ഇറ്റലിയിലെ സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് എന്തിന് വിലക്കി? കേന്ദ്രത്തിനെതിരെ തുറന്നടിച്ച്‌ മമത ബാനര്‍ജി 

 
mamata

ഇറ്റലിയില്‍ നടക്കുന്ന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. സമ്മേളനത്തിന് വ്യവസായ പ്രതിനിധി ക്ലിയറന്‍സ് നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മമത ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. കേന്ദ്ര നിലപാടിനു പിന്നില്‍ രാഷ്ട്രീയം തന്നെയാണെന്നാണ് തൃണമൂലിന്റെ വാദം.

''ദീദിയുടെ റോം യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മുന്‍പ് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയും റദ്ദാക്കിയിരുന്നു. അന്ന് അന്താരാഷ്ട്ര ബന്ധങ്ങളും ഇന്ത്യയുടെ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി ഞങ്ങള്‍ ആ തീരുമാനത്തെ അംഗീകരിച്ചു. എന്നാല്‍ ഇപ്പോള്‍ എന്തു കൊണ്ടു ഇറ്റലി, മോദിജി? ബംഗാളിലെ നിങ്ങളുടെ പ്രശ്നം എന്താണ്? തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ദേബാംഷു ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.

റോമിലെ കാത്തലിക് പ്രസ്ഥാനമായ സാന്റ് എജിഡിയൊവിന്റെ പ്രസിഡന്റ് മാക്രോ ഇംപാഗ്ലിയാസോ ആണ് സമാധാന സമ്മേളനത്തിന് മമതയെ ക്ഷണിച്ചു കത്തയച്ചത്.  അടുത്തമാസം ആറ്, ഏഴ് തിയതികളിലാണു സമ്മേളനം. ആഞ്ചല മെര്‍ക്കല്‍, പോപ്പ് ഫ്രാന്‍സിസ് തുടങ്ങിയവരാണ് സമ്മേളനത്തിലെ മറ്റു പ്രഭാഷകര്‍.  സന്ദര്‍ശനം വിലക്കുന്നത് എന്തിനെന്നും ബംഗാളുമായി എന്താണ് പ്രശ്‌നമെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കേന്ദ്ര നിലപാടില്‍ പ്രതിഷേധം അറിയിച്ച് മമത തന്നെ നേരിട്ടെത്തിയിട്ടുമുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതിന് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച മമതാ ബാനര്‍ജി തീരുമാനം നിയമവിരുദ്ധവും അസൂയ മൂലമാണെന്നും പ്രതികരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപൂരില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത കോവാക്‌സിന്‍ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് സന്ദര്‍ശിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ടാണ് തനിക്ക് റോമിലേക്ക് പോകാന്‍ കഴിയാത്തതെന്നും മമത പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിന് യുഎസ് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയതുപോലെ, ഇറ്റലി ഗവണ്‍മെന്റും തനിക്കായി അത് നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

''എന്തുകൊണ്ടാണ് റോം സന്ദര്‍ശിക്കാന്‍ കേന്ദ്രം എന്നെ അനുവദിക്കാത്തത്? അത് നിയമവിരുദ്ധമാണ്. രാജ്യത്തിന്റെ അഭിമാനം ഈ യാത്രയിലുണ്ട്,  ലോക സമാധാനത്തെക്കുറിച്ചുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു, അവിടെ മറ്റ് നിരവധി പ്രമുഖ വ്യക്തികളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്''  മമത പറഞ്ഞു, ''എനിക്ക് എവിടെ പോകണമെങ്കിലും അവര്‍ എപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കും, പക്ഷേ അവരുടെ ആളുകള്‍ എപ്പോഴും അവിടെയും ഇവിടെയും കറങ്ങിക്കൊണ്ടിരിക്കും. അപ്പോള്‍ ആര്‍ക്കും ഒരു എതിര്‍പ്പും ഇല്ല. '

തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മേധാവി ബിജെപിയുടെ ഹിന്ദുത്വ അജണ്ടയില്‍ പേരുപറയാതെ വിമര്‍ശിച്ചു.  അവര്‍ക്ക് ഹിന്ദുമതത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ ഒരു ഹിന്ദു സ്ത്രീയെ റോം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയുന്നത് മമത പറഞ്ഞു.

യോഗത്തിന്റെ വിഷയം സമാധാനമാണെന്ന് അവര്‍ അറിഞ്ഞ നിമിഷം, അവര്‍ എന്റെ യാത്ര വിലക്കി. ഞാന്‍ ഒരു അവധിക്കാലത്ത് റോമിലേക്ക് പോകുന്നില്ല. എനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് രാജ്യത്തിന് അഭിമാനിക്കാവുന്ന കാര്യമായിരുന്നു. അവര്‍ (ബിജെപി) ഹിന്ദുമതത്തില്‍ ആശങ്കയുള്ളവരാണ് ,  ഒരു ഹിന്ദു സ്ത്രീയായ ഇറ്റലി സന്ദര്‍ശിക്കുന്നതില്‍ നിന്ന് എന്നെ തടഞ്ഞത് എന്തുകൊണ്ടാണ്, ''മമത പറഞ്ഞു. ഒരു മുഖ്യമന്ത്രിക്ക് പരിപാടി യോജിച്ചതല്ലെന്ന് പറഞ്ഞാണ് കേന്ദ്രം അനുമതി നിഷേധിച്ചതെന്നും മമത പറഞ്ഞു.