കല്‍ക്കരി ക്ഷാമം രൂക്ഷം; വൈദ്യുതി പ്രതിസന്ധിയെന്ന വെല്ലുവിളിക്കുമുന്നില്‍ രാജ്യം

 
energy crisis

പല വൈദ്യുതി നിലയങ്ങളിലും മതിയായ കല്‍ക്കരിയില്ല

ചൈനയിലെ കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും മൂലം വ്യവസായങ്ങള്‍ നേരിടുന്ന സ്തംഭനാവസ്ഥ വലിയ വാര്‍ത്തയായിരുന്നു. രാജ്യത്തെ 20 പ്രവിശ്യകളിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. വൈദ്യുതി ഉപഭോഗം പരിധി കടക്കാതിരിക്കാന്‍ പവര്‍കട്ട് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ചൈന ഏര്‍പ്പെടുത്തിയത്. വ്യവസായശാലകള്‍ താല്‍ക്കാലികമായി അടച്ചിടുകയോ പ്രവര്‍ത്തനസമയം കുറയ്ക്കുകയോ ചെയ്യുന്നു. പല കമ്പനികള്‍ക്കും വൈദ്യുതി റേഷനിങ്ങും ഏര്‍പ്പെടുത്തി. മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനത്തെയും ഇത് സാരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇന്ത്യയിലെ സാഹചര്യം അതിനേക്കാള്‍ മോശമാകാനുള്ള എല്ലാം സാധ്യതകളുമുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനെ ശരിവെക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

കാത്തിരിക്കുന്നത് ഊര്‍ജ പ്രതിസന്ധി? 
ഖനനം കുറയുകയും കല്‍ക്കരി വിതരണം സാധ്യമാകാതെ വരുകയും ചെയ്തതോടെ ഊര്‍ജ പ്രതിസന്ധിയെന്ന വലിയ വെല്ലുവിളിയുടെ മുന്നിലാണ് രാജ്യം. മൂന്നോ നാലോ ദിവസത്തേക്ക് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമാണ് വിവിധ വൈദ്യുതി നിലയങ്ങളിലുള്ളത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പകുതിയിലധികം നിലയങ്ങളും വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. മഴ തുടരുകയാണെങ്കില്‍, ആറു മാസം വരെ ഈ പ്രതിസന്ധി തുടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അസാധാരണ കല്‍ക്കരി പ്രതിന്ധിയാണ് നേരിടുന്നതെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിംഗും വ്യക്തമാക്കി കഴിഞ്ഞു. കല്‍ക്കരി വിതരണത്തിലെ പ്രതിസന്ധി രാജ്യത്തെ കടുത്ത ഊര്‍ജക്ഷാമത്തിലേക്കും അതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ തന്നെ സ്തംഭനാവസ്ഥയ്ക്കും കാരണമായേക്കും. കോവിഡ് വെല്ലുവിളികളില്‍നിന്ന് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ അതിജീവനം തേടുമ്പോഴാണ് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധി നേരിടുന്നത്. 

വില്ലനായത് മഴ 
രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്. വൈദ്യുതി ഉപഭോഗം കൂടുന്നതനുസരിച്ച് കല്‍ക്കരിയുടെ ആവശ്യകതയും വര്‍ധിക്കും. എന്നാല്‍ ആഗസ്റ്റില്‍ പെയ്ത കനത്ത മഴയില്‍ പല ഖനികളിലും ഉല്‍പാദനം മുടങ്ങി, വിതരണവും നിലച്ചു. അതിനിടെ, കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞതോടെ, ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നത് ഊര്‍ജത്തിന്റെ ആവശ്യകത വര്‍ധിച്ചിരുന്നു. ഒക്ടോബറില്‍ ഉത്സവകാലം തുടങ്ങിയതോടെ, ആഭ്യന്തര, വ്യവസായിക വൈദ്യുതി ഉപഭോഗം അതിന്റെ മൂര്‍ധന്യത്തിലാണ്. ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച് രാജ്യത്തെ 50 ഓളം നിലയങ്ങളില്‍ 4 മുതല്‍ 10 ദിവസം വരെ ഉല്‍പാദനത്തിന് ആവശ്യമായ കല്‍ക്കരിയാണ് അവശേഷിക്കുന്നത്. 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്റ്റംബര്‍ 30ന് കല്‍ക്കരി തീര്‍ന്നിരുന്നു. 

മണ്‍സൂണിനു മുന്‍പായി ആവശ്യത്തിന് കല്‍ക്കരി സംഭരിക്കാതിരുന്നതും തിരിച്ചടിയായി. കിഴക്കന്‍, മധ്യ സംസ്ഥാനങ്ങളിലുണ്ടായ മണ്‍സൂണ്‍ മഴയാണ് കല്‍ക്കരി ഉല്‍പാദനത്തെ സാരമായി ബാധിച്ചത്. ഖനനം നടന്നില്ല, ലോജിസ്റ്റിക്‌സിനെയും ബാധിച്ചു. രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട്. ചൈനയിലെയും യൂറോപ്പിലെയും ഊര്‍ജ പ്രതിസന്ധിയാണ് ആഗോളതലത്തില്‍ കല്‍ക്കരിയുടെ വില ഉയരാന്‍ കാരണമായത്. അതോടെ, ഇറക്കുമതി ചെലവും ഉയര്‍ന്നു. 

