മുഖ്യമന്ത്രി കസേര ലക്ഷ്യം? പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി സിദ്ദു, പ്രതിസന്ധിയൊഴിയാതെ കോണ്‍ഗ്രസ് 

 
D

പഞ്ചാബില്‍ ചരണ്‍ജിത് സിങ് ചന്നി സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അധിക്ഷേപിച്ച സംഭവങ്ങള്‍ക്കുമേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കിയില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്നാണ് സിദ്ദുവിന്റെ പ്രഖ്യാപനം. 

പഞ്ചാബില്‍ മയക്കുമരുന്ന് മാഫിയക്കെതിരെ നടപടിയെടുക്കാത്തതില്‍ മുന്‍ മുഖ്യമന്ത്രി  അമരീന്ദര്‍ സിങ്ങിനെതിരെയും സിദ്ദു രംഗത്ത് വന്നിരുന്നു. തനിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ആവര്‍ത്തിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകര്‍ക്കും പിന്നാലെ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കലഹത്തിന് ശേഷമാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. എന്നാല്‍ അമരീന്ദര്‍ സിങ്ങിന് പകരം ചരണ്‍ജിത് സിങ് ചന്നി എത്തിയപ്പോഴും സിദ്ദു വിമര്‍ശനവുമായി വീണ്ടും എത്തിയതോടെ പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. പാര്‍ട്ടി വിട്ട് പോയ അമരീന്ദര്‍ ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് സിദ്ദുവിന്റെ നീക്കമെന്നത് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. 

സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയതെന്ന്
സിദ്ദു ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ മയക്കു മരുന്ന് കേസുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടില്ലെല്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്നാണ് സിദ്ദു പറഞ്ഞത്. റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കുന്നതില്‍ കോടതി എതിര്‍പ്പറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ടുകളില്‍ പുറത്തു വിടാന്‍ മടിച്ചതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിദ്ദുവിന്റെ പുതിയ നീക്കം സംസ്ഥാനത്ത് പാര്‍ട്ടിക്ക് തുടര്‍ ഭരണം കിട്ടാനുള്ള സാധ്യത മങ്ങിയെന്നും റിപോര്‍ട്ടുകളുണ്ട്. അമരീന്ദര്‍ രാജിവയ്ക്കുന്നതിന് മുമ്പുനടത്തിയ ചില അഭിപ്രായ സര്‍വേകളിലും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തില്ലെന്ന് സൂചന ലഭിച്ചിരുന്നു. ആ ആദ്മി പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്നും സര്‍വേകള്‍ പറഞ്ഞിരുന്നു.

2015-ല്‍ പഞ്ചാബിലെ ബര്‍ഗാരി ടൗണില്‍ വെച്ച് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട
കേസിലും സിദ്ദു റിപോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മണല്‍-മദ്യ മാഫിയയെ ഇല്ലാതാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന് വലിയ തോതില്‍ കടക്കെണിയില്‍ നിന്ന് മുക്തി നേടാനാകുമെന്ന നിര്‍ദ്ദേശവും സിദ്ദു മുന്നോട്ട് വെയ്ക്കുന്നുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ താന്‍ പ്രത്യക്ഷ സമരം തുടരുമെന്നാണ് സിദ്ദുവിന്റെ മുന്നറിയിപ്പ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കേണ്ട 13 വിഷയങ്ങള്‍ ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ഇക്കാര്യങ്ങള്‍ സിദ്ദു പറഞ്ഞിരുന്നു. 

ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെതിരെയും സിദ്ദു ആഞ്ഞടിച്ചു. പഞ്ചാബിലെ ജനങ്ങള്‍ സംസ്ഥാനത്ത് നിന്നുള്ളവരെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നവെന്നാണ് സിദ്ദു പറഞ്ഞത്. പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റ് മേധാവിയുടെ ശബ്ദം കോണ്‍ഗ്രസ് അടിച്ചമര്‍ത്തുകയാണെന്ന് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് സിദ്ദു പ്രസ്താവന നടത്തിയത്. മണല്‍ മാഫിയ അവസാനിപ്പിക്കുമെന്ന മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ വ്യാജ വാഗ്ദാനങ്ങള്‍ സിദ്ദു തുറന്നുകാട്ടിയെന്നും കെജ്രിവാള്‍ പറഞ്ഞു.

നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റില്‍ സിദ്ദു മത്സരിച്ചാല്‍ സിദ്ദുവിനെതിരെ മത്സരിക്കുമെന്ന അമരീന്ദറിന്റെ മുന്നറിയിപ്പ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ആകെ ബാധിക്കുമെന്ന വിലയിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രി കസേര ഉറപ്പിക്കുക എന്നതാകും സിദ്ദുവിന്റെ തന്ത്രം. 

അമരീന്ദറിനെ രാജിവയ്പ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്താം എന്നതായിരുന്നു സിദ്ദുവിന്റെ ആദ്യത്തെ കണക്കുകൂട്ടല്‍. എന്നാല്‍ ചന്നിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ തിരിച്ചടിയായി.  സംസ്ഥാന പൊലീസ് മേധാവിയെയും അഡ്വക്കേറ്റ് ജനറലിനെയും നിയമിക്കുന്നതില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും അതും തള്ളി.ഇതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്നായിരുന്നു ഭീഷണി. ഇതും നേതൃത്വം കാര്യമായി എടുത്തില്ല. അപ്പോഴാണ് പുതിയ നീക്കവുമായി സിദ്ദു വീണ്ടും എത്തുന്നത്.