വാര്‍ത്തകള്‍ക്ക് വര്‍ഗീയ നിറം; വെബ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ സുപ്രീംകോടതി 

 
NV Ramana

കോടതികളെയോ സാധാരണ ആളുകളെയോ അവര്‍ കേള്‍ക്കുന്നില്ല

വാര്‍ത്തകള്‍ക്ക് വര്‍ഗീയ നിറം നല്‍കാന്‍ സോഷ്യല്‍ മീഡിയയിലും വെബ് പോര്‍ട്ടലുകളിലും നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.വി രമണ. ഒന്നിനാലും നിയന്ത്രിക്കപ്പെടാതെയാണ് വെബ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയ കമ്പനികള്‍ അധികാരമുള്ള ആളുകളെ മാത്രമാണ് കേള്‍ക്കുന്നത്. കോടതികളെയോ സാധാരണ ആളുകളെയോ അവര്‍ കേള്‍ക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തളെ വര്‍ഗീയവത്കരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് രമണയുടെ ശ്രദ്ധേയ പരാമര്‍ശങ്ങള്‍. ജംഇയ്യത്ത് ഉലമ ഹിന്ദ് ഉള്‍പ്പെടെ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റിവച്ചു. 

ട്വറ്റര്‍, ഫേസ്ബുക്ക് അല്ലെങ്കില്‍ യുട്യൂബ് ആരും തങ്ങളോട് പ്രതികരിക്കാറില്ല. അവര്‍ക്ക് ഉത്തരവാദിത്തവുമില്ല. കോടതികളെക്കുറിച്ച് അവര്‍ മോശമായി എഴുതുന്നു. ചോദിച്ചാല്‍ പ്രതികരണമില്ല. ഇതെല്ലാം അവരുടെ അവകാശമാണെന്നാണ് പറയുന്നത്. അധികാരമുള്ള ആളുകളെക്കുറിച്ചാണ് അവരുടെ ആശങ്കകള്‍. ജഡ്ജിമാര്‍, കോടതികള്‍, സാധാരണ ജനങ്ങള്‍ എന്നിവര്‍ അതില്‍ വരുന്നില്ല. അതാണ് ഇപ്പോള്‍ കണ്ടുവരുന്നത് -ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ഇത്തരം വെബ് പോര്‍ട്ടലുകളെയും യുട്യൂബ് ചാനലുകളെയും നിയന്ത്രിക്കാന്‍ എന്തെങ്കിലും ചട്ടങ്ങളുണ്ടോയെന്നും ജസ്റ്റിസ് രമണ ചോദിച്ചു. യുട്യൂബ് നോക്കിയാല്‍, ഒരു മിനിറ്റിനുള്ളില്‍ വളരെയേറെ കാര്യങ്ങളാണ് അവര്‍ കാണിക്കുന്നത്. അവ എത്രത്തോളം വ്യാജമാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാകും. വാര്‍ത്തകള്‍ക്ക് വര്‍ഗീയ നിറം നല്‍കാനും ശ്രമമുണ്ട്. അതും ഒരു പ്രശ്‌നമാണ്. ആത്യന്തികമായി രാജ്യത്തിന് തന്നെ ചീത്തപ്പേരാണ് ഇവര്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, വര്‍ഗീയവത്കരിച്ച വാര്‍ത്തകള്‍ മാത്രമല്ല, നിര്‍മിത വാര്‍ത്തകളും ഇത്തരം ചാനലുകള്‍ നല്‍കുന്നുണ്ടെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി. ചീഫ് ജസ്റ്റിസ് ഉന്നയിച്ച അതേ പ്രശ്‌നങ്ങള്‍ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഐ.ടി ചട്ടങ്ങള്‍ പുതുക്കിയത്. എന്നാല്‍ ഈ ചട്ടങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വിവിധ ഹൈക്കോടതികളില്‍ കേസുകള്‍ നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലക്ക് മാറ്റാന്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.