ഉദ്യോഗക്കയറ്റ സംവരണം; ആശയക്കുഴപ്പം പരിഹരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍

 
Supreme Court

ഒക്ടോബര്‍ അഞ്ചിന് എല്ലാ കക്ഷികളില്‍ നിന്നും വിശദമായ വാദം കേള്‍ക്കും


പട്ടികവിഭാഗക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഉദ്യോഗക്കയറ്റത്തില്‍ സംവരണാനുകൂല്യം സംബന്ധിച്ച മാനദണ്ഡങ്ങളിലെ അവ്യക്തതകള്‍ കാരണം നിരവധി നിയമനങ്ങള്‍ മുടങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ കോടതിയെ അറിയിക്കാമെന്നും ഒക്ടോബര്‍ അഞ്ചിനുള്ള ഹിയറിംഗില്‍ എല്ലാ കക്ഷികളില്‍ നിന്നും വിശദമായ വാദം കേള്‍ക്കാമെന്നും ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു. ജര്‍ണെയ്ല്‍ സിംഗ് -ലക്ഷ്മി നാരായണ്‍ ഗുപ്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്ന ബെഞ്ച്. ചൊവാഴ്ച വരെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 133 ഹര്‍ജികളാണ് ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

2006ല്‍ എം. നാഗരാജ്-യൂണിയന്‍ ഓഫ് ഇന്ത്യാ കേസില്‍ പട്ടിക വിഭാഗക്കാരുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണത്തിന് സുപ്രീംകോടതി ഏതാനും മാനദണ്ഡങ്ങള്‍ കൂടി വെച്ചിരുന്നു. നിയമനത്തിലും ഉദ്യോഗക്കയറ്റത്തിലും പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നതിനുമുമ്പ് അവരുടെ പിന്നോക്കാവസ്ഥ ബോധ്യപ്പെടുത്തണം, ഭരണനിര്‍വഹണത്തിലെ പങ്കാളിത്ത കുറവ് പരിശോധിക്കണം, ഭരണനിര്‍വഹണത്തിലെ കാര്യക്ഷമത ഉറപ്പ് വരുത്തണം എന്നിങ്ങനെയായിരുന്നു വ്യവസ്ഥകള്‍. കേസിന്റെ തുടര്‍ച്ചയില്‍, പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റ സംവരണത്തിന് ക്രീമിലെയര്‍ ബാധകമാക്കണമെന്ന വിധിയും സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ചില്‍ നിന്നുണ്ടായി. 

എന്നാല്‍, വിധിയില്‍ അവ്യക്തതകള്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍ തസ്തികയില്‍ ഉള്‍പ്പെടെ നിരവധി നിയമനങ്ങള്‍ മുടങ്ങിക്കിടക്കുകയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍, സംവരണ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെ, സീനിയോറിറ്റി പരിഗണിച്ച് അഡ് ഹോക്ക് അടിസ്ഥാനത്തില്‍ 1400 പേര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം വിലക്കപ്പെട്ടു. അറ്റോര്‍ണി ജനറലിന്റെ രേഖാമൂലമുള്ള അഭിപ്രായത്തെത്തുടര്‍ന്നായിരുന്നു നിയമനമെങ്കിലും ആഭ്യന്തര മന്ത്രാലയം സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍ വന്നതായും അദ്ദേഹം വ്യക്തമാക്കി.  

നാഗരാജ് കേസിലെ വിധി എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുന്നില്ലെന്ന് ഹര്‍ജിക്കാരുടെ ഭാഗത്തുനിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും കോടതിയെ അറിയിച്ചു. നാഗരാജ് കേസിലെ വിധിയില്‍ നിരവധി അവ്യക്തതകള്‍ നിലനില്‍ക്കുന്നതായി അഭിഭാഷക ഇന്ദിര ജയ്‌സിംഗും കോടതിയില്‍ ആവര്‍ത്തിച്ചു. ഭരണനിര്‍വഹണത്തിലെ കാര്യക്ഷമത സംബന്ധിച്ച് എങ്ങനെ ഉറപ്പുവരുത്താനാകും? ഭരണനിര്‍വഹണത്തിലെ പങ്കാളിത്തം മതിയായതാണോയെന്ന് എങ്ങനെ ഒരു സംസ്ഥാനത്തിന് കണ്ടെത്താനാകും? കാര്യക്ഷമത അളക്കുന്നതിന് എന്തെങ്കിലും അളവുകോല്‍ ഉണ്ടോയെന്നും ഇന്ദിര ജയ്‌സിംഗ് ചോദിച്ചു. ഉദ്യോഗക്കയറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിച്ച മാനദണ്ഡങ്ങളില്‍ വിവിധ ഹൈക്കോടതികള്‍ ഇടപെടുന്നുണ്ട്. അങ്ങനെ മാനദണ്ഡങ്ങള്‍ പലതും റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ട്. വിഷയത്തില്‍ സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും വിധികള്‍ ഏകതാനമല്ലെന്നും ഇന്ദിര പറഞ്ഞു.   

അതേസമയം, നാഗരാജ്, ജെര്‍ണെയ്ല്‍ കേസുകളില്‍ പരിഹരിച്ച വിഷയങ്ങള്‍ വീണ്ടും പരിശോധിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഉദ്യേഗക്കയറ്റ സംവരണവുമായി ബന്ധപ്പെട്ട കേസുകളില്‍ സംസ്ഥാനങ്ങള്‍ അടിയന്തര വാദം കേള്‍ക്കണം. പിന്നോക്കാവസ്ഥ എങ്ങനെ പരിഗണിക്കണമെന്നതിനെക്കുറിച്ച് ഇതിനകം ഉത്തരവുകള്‍ പാസാക്കിയിട്ടുണ്ട്. കൂടുതല്‍ നയങ്ങള്‍ നിര്‍ദേശിക്കാനാകില്ല. സംസ്ഥാനങ്ങളാണ് നയം നടപ്പാക്കേണ്ടത്. കേന്ദ്രവും സംസ്ഥാനങ്ങളും ഉന്നയിച്ച പ്രശ്‌നങ്ങള്‍ കോടതിക്കു മുന്നിലുണ്ട്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ കോടതിയെ അറിയിക്കാം. അടുത്ത ഹിയറിംഗ് നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് എല്ലാ കക്ഷികളില്‍ നിന്നും വിശദമായ വാദം കേള്‍ക്കുമെന്നും ബെഞ്ച് പറഞ്ഞു.