സുള്ളി ഡീല്‍സ്, ബുള്ളി ബായ്: മുസ്ലീം, സ്ത്രീ വിരുദ്ധതയുടെ ആവര്‍ത്തിക്കപ്പെടുന്ന സൈബര്‍ പതിപ്പുകള്‍ 

 
bulli-bai

ഭരണ, നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചുള്ള ഒളിയാക്രമണങ്ങള്‍


സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ സൈബര്‍ ഇടങ്ങള്‍ ഉപയോഗിച്ചുള്ള വിദ്വേഷ പ്രചാരണം രാജ്യത്ത് പുതിയതല്ല. രാഷ്ട്രീയവും വര്‍ഗീയവുമായ വിദ്വേഷ പ്രചാരണങ്ങള്‍ക്കൊപ്പം ആര്‍ക്കെതിരെയും എന്തിനെതിരെയും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ, ഏറ്റവും എളുപ്പത്തില്‍ അപവാദം പറഞ്ഞുപരത്താമെന്നതാണ് സൈബര്‍ ഇടങ്ങളുടെ സാധ്യത. ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. എന്നാല്‍, അതിനേക്കാള്‍ ഹീനമായ തരത്തിലേക്ക് സൈബര്‍ ആക്രമണങ്ങള്‍ വഴിമാറുകയാണ്. ന്യൂനപക്ഷത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് പുതിയ രീതി. 'ബുള്ളി ബായ്' എന്ന ആപ്പാണ് ഏറ്റവും പുതിയ ഉദാഹരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ മുസ്ലീം സ്ത്രീകളെ തിരഞ്ഞുപിടിച്ചാണ് വര്‍ഗീയവും ലൈംഗികവുമായ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കുന്നത്. രാജ്യത്തെ ഭരണ, നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത്തരം ഒളിയാക്രമണങ്ങള്‍ വര്‍ധിക്കുന്നത്. 

ജനുവരി ഒന്നിനാണ്, ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോമില്‍ ഹോസ്റ്റ് ചെയ്ത 'ബുള്ളി ബായ്' ആപ്പില്‍ നൂറിലധികം മുസ്ലീം സ്ത്രീകളെ 'ഓണ്‍ലൈന്‍ ലേല'ത്തിനായി അവതരിപ്പിച്ച സംഭവം വിവാദമായത്. നര്‍ത്തകിയും നടിയുമായ ശബാന ആസ്മി, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, ജെഎന്‍യു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവര്‍ത്തക സിദ്റ, മാധ്യമപ്രവര്‍ത്തക ഖുര്‍റത്തുല്‍ഐന്‍ റെഹ്ബര്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന ഷെഹ്‌ല റഷീദ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്. 'സുള്ളി ഓഫ് ദി ഡേ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്ലീം സ്ത്രീകളെ അധിക്ഷേപിച്ച് വിളിക്കുന്ന വാക്കാണ് 'സുള്ളി'. ഇത്തരത്തില്‍ പ്രചരിപ്പിച്ച ചിത്രങ്ങള്‍ക്കു കീഴില്‍ വര്‍ഗീയവും ലൈംഗികവുമായ കമന്റുകള്‍ വന്നുനിറഞ്ഞു. 

Also Read : ഇന്ധനവില വര്‍ധനവിനെതിരെ തെരുവിലിറങ്ങി പ്രതിഷേധം; കസാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ

തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കപ്പെടുന്നതായി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസാണ് ആദ്യം കേസെടുത്തത്. തന്റെ ചിത്രങ്ങള്‍ വെബ്‌പേജില്‍ അപ്‌ലോഡ് ചെയ്യുന്നുവെന്നും അതിലേക്ക് അശ്ലീലമായ കമന്റുകള്‍ വരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അവര്‍ പരാതി നല്‍കിയത്. നിരവധി മുസ്ലീം സ്ത്രീകളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രശസ്തരായ മുസ്ലീം വനിതകളെ തിരഞ്ഞുപിടിച്ചാണ് അപവാദ പ്രചാരണത്തിന് ഇരയാക്കിയത്. മുസ്ലീങ്ങളായ സ്ത്രീകളെ മനപൂര്‍വം അപമാനിക്കാന്‍ ലക്ഷ്യംവെച്ചുള്ളതാണ് ആപ്പെന്നും പരാതിയില്‍ പറഞ്ഞു. ന്യൂനപക്ഷ, സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്ന ആപ്പിനെതിരെ ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെ നേതാക്കളും രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷം അവസാനിപ്പിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് സംഭവത്തില്‍ ഉടനടി ഇടപെട്ടു. ഉപയോക്താവിനെ ബ്ലോക്ക് ചെയ്തതായി ഗിറ്റ്ഹബ് അറിയിച്ചിട്ടുണ്ടെന്നും തുടര്‍ നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഐ.ടി മന്ത്രാലയത്തിനു കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും പൊലീസും വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