വൈദ്യുതി നിയന്ത്രണം, നിരക്ക് വര്‍ധന
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, വൈദ്യുതി വിതരണ ലഭ്യതയും ഉയര്‍ന്ന ആവശ്യകതയും തമ്മിലുള്ള അന്തരം നാല് ജിഗാവാട്ടിലധികം വര്‍ധിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ക്ഷാമം ഉയര്‍ന്നുവന്നിട്ടുണ്ട്. പീക് അവറുകളില്‍ കൂടിയ വില നല്‍കിയാണ് പല സംസ്ഥാനങ്ങളും കേന്ദ്രത്തില്‍നിന്ന് വൈദ്യതി വാങ്ങുന്തന്. ഇത് വൈദ്യുത നിരക്ക് വര്‍ധനയ്ക്ക് കാരണമായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കല്‍ക്കരി ലഭ്യതയില്‍ലെ ഇടിവുമൂലം പുറത്തുനിന്നും കേരളത്തിനു ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. എന്നാല്‍, വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. പീക് അവറില്‍ യൂണിറ്റിന് 20 രൂപ വരെ ഈടാക്കിയാണ് കേന്ദ്ര പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നും വൈദ്യുതി ലഭ്യമാക്കുന്നത്. അതിനാല്‍, പീക് അവറായ വൈകിട്ട് 6.30 മുതല്‍ രാത്രി 11 വരെ സമയങ്ങളില്‍ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നാണ് കെഎസ്ഇബി അഭ്യര്‍ഥിച്ചു. കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റര്‍, മിക്‌സി, ഇലക്ട്രിക് അവ്ന്‍, ഇലക്ട്രിക് അയണ്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കരുത്.

പ്രതിസന്ധിയെ മറികടക്കണം
പ്രതിസന്ധിയുണ്ടെങ്കിലും അത് സാരമായി ബാധിക്കാതെ മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് ഊര്‍ജമന്ത്രി ആര്‍.കെ സിംഗ് പറയുന്നത്. ആവശ്യങ്ങള്‍ നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രതിസന്ധി ഒഴിവാക്കുന്നത് സംബന്ധിച്ച മറ്റു മന്ത്രാലയങ്ങളുമായി ചേര്‍ന്ന് കാര്യങ്ങള്‍ നീക്കുന്നുണ്ട്. മഴ കുറയുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. കല്‍ക്കരി ഉല്‍പാദനം 2024ഓടെ ഒരു ബില്യണ്‍ ടണ്‍ ആയി ഉയര്‍ത്തുകയാണ് കല്‍ക്കരി മന്ത്രാലയത്തിന്റെ ലക്ഷ്യം. 202-21 കാലയളവില്‍ 716 മില്യണ്‍ ടണ്‍ ആയിരുന്നു രാജ്യത്തെ കല്‍ക്കരി ഉല്‍പാദനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8 ലക്ഷം ടണ്‍ കല്‍ക്കരി കയറ്റുമതി ചെയ്തിരുന്നു. 

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇന്ധന ഉല്‍പാദകരായ കോള്‍ ഇന്ത്യ ലിമിറ്റഡ് പ്രതിദിന കല്‍ക്കരി വിതരണം 1.7 ദശലക്ഷണം ടണ്ണില്‍നിന്ന് ഒക്ടോബര്‍ പകുതിയോടെ 1.9 ദശലക്ഷം ടണ്ണായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലഭ്യതയും ആവശ്യതയും തമ്മിലുള്ള കമ്മി കുറയ്ക്കാന്‍ ഇത് സഹായകമാകും. നിലവില്‍, പവര്‍ പ്ലാന്റുകളിലേക്കുള്ള വിതരണത്തില്‍ പ്രതിദിനം 60,000 മുതല്‍ 80,000 ടണ്‍ വരെ കുറവ് വന്നിട്ടുണ്ടെന്നാണ് കല്‍ക്കരി സെക്രട്ടറി അനില്‍ കുമാര്‍ ജെയിന്‍ വ്യക്തമാക്കുന്നത്. 

മറ്റു മാര്‍ഗങ്ങള്‍ അനിവാര്യം
പ്രധാനമായും കല്‍ക്കരിയെ മാത്രം ആശ്രയിക്കുന്നതാണ് ഊര്‍ജ ഉല്‍പാദനത്തില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുതി നിലയങ്ങള്‍ കഴിഞ്ഞാല്‍ ജല വൈദ്യുതി ഉല്‍പാദനമാണ് ഇന്ത്യയിലെ പ്രധാന വൈദ്യുതി സ്രോതസ്. കല്‍ക്കരി ഖനികള്‍ക്ക് തിരിച്ചടിയാകുന്ന മണ്‍സൂണ്‍ കാലത്ത് ജല വൈദ്യുത പദ്ധതികളിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധ പക്ഷം. അണക്കെട്ടുകള്‍ നിറയുന്ന, ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലം പ്രയോജനപ്പെടുത്തണമെന്നാണ് പ്രധാന നിര്‍ദേശം.