കോടതിയലക്ഷ്യ കേസ്; വിജയ് മല്ല്യയ്ക്ക് നാല് മാസം തടവും പിഴയും ശിക്ഷ

 
malya

കോടതിയലക്ഷ്യ കേസില്‍ ഒളിവില്‍പ്പോയ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചു. കോടതി ഉത്തരവുകള്‍ ലംഘിച്ചതില്‍ മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തി. 2000 രൂപ പിഴയും  വിധിച്ചു. കോടതി ഉത്തരവുകള്‍ ലംഘിച്ചു നടത്തിയ സ്വത്തു കൈമാറ്റം കോടതിയലക്ഷ്യമാണെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. 

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. വീഴ്ച വരുത്തിയാല്‍ ജപ്തി ചെയ്യല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. 2016 മാര്‍ച്ച് മുതല്‍ ബ്രിട്ടനില്‍ കഴിയുന്ന മല്യ, തന്റെ മക്കള്‍ക്ക് നാല് കോടി ഡോളര്‍ കൈമാറിയതില്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഈ വര്‍ഷം മാര്‍ച്ച് 10 ന് 9,000 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ മല്യയ്ക്കെതിരായ കേസില്‍ ഉത്തരവ് മാറ്റി വച്ചിരുന്നു.

വ്യക്തിപരമായോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാന്‍ മല്യയ്ക്ക് ഒന്നിലധികം അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും 2021 നവംബര്‍ 30 ലെ ഉത്തരവില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ ലംഘനത്തിനും സ്വത്തുക്കള്‍ വെളിപ്പെടുത്താത്തതില്‍ കോടതി അലക്ഷ്യത്തിനും മല്യ കുറ്റക്കാരനാണെന്ന് 2017-ല്‍ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

വായ്പാ തിരിച്ചടക്കാതെ ഒളിവില്‍പ്പോയ മല്യ കോടതി ഉത്തരവുകള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും നിരോധനാജ്ഞ ലംഘിച്ച് മക്കള്‍ക്ക് കൈമാറുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബാങ്കു തട്ടിപ്പു കേസില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ നിലവില്‍ ബ്രിട്ടിനലാണ്.