പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം, മൗലികാവകാശങ്ങള്‍ സംരക്ഷിക്കണം : അലഹബാദ് ഹൈക്കോടതി

 
allahabad-high-cour

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമായി സംരക്ഷിക്കണമെന്നും അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട ആള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.

രാജ്യത്തിന്റെ സംസ്‌കാരവും വിശ്വാസവും വ്രണപ്പെടുമ്പോള്‍ രാജ്യം ദുര്‍ബലമാകും, പശുവിന് മൗലികാവകാശങ്ങള്‍ നല്‍കാനും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍  ബില്‍ കൊണ്ടുവരണമെന്നും പശുവിനെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവരെ ശിക്ഷിക്കാന്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നും  അലഹബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ജഡ്ജ് ശേഖര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടു.

ഗോ സംരക്ഷണം ഒരു മതവിഭാഗത്തിന്റേതു മാത്രമല്ല, ഇന്ത്യയുടെ സംസ്‌കാരമാണ്, ഈ സംസ്‌കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലുംപെട്ട പൗരന്മാരുടെയും കടമയാണ്. വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും ഒരേ തരത്തില്‍ പൗരന്മാര്‍ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യ, അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഗോവധം തടയല്‍ നിയമം ലംഘിച്ചതിന് അറസ്റ്റിലായ ജാവേദിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. മുമ്പും ഇതേ കുറ്റത്തിന് അറസ്റ്റിലായിട്ടുളള ജാവേദിന് ജാമ്യം അനുവദിച്ചാല്‍ സാമൂഹ്യസൗഹാര്‍ദം തകരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഐപിസി സെക്ഷന്‍ 379 (മോഷണത്തിനുള്ള ശിക്ഷ), ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ 3, 5, 8 എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.