ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈന പുതിയ ഗ്രാമം നിര്‍മ്മിച്ചോ? റിപോര്‍ട്ടുകള്‍ തള്ളി ബിപിന്‍ റാവത്ത് 

 
china

ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈന ഗ്രാമങ്ങള്‍ നിര്‍മിച്ചെന്ന  റിപോര്‍ട്ടുകള്‍ തള്ളി സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ ചൈന അവരുടെ ഭൂപ്രദേശത്ത് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും റാവത്ത് പറഞ്ഞതായി ടൈസ് നൗ റിപോര്‍ട്ട് പറയുന്നു. പെന്റഗണ്‍ കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറി ചൈന ഗ്രാമം നിര്‍മിച്ചെന്ന പരാമര്‍ശമുള്ളതായാണ് റിപോര്‍ട്ടുകള്‍ പുറത്തു വന്നത്. അരുണാചല്‍ പ്രദേശില്‍ ചൈന 101 വീടുകള്‍ ഉള്‍പ്പെടുന്ന പുതിയ ഗ്രാമം നിര്‍മ്മിച്ചതായി ജനുവരിയില്‍ എന്‍ഡിടിവിയും റിപോര്‍ട്ട് ചെയ്തിരുന്നു. അരുണാചല്‍ പ്രദേശിലെ അപ്രര്‍ സുബാന്‍ഹിരി ജില്ലയിലല്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നാണ് നിര്‍മ്മവണമെന്നും  ഇതൊരു ചൈനീസ് സൈനിക ക്യാംപാണെന്നും അരുണാചല്‍ സര്‍ക്കാര്‍ പ്രതികരിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.  തര്‍ക്കമേഖലയിലാണ് ഈ നിര്‍മിതി സ്ഥിതി ചെയ്യുന്നതെന്നും സ്ഥലത്ത് ഫീല്‍ഡ് അസൈന്‍മെന്റിനു വേണ്ടി നിയോഗിച്ച ഒരു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ പുറത്തു വന്ന റിപോര്‍ട്ടുകളെല്ലാം നിഷേധിക്കുന്നതാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം. 'ചൈനയ്ക്ക് അവരുടെ സിവിലിയന്‍മാരെയോ ഭാവിയില്‍ അവരുടെ സൈനികരെയോ നിയന്ത്രണ രേഖയില്‍ ഉടനീളം താമസിപ്പിക്കുന്നതിന് വേണ്ടി ഗ്രാമങ്ങള്‍ നിര്‍മ്മിക്കുകയാണ്' ടൈംസ് നൗ ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു.

ടിബറ്റ് സ്വയംഭരണ പ്രദേശത്തിനും അരുണാചല്‍ പ്രദേശിനും ഇടയിലുള്ള തര്‍ക്ക പ്രദേശത്തിനുള്ളില്‍ ചൈന ഗ്രാമം നിര്‍മ്മിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് അടുത്തിടെ പുറത്തിറക്കിയതായുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം. യുഎസ് റിപ്പോര്‍ട്ടിനോട് ഔദ്യോഗികമായി പ്രതികരിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൈനയുടെ അനധികൃത  അധിനിവേശമോ ചൈനയുടെ അവകാശവാദങ്ങളോ അംഗീകരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

ചൈനീസ് സൈനികര്‍ ഒറ്റപ്പെട്ടിരിക്കുന്നു, അവര്‍ മുഖ്യ ഭുപ്രദേശത്ത് നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് താമസിക്കുന്നത്  ബിപിന്‍ റാവത്ത് പറഞ്ഞു. നമ്മുടെ സൈനികര്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ നാട്ടിലേക്ക് പോകാം. ചൈനീസ് പട്ടാളക്കാര്‍ക്ക് ആ ആഡംബരമില്ല. അതുകൊണ്ടാണ് ചൈന ഇത്തരത്തിലുള്ള ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നത്, അവ നിയന്ത്രണ രേഖയിലെ യുടെ അവരുടെ ഭാഗത്താണ്. നിയന്ത്രണരേഖയിലെ  ധാരണയെ അവര്‍ എവിടെയും ലംഘിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു. 

പതിറ്റാണ്ടുകളായി ചൈന നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ചൈനീസ് കൈയേറ്റമോ അവകാശവാദങ്ങളോ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്ത്യ നിരന്തരം നിരീക്ഷിക്കുകയാണെന്നും പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പെന്റഗണ്‍ റിപ്പോര്‍ട്ട് കേന്ദ്രം ശ്രദ്ധിച്ചിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ സൈന്യം ഏറ്റുമുട്ടിയതു മുതല്‍ ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കത്തിലായിരുന്നു. ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൈനീസ് പക്ഷത്തിന് നഷ്ടപ്പെട്ടത് നാല് സൈനികരെയാണ്. 
നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഫെബ്രുവരിയില്‍ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് ലേക്കില്‍ നിന്ന് ഇന്ത്യയും ചൈനയും പിന്‍മാറിയിരുന്നു. ജൂലൈ 31ന് നടന്ന കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും ഗോഗ്രയില്‍ നിന്ന് പിരിഞ്ഞുപോകാനും ധാരണയിലെത്തിയിരുന്നു.
ഒക്ടോബര്‍ 10ന് ഇരുരാജ്യങ്ങളും 13-ാം റൗണ്ട് സൈനിക ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ചൈനീസ് പക്ഷം അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.