ഷഹീന്‍ബാഗിലും ബുള്‍ഡോസര്‍ രാജ്; റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച് പ്രദേശവാസികള്‍

 
delhi


ഡല്‍ഹി ജഹാംഗീര്‍പുരിക്ക് പിന്നാലെ ഷെഹീന്‍ബാഗിലും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തം. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ നടപടി ആരംഭിച്ചത്. എന്നാല്‍ കോര്‍പറേഷന്‍ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തുകയായിരുന്നു. 

പൊതുസ്ഥലത്തെ അനധികൃത കൈയേറ്റങ്ങളാണ് പൊളിക്കുകയെന്ന് കോര്‍പറേഷന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ എത്തിയ ബുള്‍ഡോസറുകള്‍ തടഞ്ഞുകൊണ്ട് റോഡില്‍ ഇരുന്നാണ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നത്. തൊഴിലാളികളും ഉദ്യോഗസ്ഥരും ബുള്‍ഡോസറുകളും തയാറാണ്. തുഗ്ലക്കാബാദ്, സംഗം വിഹാര്‍, ന്യൂ ഫ്രണ്ട്‌സ് കോളനി, ഷഹീന്‍ ബാഗ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുമെന്നും സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സെന്‍ട്രല്‍ സോണ്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജ്പാല്‍ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്നായിരുന്നു നേരത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര പൊലീസ് സേന ലഭ്യമാകാത്തത് കാരണം പൊളിക്കല്‍ തിങ്കളാഴ്ചയിലേക്ക് നീട്ടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മുനിസിപ്പാലിറ്റി അധികൃതര്‍ സ്ഥലത്തെത്തിയത്. ബി.ജെ.പിയാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരിക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി എന്നിവിടങ്ങളിലും വീടുകളും കടകളും ഇത്തരത്തില്‍ പൊലീസ് സഹായത്തോടെ പൊളിച്ചുമാറ്റിയിരുന്നു.