത്തിലെ വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകള്‍ക്കുള്ള  സ്വാധീനശബ്ദമാണ്. വികസ്വര രാജ്യങ്ങൾക്ക് മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബ്രിക്‌സിന് സാധിച്ചു.  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍  പുതിയ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ അവസ്ഥ  ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സമയത്താണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ആഗോള, പ്രാദേശിക സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയും സഖ്യകക്ഷികളും പിന്‍വാങ്ങിയത് ഒരു പുതിയ പ്രതിസന്ധിയിലേക്ക് നയിച്ചു, ഇത് ആഗോളവും പ്രാദേശികവുമായ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. നമ്മുടെ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി.  തീവ്രവാദത്തിന്റെയും മയക്കുമരുന്ന് കടത്തിന്റെയും ഉറവിടമായ അഫ്ഗാനിസ്ഥാന്‍ അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാകരുത്, പുടിന്‍ പറഞ്ഞു.