'കര്‍ഷകരെ ഇടിച്ച കാര്‍ ഞങ്ങളുടേതാണ്, പക്ഷേ അതില്‍ മകന്‍ ഇല്ലായിരുന്നു: കര്‍ഷകര്‍ക്കിടയില്‍ തീവ്രവാദികളുണ്ട്'

 
Ajay Mishra

രാജിവെക്കേണ്ട സാഹചര്യമില്ല, അത്തരമൊരു സമ്മര്‍ദവും ഇല്ല

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ മകന്‍ ആശിഷ് മിശ്രക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. കര്‍ഷകരെ ഇടിച്ച കാര്‍ തങ്ങളുടേതാണെന്ന് പറയുന്ന അജയ് മിശ്ര മകനോ താനോ ആ സമയം അവിടെ ഇല്ലായിരുന്നെന്ന വാദവും ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ക്ക് തെളിവുണ്ടെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അജയ് മിശ്ര പറഞ്ഞു. 

കര്‍ഷകരെ ഇടിച്ച കാറുകളില്‍ മഹീന്ദ്ര താര്‍ ഞങ്ങളുടേതാണെന്ന് തുടക്കംമുതല്‍ പറയുന്നു. അത് ഞങ്ങളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തകരെ കൊണ്ടുവന്നശേഷം മറ്റാരെയോ സ്വീകരിക്കാന്‍ പോകുകയായിരുന്നു. എന്നാല്‍ മകന്‍ മറ്റൊരു ചടങ്ങിലായിരുന്നു. രാവിലെ 11 മുതല്‍ വൈകിട്ട് വരെ അവന്‍ മറ്റൊരു ചടങ്ങിന്റെ സംഘാടനത്തിലായിരുന്നു. മകന്‍ അവിടെയായിരുന്നു. ആയിരങ്ങള്‍ അവിടെയുണ്ടായിരുന്നു. അതിന്റെ ഫോട്ടോകളും വീഡിയോകളുമുണ്ട്. അവന്റെ ഫോണ്‍ വിളി രേഖകള്‍, സിഡിആര്‍, ലൊക്കേഷന്‍ അങ്ങനെ എന്തുവേണമെങ്കിലും പരിശോധിക്കാം. ആശിഷ് മിശ്ര അവിടെയാണെന്ന സത്യവാങ്മൂലം നല്‍കാന്‍ ആയിരങ്ങള്‍ സന്നദ്ധരാണ് -അജയ് മിശ്ര പറഞ്ഞു. 

വാഹനങ്ങളെക്കുറിച്ച് പറയുമ്പോള്‍, തന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടു. രണ്ട് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കാര്‍ അവിടെ തടഞ്ഞിട്ടു. അതിനൊപ്പം മറ്റൊരു വാഹനവും തീയിട്ടു. ഇതൊക്കെ ചെയ്തവര്‍ കര്‍ഷകരല്ല. കര്‍ഷകര്‍ക്കിടയില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അജയ് മിശ്ര ആരോപിച്ചു. 

കര്‍ഷകരെ പ്രകോപിച്ചെന്ന് കരുതുന്ന, തനിക്കെതിരെ കരിങ്കൊടി കാണിച്ചവരെ പാഠം പഠിപ്പിക്കുമെന്ന പ്രസംഗ പരാമര്‍ശത്തെക്കുറിച്ചും കേന്ദ്രമന്ത്രി വിശദീകരിച്ചു. തന്റെ വാക്കുകള്‍ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു. എന്റെ പ്രസംഗം പൂര്‍ണമായി ശ്രദ്ധിച്ചാല്‍, കര്‍ഷകരെ അഭിസംബോധന ചെയ്തുള്ളതാണെന്ന് മനസിലാക്കാനാകും. സെപ്റ്റംബര്‍ 25ന് ഒരു ഗുരുദ്വാരയ്ക്കു മുന്നിലെ യോഗത്തിലായിരുന്നു പ്രസംഗിച്ചത്. തലേരാത്രി പോസ്റ്ററുകള്‍ വലിച്ചുകീറിയവരെ കുറിച്ചാണ് സംസാരിച്ചത്. അവരൊന്നും കര്‍ഷകരല്ലെന്നാണ് പറഞ്ഞ്. കിസാന്‍ സമ്മേളനത്തിനു മുന്നോടിയായിവെച്ച പ്രധാനമന്ത്രി, ഭാരത് മാത എന്നിവരുടെ ചിത്രങ്ങളും ഹോര്‍ഡിംഗുകളും കീറിയവര്‍ റൗഡികളും അക്രമികളുമാണ്. അവര്‍ക്കെതിരെ നടപടികളുണ്ടാകുമെന്നാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും അജയ് മിശ്ര വിശദീകരിച്ചു. 

അതേസമയം, ലഖിംപുര്‍ ഖേരി സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. എന്നാല്‍, എഫ്‌ഐആറില്‍ മകന്റെ പേര് ചേര്‍ത്തിട്ടില്ലെന്ന് അമിത് മിശ്ര വ്യക്തമാക്കി. ആളുകള്‍ നല്‍കിയ പരാതിയിലാണ് ആശിഷിന്റെ പേരുള്ളത്. അന്വേഷണം നടക്കുന്നൊരു കാര്യമാണ്. അതിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. തങ്ങളുടെ പക്കല്‍ തെളിവുകളുണ്ട്. തെളിവില്ലാതെയല്ല ഓരോ കാര്യങ്ങളും പറയുന്നത്. സംഭവസ്ഥലത്തുനിന്നും മൂന്നോ നാലോ കിലോമീറ്റര്‍ അകലെ നടന്ന ചടങ്ങിലായിരുന്നു മകന്‍ ഉണ്ടായിരുന്നത്. ആ വേദിയില്‍ തന്നെയായിരുന്നു അവന്‍. മറ്റെവിടെയും പോയിട്ടുമില്ല. ഇതിന്റെ പേരില്‍ രാജിവെക്കേണ്ട സാഹചര്യമില്ല. അത്തരമൊരു സമ്മര്‍ദവും ഇല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ഗൂഢാലോചന നടത്തിയവര്‍ക്കും പങ്കാളികളായവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും അജയ് മിശ്ര കൂട്ടിച്ചേര്‍ത്തു.