അമരീന്ദര്‍ സിംഗിന്റെ രാജി; പഞ്ചാബില്‍ മുഖ്യമന്ത്രിയാകാന്‍ മുന്‍നിരയില്‍ ഇനി ആരെല്ലാം? 

 
punjab

പഞ്ചാബ് കോണ്‍ഗ്രസിനുള്ളിലെ മാസങ്ങള്‍ നീണ്ട ഭിന്നതയ്ക്ക് ശേഷം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിയില്‍ എത്തിനില്‍ക്കുകയാണ്. രാജ്ഭവനിലെത്തി സംസ്ഥാന ഗവര്‍ണര്‍ക്ക് അമരീന്ദര്‍ രാജിസമര്‍പ്പിക്കുകയായിരുന്നു. പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കെയാണ്  അമരീന്ദര്‍ സിംഗിന്റെ രാജി.  അമരീന്ദറിന്റെ നാടകീയ നീക്കം കോണ്‍ഗ്രസ് കേന്ദ്രസംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരിന്ദറിനെ നീക്കണമെന്നാവശ്യപ്പെട്ട് 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്തെഴുതിയിരുന്നു ഇതിനു പിന്നാലെ ശനിയാഴ്ച വൈകിട്ട് നിയമസഭാ കക്ഷിയോഗം ചേരാന്‍ എഐസിസി അനുവാദം നല്‍കിയതാണ് അമരീന്ദറിനെ ചൊടിപ്പിച്ചത്.
ഈ യോഗത്തില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരായി മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്‍, ഹരീഷ് ചൗധരി എന്നിവരെ നിയമിക്കുകയും ചെയ്തു. നിയമസഭാ കക്ഷി നേതാവായ മുഖ്യമന്ത്രി പോലും അറിയാതെയായിരുന്നു എന്നത് അമരീന്ദര്‍ സിംഗിന്റെ പെട്ടെന്നുള്ള രാജി തീരുമാനത്തിന് കാരണമായെന്നാണ് വിവരം. 

രാജികത്ത് നല്‍കിയതിനു പിന്നാലെ അവഹേളനം വേണ്ടെന്നും അപമാനം ഇനിയും സഹിക്കാനാവില്ലെന്നും ഒട്ടേറെ രാഷ്ട്രീയ സാധ്യതകള്‍ മുന്നിലുണ്ടെന്നുമുള്ള അമരീന്ദറിന്റെ തുറന്നുപറച്ചില്‍ മാസങ്ങള്‍ മാത്രമകലെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും തിരികൊളുത്തി. 117 സീറ്റുള്ള പഞ്ചാബ് നിയമസഭയില്‍ 80 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്.

ഒരു വര്‍ഷം മുമ്പ് അമരീന്ദറിനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് ആലോചന നടത്തിയിരുന്നു. അമരീന്ദര്‍ സിംഗിന്റെ ഏകാധിപത്യ നിലപാടുകള്‍ പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പിനിടയാക്കി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശങ്ങള്‍ പോലും അംഗീകരിക്കപ്പെട്ടില്ല,  നവ്‌ജോത് സിംഗ് സിദ്ദുവിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു, സിദ്ദുവിന്റെ ഭാര്യയ്ക്ക് അമൃത്സര്‍ സീറ്റ് നല്‍കാന്‍ തയ്യാറായില്ല. ഇതെല്ലാം കാരണം അമരീന്ദര്‍ ഹൈക്കമാന്‍ഡിനും തലവേദനയായിരുന്നു. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിനു ശേഷം ഏറ്റവും കൂടുതല്‍ പാര്‍ട്ടി എംപിമാരെ പഞ്ചാബില്‍ നിന്ന് നല്‍കിയ അമരീന്ദറിനെ തൊടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കഴിയുമായിരുന്നില്ല. ഇതിനിടെ നവ്‌ജോത് സിംഗ് സിദ്ദുവിനെ ആദ്യം പിസിസി അദ്ധ്യക്ഷനാക്കി ഹൈക്കമാന്‍ഡ് കരുക്കള്‍ നീക്കിയിരുന്നു. ഒടുവില്‍ ആംആദ്മി പാര്‍ട്ടിയിലേക്ക് പോകും എന്ന് എംഎല്‍എമാര്‍ പ്രഖ്യാപിച്ചതോടെ അമീരന്ദറിന് പിടിച്ചു നില്ക്കാന്‍ കഴിയാതായി. എഐസിസി സര്‍വ്വെകളില്‍ ക്യാപ്റ്റനെതിരെ ഭരണവിരുദ്ധവികാരമുണ്ട് എന്ന റിപോര്‍ട്ടുകളും വന്നതോടെ എതിര്‍പ്പുകള്‍ ശക്തമാകുകയായിരുന്നു. 

കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രി സംസ്ഥാന ചുമതലയുള്ള നവജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ക്യാമ്പില്‍ നിന്നുള്ളയാളാകാനാണ് സാധ്യത. മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജഖര്‍ ആയിരിക്കും അടുത്ത മുഖ്യമന്ത്രിക്കുള്ള ആദ്യത്തെ നറുക്ക് വീഴാന്‍ സാധ്യത. ജഖറിന്റെ മുഖ്യമന്ത്രിയായുള്ള നിയമനം പഞ്ചാബ് കോണ്‍ഗ്രസിന് ഒരു ഹിന്ദു മുഖ്യമന്ത്രിയുടെയും ജാട്ട് സിഖ് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്റിന്റെയും സാന്നിധ്യം നല്‍കും, ഇത് വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും, പഞ്ചാബ് നിയമസഭയില്‍ സുനില്‍ ജാക്കര്‍ എംഎല്‍എ അല്ലാത്തതിനാല്‍ നവജ്യോത് സിംഗ് സിദ്ദു തന്നെ പദവിയിലേക്ക് എത്തുമെന്നും റിപോര്‍ട്ടുകളുണ്ട്. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറയപ്പെടുന്ന മറ്റൊരു പേര് ഫത്തേഗഡ് സാഹിബ് എംഎല്‍എ കുല്‍ജിത് സിംഗ് നഗ്രയുടെ പേരാണ്. കോണ്‍ഗ്രസ് നിയമനിര്‍മ്മാണ പാര്‍ട്ടി (സിഎല്‍പി) യോഗത്തിന് മുമ്പ് ഇന്ന് ചണ്ഡിഗഡ് വിമാനത്താവളത്തില്‍ പാര്‍ട്ടി നിരീക്ഷകരായ അജയ് മാക്കന്‍, ഹരീഷ് ചൗധരി എന്നിവരെ സ്വീകരിക്കാന്‍ പോയ സിദ്ദു ക്യാമ്പിലെ നേതാക്കളില്‍ ഒരാളായിരുന്നു ഇദ്ദേഹം.

അതേസമയം, ശനിയാഴ്ച ചണ്ഡീഗഡില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ രണ്ട് പ്രമേയങ്ങള്‍ പാസാക്കി. പഞ്ചാബിന്റെ വികസനത്തില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പങ്കിനെ അഭിനന്ദിച്ചായിരുന്നു ആദ്യ പ്രമേയം. രണ്ടാമത്തെ പ്രമേയത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും നിയമസഭാംഗങ്ങള്‍ തീരുമാനം അംഗീകരിക്കണമെന്നാണ് റിപോര്‍ട്ട്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാണ് യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.