കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറയ്ക്കുന്നു; 28 ദിവസത്തിനകം രണ്ടാം ഡോസ് നല്‍കാന്‍ നീക്കം

 
Kerala Vaccination

കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം


കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സ്വകാര്യ ആശുപത്രികളില്‍നിന്നും ക്ലിനിക്കുകളില്‍ നിന്നും പണമടച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കുള്ള രണ്ടാം ഡോസിന്റെ ഇടവേളയാണ് കേന്ദ്രം കുറയ്ക്കുന്നത്. ആദ്യ ഡോസിനുശേഷം 12-16 ആഴ്ചയ്ക്കുശേഷം (84 ദിവസം) രണ്ടാം ഡോസ് എന്നതായിരുന്നു സര്‍ക്കാരിന്റെ നയം. എന്നാല്‍, നാല് ആഴ്ചയിലേക്ക് (28 ദിവസം) രണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് വിശ്വസ്ത ഉറവിടങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് കേരള ഹൈക്കോടതി അറിയിച്ചിരുന്നു. കോവിന്‍ വെബ്സൈറ്റില്‍ ഇതിനുവേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായാണ് വാക്‌സിന്‍ ഇടവേള കുറയ്ക്കുന്നതെന്നാണ് വിശ്വസ്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം എന്നാണെന്നതു സംബന്ധിച്ച സൂചനകളില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്നായിരുന്നു കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്‌സിന്‍ ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. അങ്ങനെയെങ്കില്‍, വിദേശത്ത് പോകുന്നവര്‍ക്ക് എങ്ങനെയാണ് ഇളവ് അനുവദിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. അടിയന്തര സാഹചര്യം പരിഗണിച്ചാണ് അത്തരമൊരു ഇളവ് നല്‍കുന്നതെന്ന് കേന്ദ്രം അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിനകം വാക്‌സിന്‍ എടുക്കാമെന്ന് ഉത്തരവിട്ട കോടതി അതിനനുസരിച്ച് കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കുകയും ചെയ്തു. സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് 45 ദിവസം കഴിഞ്ഞിട്ടും  ജീവനക്കാര്‍ക്ക് രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്‌സ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.