മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ഒരു മരണം; പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം, അറിയേണ്ടതെല്ലാം 

 
d

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ഒരാള്‍ മരിച്ചതോടെ രാജ്യം രോഗത്തിനെതിരെ കൂടുതല്‍ ജഗ്രതയിലാണ്. മങ്കിപോക്‌സ് കേസുകള്‍ നിരീക്ഷിക്കാന്‍ നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ. പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. രാജ്യത്ത് അടുത്തിടെയുണ്ടായ കുരങ്ങുപനി കേസുകള്‍ നിരീക്ഷിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്തി സര്‍ക്കാരിന് ഉപദേശം നല്‍കാനും രോഗനിര്‍ണ്ണയ സൗകര്യങ്ങള്‍ വികസിപ്പിക്കാനും സാധ്യമായ വാക്‌സിനുകളെക്കുറിച്ചുള്ള ഗവേഷണത്തില്‍ സഹായിക്കാനുമായാണ് ടാസ്‌ക് ഗ്രൂപ്പ് രൂപീകരിച്ചിരിയ്ക്കുന്നത്.

കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലാണ്   മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.  മരിച്ചയാള്‍ക്ക് മറ്റൊരു രാജ്യത്തുവച്ച് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദേശത്ത് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നുവെന്നും കടുത്ത ക്ഷീണവും മസ്തിഷ്‌ക ജ്വരവും മൂലമാണ് തൃശ്ശൂരില്‍ ചികിത്സ തേടിയതെന്നും ആരോഗമന്ത്രി പറഞ്ഞു.  
ചികിത്സ ലഭിക്കാന്‍ കാലതാമസം നേരിട്ടതാകാം മരണകാരണമെന്നും ഈ വിവരം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനിടെ മരിച്ച യുവാവിന്റെ കോണ്‍ടാക്റ്റ് ലിസ്റ്റും റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. സമ്പര്‍ക്കം പുലര്‍ത്തിയവരോട് ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മങ്കിപോക്‌സ്  22കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്ബാള്‍ കളിച്ചവരുമാണ് നിരീക്ഷണത്തിലുള്ളത്. യുവാവിനെ 21ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവന്ന നാലുപേരും നിരീക്ഷണത്തിലുണ്ട്. റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളുമുണ്ട്. ഫുട്ബാള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. ആദ്യം പ്രാദേശിക ഹെല്‍ത്ത് സെന്ററിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ യുവാവിനെ പരിചരിച്ച ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. യുവാവിന്റെ സ്രവ പരിശോധനാ ഫലം തിങ്കളാഴ്ച കിട്ടിയേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനക്ക് പിന്നാലെ പുണെ ലാബിലേക്ക് സാമ്പിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. വിദേശത്ത് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.  യുവാവിന്റെ വീടുമായി ബന്ധപ്പെട്ട സ്ഥലത്ത് ശക്തമായ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അതേസമയം, രാജ്യത്ത് ഇതുവരെ 5 മങ്കിപോക്‌സ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അതില്‍ മൂന്ന് കേസുകള്‍ കേരളത്തില്‍ നിന്നാണ്. ഒന്ന് ഡല്‍ഹിയില്‍ നിന്നും മറ്റൊന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുമാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ നിന്നും  മങ്കിപോക്‌സിന് സമാനമായ ലക്ഷങ്ങളുള്ളവരെ നിരീക്ഷണത്തിന് വിധേയരാക്കിയതായും റിപോര്‍ട്ടുണ്ട്..

അനാവശ്യ പരിഭ്രാന്തിയുടെ ആവശ്യമില്ല, എന്നാല്‍ രാജ്യവും സമൂഹവും ജാഗ്രത പാലിക്കേണ്ടത് ഇപ്പോഴും പ്രധാനമാണ്, കൂടാതെ, എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുകയും ചികിത്സ തേടുകയും ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധതുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ  കണക്കനുസരിച്ച് 78 രാജ്യങ്ങളില്‍ നിന്നായി 18,000 പേര്‍ക്കാണ്  ഇതുവരെ രോഗം സ്ഥിരീകരിച്ചത്.