പ്രകോപനപരം; കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെതിരെ കേന്ദ്രം

 
India Covid Cases

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഇന്ത്യ കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെതിരെ കേന്ദ്രം. ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് പ്രകോപനപരവും, ശ്രദ്ധനേടിയെടുക്കുന്നതിനുമുള്ള ലേഖനമാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. മഹാമാരിക്കെതിരെ ഇന്ത്യ മികച്ച പ്രതിരോധം സ്വീകരിക്കുകയും, കോവിഡ് കേസുകള്‍ കുറയുകയും, വാക്‌സിനേഷന്‍ അതിവേഗത്തില്‍ നടക്കുമ്പോഴുമായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. 

കോവിഡിനെ ഇന്ത്യ നന്നായി പ്രതിരോധിച്ചുകൊണ്ടിരുന്ന സമയത്താണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് ഐസിഎംആര്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാക്‌സിനേഷന്‍ മികച്ചരീതിയില്‍ നടക്കുന്ന സമയത്തുള്ള റിപ്പോര്‍ട്ട് പ്രകോപനപരവും ആളുകളുടെ ശ്രദ്ധയെ വഴിതിരിച്ചുവിടുന്നതുമായിരുന്നു. അതില്‍ പരാമര്‍ശിക്കുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതാണ്. അവയൊന്നും ഒരു പ്രധാന്യവും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ചു, എന്നായിരുന്നു റിപ്പോര്‍ട്ടിനെക്കുറിച്ച് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോളിന്റെ പ്രതികരണം. വികലവും സന്ദര്‍ഭത്തിനു യോജിക്കാത്തതുമായ റിപ്പോര്‍ട്ടാണ് അത്. അതൊട്ടും അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ മാരകമായ കോവിഡ് തരംഗം ആഞ്ഞടിക്കുമ്പോള്‍, രാഷ്ട്രീയം ശാസ്ത്രത്തെ മറികടക്കുന്നു എന്ന തലക്കെട്ടിലാണ് ന്യൂയോര്‍ക് ടൈംസ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഐസിഎംആര്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്' മുന്‍ഗണന നല്‍കാനും കോവിഡ് ഭീഷണിയെ നിസാരവല്‍ക്കരിക്കാനും നിര്‍ബന്ധിതരായെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ കോവിഡ് ഒന്നാം തരംഗം 2020 സെപ്തംബറില്‍ മൂര്‍ധന്യത്തിലെത്തുമെന്നും 2021 ഫെബ്രുവരിയോടെ നിയന്ത്രണ വിധേയമാകുമെന്നും ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനുപിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ഇന്ത്യ കോവിഡിനെ അതിജീവിച്ചെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ടുമാസം കഴിഞ്ഞതോടെ, കോവിഡ് വ്യാപനം വര്‍ധിക്കുകയും രണ്ടാം തരംഗം ആരംഭിക്കുകയും ചെയ്തിരുന്നു. സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുകയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണയ്ക്കാനും നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണം ആരംഭിക്കുന്നതിനുമായി, പഠനങ്ങളില്‍ കോവിഡ് വ്യാപന സാധ്യത കുറച്ചുകാണിച്ചെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.