അപകടകരമായ സാഹചര്യം; നാഗാലാന്‍ഡില്‍ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടുമ്പോള്‍ 

 
D

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ  സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് കേന്ദ്രം. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം.
 
സൈന്യത്തിന്റെ വെടിവെപ്പില്‍  ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കില്‍ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേനയുടെ വെടിവെച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ സൈനിക വാഹനങ്ങള്‍ കത്തിച്ചു. സമാധാനം പാലിക്കണമെന്നും കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും സംസ്ഥാന മുഖ്യമന്ത്രി അറിയിച്ചിരുന്നു. വിഘടനവാദികള്‍ ആക്രമണം നടത്താന്‍ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യം ഇവിടെ തെരച്ചില്‍ നടത്തുകയായിരുന്നു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

സംഭവം അന്വേഷിക്കാന്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച മുതല്‍ അസമിലെ ജോര്‍ഹട്ടിലെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്ലാവരെയും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നും റിപോര്‍ട്ടുകള്‍ വന്നെങ്കിലും  സൈനികരെ ചോദ്യം ചെയ്യുമോ അതോ അവര്‍ തയ്യാറാക്കിയ മൊഴികള്‍ സമര്‍പ്പിക്കുമോയെന്നും വ്യക്തമല്ല. കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി മേജര്‍ ജനറല്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരു സൈനിക സംഘവും ബുധനാഴ്ച  ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സാഹചര്യം നന്നായി മനസ്സിലാക്കുന്നതിനും നടന്ന സംഭവങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും അന്വേഷണ സംഘം സാക്ഷികളെ സമീപിച്ചതായും റിപോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ബിജെപിയുടെ മോണ്‍ ജില്ലാ ഘടകം പ്രസിഡന്റ് ന്യാവാംഗ് കൊന്യാക്കിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തേക്കുള്ള യാത്രാമധ്യേ ആര്‍മി ഉദ്യോഗസ്ഥര്‍ തനിക്ക് നേരെ വെടിയുതിര്‍ക്കുകയും തന്റെ കൂട്ടാളികളില്‍ ഒരാളെ കൊലപ്പെടുത്തുകയും ചെയ്തതായി കൊന്യാക് സ്‌ക്രോള്‍ ഡോട്ടിനോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാനും വിവരങ്ങള്‍ പങ്കിടാനും പൊതു അറിയിപ്പുകള്‍ വഴി താമസക്കാരോട് രണ്ടുതവണ അഭ്യര്‍ത്ഥിച്ചതായി സൈന്യം ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണം അതിവേഗം പുരോഗമിക്കുകയാണെന്നും അത് എത്രയും വേഗം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സൈന്യം ആവര്‍ത്തിച്ചു.

ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം 

ഡിസംബര്‍ 4 ന് വൈകുന്നേരം, ടിരുരില്‍ നിന്ന് മോണ്‍ ജില്ലയിലെ ഒട്ടിങ്ങ് ഗ്രാമത്തിലേക്ക് കല്‍ക്കരി ഖനിത്തൊഴിലാളികളുമായി പോവുകയായിരുന്ന പിക്കപ്പ് വാനിനുനേരെയാണ് സൈന്യത്തിന്റെ 21 പാരാ സ്പെഷ്യല്‍ ഫോഴ്സ് വെടിയുതിര്‍ക്കുകയും വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തത്.  തൊഴിലാളികളുടെ സംഘത്തെ സൈന്യം കലാപകാരികളായി തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ സൈനികര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും പിന്നീട് മരിച്ചു. രാത്രിയായിട്ടും തൊഴിലാളികള്‍ വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന് യുവാക്കളുടെ സംഘം അവരെ അന്വേഷിച്ചിറങ്ങി. ഇവര്‍ സൈന്യത്തെ തടഞ്ഞുവെച്ചു, തുടര്‍ന്ന് പ്രതിഷേധക്കാര്‍ സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് തീയിട്ടു. സൈന്യത്തിന്റെ വെടിവെപ്പില്‍ ഏഴ് പേര്‍ കൂടി മരിച്ചു. മോണ്‍ ജില്ലാ ആസ്ഥാനത്തുള്ള അസം റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് പ്രദേശവാസികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 5 ഉച്ചകഴിഞ്ഞ് അക്രമം വ്യാപിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൂടി മരിച്ചു.

സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം പിന്‍വലിക്കാനുള്ള പഴയ ആവശ്യം ആവര്‍ത്തിച്ചായിരുന്നു ഗ്രാമീണരുടെ പ്രതിഷേധം. പൊതു ക്രമസമാധാനപാലനത്തിന് ആവശ്യമെന്നു തോന്നിയാല്‍ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനും സൈനിക ഉദ്യോഗസ്ഥര്‍ക്ക് വ്യാപകമായ അധികാരം നിയമം നല്‍കുന്നു.

ഡിസംബര്‍ 26 ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ അഫ്‌സ്പ പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്, നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയെ കൂടാതെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും ചര്‍ച്ചയില്‍ പങ്കെടുത്തു. അഫ്സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ കഴിഞ്ഞ ആഴ്ച ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു. ഇതിനിടെയിലാണ് ആറു മാസത്തേക്ക് കൂടീ അഫ്‌സ്പ നീട്ടിയതായി അറിയിപ്പുണ്ടായിരിക്കുന്നത്. നാഗാലാന്റ് വര്‍ഷങ്ങളായി 'അഫ്‌സ്പ' നിയമത്തിന്റെ കീഴിലാണ്. 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നിയമം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് നാഗാലാന്‍ഡില്‍ വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു.  

സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടത് കൂടാതെ  30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നവരില്‍ നാഗാലാന്‍ഡിലും മണിപ്പൂരിലും അടിത്തറയുള്ള നാഗ പീപ്പീള്‍സ് ഫ്രണ്ടും (എന്‍പിഎഫ്), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) മുന്നിലുണ്ട്. ഇരുവരും മണിപ്പൂരില്‍ ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷികളാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസും നിയമം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ അഫ്സ്പ പ്രധാന പ്രചാരണ വിഷയമായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായ വഴിത്തിരിവില്‍, ബിജെപി കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ തേടുമ്പോള്‍, സഖ്യ സര്‍ക്കാരിനെതിരായ ഏറ്റവും വലിയ പ്രചാരണായുധമായി അഫ്സ്പ ഉയര്‍ത്തിക്കാട്ടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്

ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച നിയമം
ക്വിറ്റ് ഇന്ത്യ സമരനാളിലാണ് സായുധ സേനയ്ക്ക് ആദ്യമായി പ്രത്യേകാധികാരം നല്‍കപ്പെടുന്നത്. രാജ്യമെങ്ങും വ്യാപിച്ച സമരത്തെ അടിച്ചമര്‍ത്തുന്നതിനായി, 1942 ആഗസ്റ്റ് 15നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കുന്നത്. സ്വാതന്ത്ര്യാനന്തരം തുടര്‍ന്ന സംഘര്‍ഷങ്ങളും അസ്വസ്ഥതകളും കണക്കിലെടുത്ത് നിയമം തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സമാന മാതൃകയില്‍ ബംഗാള്‍ ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് സ്‌പെഷ്യല്‍ പവേഴ്‌സ് ഓഫ് ആംഡ് ഫോഴ്‌സസ് ഓര്‍ഡിനന്‍സ്, അസം ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് സ്‌പെഷ്യല്‍ പവേഴ്‌സ് ഓഫ് ആംഡ് ഫോഴ്‌സസ് ഓര്‍ഡിനന്‍സ്, ഈസ്റ്റ് ബംഗാള്‍ ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് സ്‌പെഷ്യല്‍ പവേഴ്‌സ് ഓഫ് ആംഡ് ഫോഴ്‌സസ് ഓര്‍ഡിനന്‍സ്, യുണൈറ്റഡ് പ്രോവിന്‍സസ് ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് സ്‌പെഷ്യല്‍ പവേഴ്‌സ് ഓഫ് ആംഡ് ഫോഴ്‌സസ് ഓര്‍ഡിനന്‍സ് എന്നിങ്ങനെ സര്‍ക്കാര്‍ കൊണ്ടുവന്നു. ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്ന് സംസ്ഥാനങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന, ഭരണഘടനയുടെ ആര്‍ക്കിള്‍ 355 പ്രകാരമായിരുന്നു കേന്ദ്രത്തിന്റെ നടപടി. 

പ്രത്യേക അധികാരങ്ങള്‍
ആഭ്യന്തര അസ്വസ്ഥതകളോ സംഘര്‍ഷങ്ങളോ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍, സംസ്ഥാനങ്ങളെ സഹായിക്കാനാണ് സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കിയത്. ഇന്ത്യന്‍ ആര്‍മി, എയര്‍ ഫോഴ്സ്, കേന്ദ്ര സായുധ പാരാമിലിട്ടറി സേനകള്‍ എന്നിവയ്ക്ക് അസാധാരണമായ അധികാരങ്ങളും നിയമപരിരക്ഷയും നിയമം നല്‍കുന്നു. അക്രമവും അസ്വസ്ഥതകളും രൂക്ഷമായ പ്രദേശങ്ങളില്‍ ക്രമസമാധാനം പുനസ്ഥാപിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അക്രമത്തിനോ സംഘര്‍ഷത്തിനോ സാധ്യതയുണ്ടെന്ന് തോന്നിയാല്‍, കൃത്യമായ മുന്നറിയിപ്പ് നല്‍കിയശേഷം, ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാനും സംശയം തോന്നിയാല്‍ വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും സേനയ്ക്ക് അധികാരമുണ്ട്. അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിക്കാനാകും. എവിടെയും മുന്‍കൂര്‍ അനുമതി കൂടാതെ ചെന്ന് പരിശോധിക്കാനും, ഏത് വാഹനവും തടഞ്ഞു നിര്‍ത്തി പരിശോധിക്കാനും നിയമം അധികാരം നല്‍കുന്നു. ലൈസന്‍സുള്ള തോക്കുകള്‍പോലും ആളുകളില്‍നിന്ന് പിടിച്ചെടുക്കാം. അഫ്‌സ്പ പ്രകാരമുള്ള അധികാരം ഉപയോഗിച്ചതിന്റെ പേരില്‍ ഒറു സായുധ സേനാംഗത്തിനെതിരെ കേസോ വിചാരണയോ മറ്റേതെങ്കിലും നിയമനടപടികളോ സ്വീകരിക്കാന്‍ വ്യവസ്ഥയില്ല. അതിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇത്തരത്തില്‍ സവിശേഷമായ അധികാരങ്ങളാണ് അഫ്‌സ്പ സായുധസേനയ്ക്ക് നല്‍കുന്നത്.