അന്വേഷണം പുരോഗമിക്കവെ, കേസില്‍ മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയും ഉത്തരാഖണ്ഡ് സ്വദേശിയുമായ 18കാരി ശ്വേത സിംഗ്, ബംഗളൂരു സ്വദേശി വിശാല്‍ കുമാര്‍, മുംബൈയില്‍നിന്ന് ശുഭം റാവത്ത് എന്നിവരാണ് അറസ്റ്റിലായത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ശ്വേത, JattKhalsa07 എന്ന വ്യാജ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ചാണ് വിദ്വേഷ പോസ്റ്റുകളും ഫോട്ടോ ചേര്‍ത്തുള്ള അപവാദ പ്രചാരണങ്ങളും നടത്തിയിരുന്നത്. ശ്വേതയുമായി ബന്ധപ്പെട്ടവരും ഇതേ ആശയം പിന്തുടര്‍ന്നു. അതേസമയം, നേപ്പാളിലുള്ള സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് ശ്വേത പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതികള്‍ നല്‍കിയ പ്രാഥമിക വിവരങ്ങളില്‍ നിന്ന് ഗിയു എന്ന നേപ്പാള്‍ സ്വദേശിയാണ് ആപ്പില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇയാളുടെയും മറ്റുള്ളവരുടെയും പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആപ്പ് ശ്വേത സ്വന്തമായി ഉണ്ടാക്കിയതാണോ അതോ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നതുള്‍പ്പെടെ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു പൊലീസുകള്‍ വെവ്വേറെ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബുള്ളി ബായ് ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കുമെതിരെ മുംബൈ സൈബര്‍ പൊലീസ് കേസും എടുത്തിട്ടുണ്ട്.

Also Read : 'ഗുണ്ടാലിസ്റ്റിലെ സ്ത്രീ' എന്ന ഇമേജ് ഭാവിയെ ആശങ്കപ്പെടുത്തുന്നുവെന്ന് ഷിമി; ഓപ്പറേഷന്‍ കാവല്‍ മനുഷ്യവേട്ടയോ?

ആപ്പ് ഉപയോഗിച്ച് മുസ്ലീം സ്ത്രീകളെ വര്‍ഗീയവും ലൈംഗികവുമായി അധിക്ഷേപിക്കുന്ന സംഭവം രാജ്യത്ത് ആദ്യമല്ല എന്നതാണ് ശ്രദ്ധേയം. മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച്, വില്‍പനയ്‌ക്കെന്ന് പരസ്യം ചെയ്ത 'സുള്ളി ഡീല്‍സ്' എന്ന ആപ്പും വെബ്‌സൈറ്റും വന്ന് ആറുമാസങ്ങള്‍ക്കുശേഷമാണ് 'ബുള്ളി ബായ്' പ്രത്യക്ഷപ്പെട്ടത്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് കമ്പനിയായ ഗിറ്റ്ഹബ്ബാണ് രണ്ട് ആപ്പുകളും വേദിയായത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ആപ്പുകള്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയത്. ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്താണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായ വിശാലിന് സുള്ളി ഡീല്‍സ് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട സ്ത്രീകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് തിരഞ്ഞുപിടിച്ച് എഡിറ്റ് ചെയ്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു വിശാലിന്റെ ചുമതലയെന്നാണ് പ്രാഥമിക നിഗമനം. 

