'കോര്‍പ്പറേറ്റ് കേസുകള്‍ക്ക് മാത്രം  മുന്‍ഗണന നല്‍കാനാകില്ല; ദുര്‍ബല വിഭാഗങ്ങള്‍ക്കും പരിഗണന ലഭിക്കണം'

 
d

കോര്‍പ്പറേറ്റ് കാര്യങ്ങള്‍ക്കു മാത്രമായി പ്രാധാന്യം നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മെന്‍ഷനിംഗ് (പട്ടികയിലില്ലാത്ത കേസുകള്‍ക്ക് അടിയന്തിര പരിഗണന കിട്ടാന്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ പരാമര്‍ശിക്കുന്ന രീതി) രീതി കാര്യക്ഷമമാക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കോര്‍പ്പറേറ്റ് ആളുകള്‍ വരുകയും അവരുടെ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. അപ്പോള്‍ മറ്റു കാര്യങ്ങള്‍ പിന്നിലേക്കു പോകും. ക്രിമിനല്‍ അപ്പീലുകളും മറ്റു കേസുകളുമൊക്കെ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്. മറ്റുള്ളവര്‍ക്കും നാം പ്രാധാന്യം നല്‍കണം. ദുര്‍ബല വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

പട്ടികയില്ലാത്ത തങ്ങളുടെ കേസുകള്‍ക്ക് അടിയന്തിര പരിഗണന കിട്ടാന്‍ അഭിഭാഷകര്‍ വാക്കാന്‍ മെന്‍ഷനിംഗ് നടത്തുന്നതിനെ പരാമര്‍ശിച്ചായിരുന്നു ചീഫ് ജസ്റ്റിന്റെ വാക്കുകള്‍. വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന ക്രിമിനല്‍ കേസുകളുടെ ഭാരം കോടതി ചുമക്കുമ്പോള്‍ കോര്‍പ്പറേറ്റ് കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന അഭിഭാഷകരുടെ മനോഭാവത്തിലാണ് ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചത്. സീനിയര്‍ അഭിഭാഷകര്‍ക്കും ജൂനിയര്‍ അഭിഭാഷകര്‍ക്കുമിടയില്‍ തുല്യത ഉറപ്പാക്കാനാണ് മെന്‍ഷനിംഗ് കൊണ്ടുവന്നതെന്ന് ചീഫ് ജസ്റ്റിസ് നേരത്തെയും സൂചിപ്പിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കാനോ അതിലൂടെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

പട്ടികയിലില്ലാത്ത കേസുകള്‍ക്ക് അടിയന്തിര പരിഗണന കിട്ടാന്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ പരാമര്‍ശിക്കുന്ന രീതിയാണ് മെന്‍ഷനിംഗ്. ചീഫ് ജസ്റ്റീസിന്റെ വിവേചനാധികാരം ഉപയോഗിച്ച് അത്തരം കേസുകളില്‍ എളുപ്പത്തില്‍ നടപടികളെടുക്കാനും തീയതി ലഭിക്കാനും മെന്‍ഷനിംഗ് സഹായകമാണ്. മെന്‍ഷനിംഗ് കഴിഞ്ഞശേഷമാണ് പട്ടികയിലുള്ള കേസുകള്‍ പരിഗണിക്കുന്നത്. കോടതിയുടെ കീഴ്‌വഴക്കം അനുസരിച്ച് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ്‌സ് വിഭാഗത്തില്‍പ്പെട്ട ജൂനിയര്‍ അഭിഭാഷകരാണ് മെന്‍ഷനിംഗ് നടത്തേണ്ടത്. അഭിഭാഷകര്‍ വരിനിന്നാണ് ആവശ്യങ്ങള്‍ ഉന്നയിക്കുക. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് വരി നില്‍ക്കേണ്ടതില്ലാത്തതിനാല്‍ ഇവര്‍ ദീര്‍ഘസമയമെടുത്ത് പലവട്ടം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുന്നു. ഇത്തരത്തില്‍, കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകര്‍ കേസ് ഉന്നയിക്കാനെത്തുമ്പോള്‍, ജൂനിയര്‍ അഭിഭാഷകര്‍ക്കും മറ്റുള്ള കേസുകള്‍ക്കുമുള്ള അവസരം മെന്‍ഷനിംഗില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ടായിരുന്നു.