ബിജെപിയുടെ അജണ്ടയെന്ന് ഗെലോട്ട്; ജോധ്പൂരിലെ അക്രമങ്ങളില്‍ അറസ്റ്റിലായത് 97 പേര്

ജോധ്പൂരില്‍ ഈദ് ദിനത്തിലും തലേന്നും നടന്ന സംഘര്‍ഷത്തില്‍ 97 പേരെ രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തതായി എന്‍ഡിടിവി റിപോര്‍ട്ട്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 45 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നുമാണ് റിപോര്‍ട്ട്. സംഘര്‍ഷ പശ്ചാത്തലത്തില്‍ ഉദയ് മന്ദിര്‍, നാഗോരി ഗേറ്റ് എന്നിവയുള്‍പ്പെടെ ജോധ്പൂരിന്റെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്, കൂടുതല്‍ പ്രശ്നങ്ങളുണ്ടകാതിരിക്കാന് ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അക്രമത്തില്‍ പരിക്കേറ്റ മൂന്ന് പേര് ആശുപത്രികളില്‍ ചികിത്സയിലാണ്, 12-15 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി രാജസ്ഥാന് സര്‍ക്കാര്‍ അറിയിച്ചു.

ജലോരി ഗേറ്റ് സര്‍ക്കിളില്‍ പെരുന്നാള്‍ പതാകകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കല്ലേറിലേക്ക് നയിച്ചു, അക്രമത്തില്‍ കുറഞ്ഞത് അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകമുള്‍പ്പെടെ പ്രയോഗിച്ചിരുന്നു. ജോധ്പൂരില്‍ മൂന്ന് ദിവസത്തെ പരശുരാമ ജയന്തി ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം.
അക്രമത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വദേശമായ ജോധ്പൂരാണ് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'ഇത് ബിജെപിയുടെ അജണ്ടയാണ്, കാരണം പണപ്പെരുപ്പവും തൊഴിലില്ലായ്മയും വളരെയധികം വര്‍ദ്ധിച്ചു, അവര്‍ക്ക് ഇത് നിയന്ത്രിക്കാന്‍ കഴിയില്ല. അതിനാല്‍, ശ്രദ്ധ തിരിക്കാനാണ് അവര്‍ ഇത് ബോധപൂര്‍വം ചെയ്യുന്നത്.' അദ്ദേഹം ആരോപിച്ചു. ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഗീയ കലാപങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതായിരുന്നു ജോധ്്പൂരിലേത്.