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളാല്‍ സമൃദ്ധമാണ് സൈബര്‍ ഇടങ്ങള്‍. സ്ത്രീ, ന്യൂനപക്ഷ വിരുദ്ധരും വക്രബുദ്ധികളുമായ കുറ്റവാളികളുടെ സങ്കേതം കൂടിയാണ് അവിടം. സൈബര്‍ കുറ്റകൃത്യങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. 2020ല്‍ മാത്രം 2,300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കേസുകളുടെ എണ്ണം അവയേക്കാള്‍ ഇരട്ടിയിലധികമായിരിക്കും. പക്ഷേ, സാധാരണ സൈബര്‍ കുറ്റകൃത്യത്തിനപ്പുറം അശ്ലീലവും വിദ്വേഷവും നിറഞ്ഞ സംഘടിതമായ പ്രചാരണമാണ് ആപ്പുകളിലൂടെ നടന്നതും നടക്കുന്നതും. ന്യൂനപക്ഷക്കാരായ സ്ത്രീകളെ തിരഞ്ഞുപിടിച്ചു നടത്തുന്ന സംഘടിത കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. തക്കം കിട്ടുമ്പോള്‍ ശത്രുരാജ്യങ്ങളിലേക്ക് കടന്നുകയറി, അവരെ നശിപ്പിക്കുന്ന സൈനികരുടെ ഒളി നീക്കങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ആപ്പുകളുടെ പ്രവര്‍ത്തനം. മറഞ്ഞിരുന്നുകൊണ്ട് മുസ്ലീം സ്ത്രീകളെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിക്കുകയും, ലൈംഗികവും അശ്ലീലവുമായ പ്രതികരണങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന വികൃതമായ സംതൃപ്തിയില്‍ സന്തോഷിക്കുന്നവരെ ഒരു ജനാധിപത്യ രാജ്യവും ആവശ്യപ്പെടുന്നില്ല. മനുഷ്യത്വരഹിതമായ ഇത്തരം ആക്രമണങ്ങള്‍, രാജ്യത്തിന്റെ സാമുദായിക സൗഹൃദാന്തരീക്ഷത്തെ തന്നെയാണ് ബാധിക്കുക. 

Also Read : സര്‍ക്കാര്‍ ഉദ്യോഗമാണ് ലക്ഷ്യമെന്ന് പറഞ്ഞപ്പോള്‍ ഗാന്ധിജി പറഞ്ഞത്? കെ. അയ്യപ്പന്‍ പിള്ളയെ ഓര്‍ക്കുമ്പോള്‍ 

കുറ്റക്കാര്‍ക്കെതിരെ കൃത്യമായ അന്വേഷണമോ, ഫലപ്രദമായ നടപടിയോ ഇല്ലാത്തതാണ് ഇത്തരം സൈബര്‍ അക്രമികളെ ധൈര്യപ്പെടുത്തുന്നത്. സുള്ളി ഡീല്‍സ് സംബന്ധിച്ച അന്വേഷണം ആറുമാസം പിന്നിടുമ്പോഴും കാര്യമായ പുരോഗതി ഇല്ല എന്നത് ഇതിനൊപ്പം ചേര്‍ത്തുവായിക്കാം. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാകണം, ബുള്ളി ബായ് സംഭവത്തില്‍ ഉടനടി നടപടിയുണ്ടായത്. എന്നിരുന്നാലും, ആപ്പും അവയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടും നീക്കം ചെയ്യുന്നതില്‍ മാത്രമായി അന്വേഷണവും ശിക്ഷാനടപടികളും ഒതുങ്ങേണ്ട വിഷയവുമല്ലെന്നാണ് പൊതുവികാരം. കുറ്റകൃത്യങ്ങളുടെ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ സൈബര്‍ ഇടങ്ങളില്‍ പതുങ്ങിയിരിക്കാനുള്ള സാധ്യതകളുണ്ടായേക്കാം. എന്നാല്‍, അത്തരത്തില്‍ ഒളിഞ്ഞിരിക്കുന്നവരെ കണ്ടെത്തി പിടികൂടാനുള്ള അധികാരവും സാങ്കേതിക സംവിധാനവും സര്‍ക്കാരിനുണ്ട്. ഇത്രയും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതും പിന്നില്‍ പ്രവര്‍ത്തിച്ചവരുമായ എല്ലാവരെയും എത്രയുംവേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുകയും തക്കതായ ശിക്ഷ നല്‍കുകയും വേണം. നിയമപാലനത്തിന്റെ പോരായ്മയായി വര്‍ഗീയ, സ്ത്രീ വിരുദ്ധ സൈബര്‍ പ്രചാരണങ്ങളെ വിലയിരുത്താമെങ്കിലും, രാജ്യത്തെ ഭരണസംവിധാനത്തെയും നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് ശക്തി പ്രാപിക്കുന്ന രാഷ്ട്രീയത്തിന്റെ വികൃതമുഖമാണ് ഇത്തരം കുറ്റകൃത്യങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. മത വര്‍ഗീയ രാഷ്ട്രീയത്തെയും, ന്യൂനപക്ഷ വിരുദ്ധതയെയും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പിന്തുണ ഇത്തരം സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നതും നിര്‍ബന്ധമായും അന്വേഷിക്കപ്പെടേണ്ടതുണ്ട്.