ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം; ചൈനയുടെ എതിര്‍പ്പ് തള്ളി ഇന്ത്യ 

 
d

ഉപരാഷ്ട്രപതി  വെങ്കയ്യ നായിഡുവിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ തുടര്‍ന്നുള്ള ചൈനയുടെ എതിര്‍പ്പിനെ ഇന്ത്യ ശകത്മായി പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അരുണാചല്‍ പ്രദേശ് ഇന്ത്യന്‍ സംസ്ഥാനമാണെന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യന്‍ സംസ്ഥാനത്തെ നേതാക്കളുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത് ഇന്ത്യന്‍ ജനതയുടെ യുക്തിക്കും ധാരണയ്ക്കും എതിരാണെന്നും  വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനീസ് വക്താവിന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചു. അത്തരം അഭിപ്രായങ്ങള്‍ ഞങ്ങള്‍ തള്ളികളയുകയാണ്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്, ബാഗ്ചി പറഞ്ഞു.

അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ പറഞ്ഞത്. 

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെ ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ പ്രദേശിലേക്ക് പതിവായി യാത്ര ചെയ്യുന്നു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തെ ഇന്ത്യന്‍ നേതാക്കളുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത് ഇന്ത്യന്‍ ജനതയുടെ യുക്തിക്കും ധാരണയ്ക്കും നിരക്കുന്നതല്ല, ''ബാഗ്ചി പറഞ്ഞു. അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഇന്ത്യന്‍ നേതാക്കളുടെ സന്ദര്‍ശനത്തെ ചൈന എതിര്‍ക്കുന്നത്.  അതിര്‍ത്തി പ്രശ്‌നങ്ങളില്‍ 13-ആം റൗണ്ട് സൈനിക ചര്‍ച്ചകളില്‍ തീരുമാനമാകാതെ അവസാനിച്ചതിന് ശേഷം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും വാദങ്ങള്‍ ഉന്നയിച്ചത്. 

ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ പടിഞ്ഞാറന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍എസി) യിലെ നിലവിലെ അവസ്ഥയ്ക്ക് കാരണം, ഉഭയകക്ഷി കരാറുകള്‍ ലംഘിച്ചുള്ള ചൈനീസ് പക്ഷത്തിന്റെ ഏകപക്ഷീയമായ ശ്രമങ്ങളാണ്, പരസ്പര ബന്ധമില്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് പകരം
ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും പൂര്‍ണ്ണമായി പാലിക്കുന്നതിനൊപ്പം കിഴക്കന്‍ ലഡാക്കിലെ എല്‍എസിയില്‍ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ചൈനീസ് ഭാഗം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബാഗ്ചി പറഞ്ഞു. 'യുക്തിരഹിതവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ ആവശ്യങ്ങളില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നത് ചര്‍ച്ചകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ചൈനീസ് പിഎല്‍എയുടെ വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് ആരോപിക്കുന്നത്. ഒക്ടോബർ 9-ന് ആണ് രണ്ട് ദിവസത്തെ സന്ദർശനത്തിനുവേണ്ടി ഉപരാഷ്ട്രപതി അരുണാചൽപ്രദേശിലെത്തിയത്.