വാക്‌സിന്‍ ഇടവേളയില്‍ ഇളവ്; കേന്ദ്രത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 
Covid Vaccination

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേളയില്‍ ഇളവ് നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. കോവിഷീല്‍ഡ് ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍, കോവിഷീല്‍ഡ് വാക്‌സിനേഷന് 12-16 ആഴ്ചയുടെ ഇടവേള വേണമെന്നാണ് പഠനമെന്ന് കേന്ദ്ര ചൂണ്ടിക്കാട്ടുന്നു. അതനുസരിച്ചാണ് 12 ആഴ്ചയുടെ ഇടവേള നിശ്ചയിച്ചത്. അതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. 

കോവിഷീല്‍ഡ് വാക്‌സിനേഷന് 28 ദിവസത്തെ ഇടവേള ഫലപ്രദമോ ശാസ്ത്രീയമോ അല്ലെന്ന് കേന്ദ്രം അപ്പീലില്‍ പറയുന്നു. വാക്‌സിനേഷന്‍ സര്‍ക്കാരിന്റെ നയപരമായ വിഷയമാണ്. അതില്‍ കോടതിക്ക് ഇടപെടാനാകില്ല. കോടതികളുടെ ഇടപെടല്‍ വാക്‌സിന്‍ നയത്തിന്റെ പാളം തെറ്റിക്കും. ശരിയായ ഇടവേളയില്ലാതെ വാക്‌സിന്‍ നല്‍കുന്നത് ഫലപ്രദമല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍ വാക്‌സിന്‍ നയം നിശ്ചയിച്ചതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. 

സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന്‍ എടുത്ത് 45 ദിവസം കഴിഞ്ഞിട്ടും ജീവനക്കാര്‍ക്ക് രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന് ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. അങ്ങനെയെങ്കില്‍, വിദേശത്ത് പോകുന്നവര്‍ക്ക് എങ്ങനെയാണ് ഇളവ് അനുവദിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. അടിയന്തര സാഹചര്യം പരിഗണിച്ചാണ് അത്തരമൊരു ഇളവ് നല്‍കുന്നതെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ, സ്വന്തമായി പണമടച്ച് വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് ഉത്തരവിട്ട കോടതി അതിനനുസരിച്ച് കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താനും കേന്ദ്രത്തോട് നിര്‍ദേശിക്കുകയായിരുന്നു.