നിയന്ത്രണ രേഖയ്ക്കുസമീപം ചൈന സൈനികര്‍ക്ക് പുതിയ താവളമൊരുക്കുന്നതായി റിപ്പോര്‍ട്ട്

 
eastern ladakh

കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യത്തിനായി ചൈന താമസസൗകര്യങ്ങള്‍ സജ്ജമാക്കുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ ഇന്ത്യന്‍ സൈനിക വിന്യാസം കണക്കിലെടുത്താണ് ചൈനീസ് അതിര്‍ത്തിയിലെ നടപടികള്‍. പുതിയ മോഡുലാര്‍ കണ്ടെയ്‌നര്‍ അധിഷ്ഠിത താമസസൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇതുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രതിഫലനമായാണ് ചൈനീസ് നീക്കത്തെ വിലയിരുത്തുന്നത്. ടാഷിഗോംഗ്, മന്‍സ, ഹോട്ട് സ്പ്രിംഗ്‌സ് ഉള്‍പ്പെടെ മേഖലകളിലാണ് ഇത്തരം താമസസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ നിന്നേറ്റ തിരിച്ചടിയുടെ ചൂട് അനുഭവിച്ച ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സൈന്യത്തെ കൂടുതലായി വിന്യസിക്കാനും നിര്‍ബന്ധിതരായിട്ടുണ്ട്. അതുകൊണ്ടാണ് മുന്‍കാലങ്ങളില്‍ അധികം സാന്നിധ്യമില്ലാതിരുന്ന മേഖലകളിലും ഇടങ്ങളിലും ചൈന സൈന്യത്തെ വിന്യസിക്കുന്നത്. 'അതിര്‍ത്തിയിലെ ഇന്ത്യയുടെ തന്ത്രം അവരെ അത്രയധികം വേദനിപ്പിച്ചിട്ടുണ്ട്. ഇന്ത്യ നല്‍കിയ മറുപടിയോടാണ് അവര്‍ പ്രതികരിക്കുന്നത്. അതുകൊണ്ടാണ് അവര്‍ തങ്ങളുടെ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിക്കാനും നിര്‍ബന്ധിതരായിരിക്കുന്നത്' -ഇതുമായി ബന്ധമുള്ളയാള്‍ പ്രതികരിച്ചു. 

ഗാല്‍വനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ചൈനീസ് സൈന്യം സ്ഥാപിച്ച അധിക സൈനിക ക്യാമ്പുകള്‍ക്കുപുറമെയാണ് പുതിയ കണ്ടെയ്‌നര്‍ അധിഷ്ഠിത താമസസൗകര്യങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് 3500 കിലോമീറ്ററിലും മറ്റുമായി തുരങ്കങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, മറ്റു നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മാണവും ഇന്ത്യ ത്വരിതപ്പെടുത്തിയിട്ടുണ്ട്.