പഞ്ചാബില്‍ അപ്രതീക്ഷിത നീക്കം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരണ്‍ജിത്ത് സിംഗ് ചന്നി

 
Charanjit Singh Channi

സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പഞ്ചാബില്‍ അപ്രതീക്ഷിത നീക്കങ്ങള്‍. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി ചരണ്‍ജിത്ത് സിംഗ് ചന്നിയെ തിരഞ്ഞെടുത്തു. ഇതോടെ, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പിന്‍ഗാമിയായി ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാകും. സംസ്ഥാന ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയെന്ന ഖ്യാതിയും ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് സ്വന്തമാകും. 

നേരത്തെ, സുഖ്ജീന്ദര്‍ രണ്‍ധാവയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടത്. നിയമസഭാ കക്ഷി നേതാവായി രണ്‍ധാവയെ ഏകകണ്‌ഠേന തെരഞ്ഞെടുത്തെന്നും ഇക്കാര്യം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നുമായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം പ്രതീക്ഷിക്കുന്നതിനിടെയാണ്, ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയാകുമെന്നുള്ള അറിയിപ്പുണ്ടായിരിക്കുന്നത്. 

58കാരനായ ചന്നി രൂപ്‌നഗറിലെ ചാംകൗര്‍ സാഹിബില്‍നിന്നുള്ള എംഎല്‍എയാണ്. മൂന്ന് തവണയാണ് ഇവിടെനിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍,  31 ശതമാനം വരുന്ന ദളിത് സമുദായത്തെ ഒപ്പം നിര്‍ത്താമെന്ന കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍ കൂടിയാണ് ചന്നിക്ക് അവസരമൊരുക്കിയത്.

പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിദ്ദുവിന്റെ എതിര്‍പ്പാണ് രണ്‍ധാവയെ അവസാനനിമിഷം ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമവായ ചര്‍ച്ചകളിലാണ് ചന്നിയുടെ പേര് നിര്‍ദേശിക്കപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വം അത് അംഗീകരിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചന്നിയും മറ്റു മുതിര്‍ന്ന നേതാക്കളും ഇന്നുതന്നെ ഗവര്‍ണറെ കാണും. സത്യപ്രതിജ്ഞ ഉള്‍പ്പെടെ കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടായേക്കും. 

ആഭ്യന്തര കലഹത്തിനൊടുവിലാണ് അമരീന്ദര്‍ സിംഗ് ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാല്‍പ്പതിലധികം എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ, അപമാനം സഹിച്ച് തുടരാനാകില്ലെന്ന് അമരീന്ദര്‍ സോണിയയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് രാജി സമര്‍പ്പിച്ചത്. 117 അംഗ നിയമസഭയില്‍ 80 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്.