എ പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്മാന്

ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു.ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
മുനവരി ബീഗം, മഫൂജ ഖാതൂണ െന്നിവരാണ് ഹജ്ജ് കമ്മിറ്റി വൈസ് ചെയര്പേഴ്സണ്മാര്. ഇതാദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍പേഴ്സണ്‍മാരാകുന്നത്.

ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. 2025 മാര്‍ച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉള്‍പ്പെടുത്തിയത്.
തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസി കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റാണ്. കോഴിക്കോട് കാരന്തൂരിലെ മര്‍കസ് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറുമാണ്.
നേരത്തെ കോണ്‍ഗ്രസിലും സിപിഎമ്മിലും പ്രവര്‍ത്തിച്ചിരുന്ന അബ്ദുള്ളക്കുട്ടി 2019ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് പദവിയിലെത്തി. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ അബ്ദുല്ലക്കുട്ടി ഉള്‍പ്പെട്ടത്. രണ്ട് മുസ്ലിം വനിതകള്‍ ആദ്യമായി ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍മാരായ സന്തോഷം പങ്കുവെച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ട്വീറ്റ് ചെയ്തു. എപി അബ്ദുള്ളക്കുട്ടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.