ഗുജറാത്ത് കലാപക്കേസ്: 'വര്‍ഗീയ കലാപം ലാവ പോലെ; അത് ഭാവിയിലെ പ്രതികാരത്തിന് ഭൂമിയെ വളക്കൂറുള്ളതാക്കുന്നു'

 
Kapil Sibal
നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി


വര്‍ഗീയ കലാപങ്ങള്‍ അഗ്നിപര്‍വതത്തില്‍നിന്ന് പുറപ്പെടുന്ന ലാവ പോലെയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. അത് ഭാവിയിലെ പ്രതികാരത്തിന് ഭൂമിയെ വളക്കൂറുള്ളതാക്കി മാറ്റുമെന്നും സിബല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് എഹ്സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജിയില്‍ വാദിക്കുകയായിരുന്നു സിബല്‍. ജസ്റ്റിസുമാരായ എം.എ ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ വാദം തുടരുകയാണ്.

വിഭജനകാലത്തുണ്ടായ കലാപങ്ങളില്‍ മുതുമുത്തശ്ശന്മാരെ നഷ്ടപ്പെട്ടതിനെ അനുസ്മരിച്ച് വികാരഭരിതനായാണ് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്. ഭാവിയെക്കുറിച്ചാണ് യഥാര്‍ത്ഥത്തില്‍ ആശങ്കപ്പെടുന്നത്. അഗ്നിപര്‍വതത്തില്‍നിന്ന് പൊട്ടിപ്പുറപ്പെടുന്ന ലാവ പോലെയാണ് വര്‍ഗീയ കലാപം. അത് ഏത് സമുദായത്തിന്റേതായാലും. അത് സ്ഥാപനവത്കരിക്കപ്പെട്ട അക്രമമാണ്. ലാവ ഭൂമിയെ സ്പര്‍ശിക്കുന്നിടത്തെല്ലാം മുറിവേല്‍പ്പിക്കുകയും മുറിപ്പാടുകള്‍ അവശേഷിപ്പിക്കുകയും ചെയ്യും. അത് ഭാവിയിലെ പ്രതികാരത്തിന് ഭൂമിയെ വളക്കൂറുള്ളതാക്കി മാറ്റും. തന്റെ മാതൃ മാതാപിതാക്കളെ തനിക്ക് പാകിസ്ഥാനില്‍ നഷ്ടപ്പെട്ടു. ഇത്തരം കലാപങ്ങളുടെ ഇരയാണ് താന്‍. ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനോട് പൊരുത്തപ്പെടാനാകില്ലെന്ന് ലോകത്തിനൊരു സന്ദേശം നല്‍കണമെന്നും സിബല്‍ പറഞ്ഞു. 

ഗുജറാത്ത് കലാപക്കേസില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക അന്വേഷണം സംഘം (എസ്ഐടി) ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്താണ് സാകിയ ജാഫ്രി ഹര്‍ജി നല്‍കിയത്. നിരവധി നിര്‍ണായക തെളിവുകള്‍ അവഗണിച്ചും ശരിയായ അന്വേഷണം നടത്താതെയുമാണ് എസ്ഐടി കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സിബല്‍ വാദിച്ചു. ആരോപണവിധേയരായ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നില്ല, അവരുടെ ഫോണുകള്‍ കണ്ടെടുക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. അക്രമത്തിലും, ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിലുമുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പലരും തുറന്നുപറയുന്ന, തെഹല്‍ക്ക മാഗസിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ വിവരങ്ങളും എസ്‌ഐടി പരിശോധിച്ചില്ല. നരോദ പാട്യ കേസ് വിചാരണകളില്‍ ഇതേ ടേപ്പുകള്‍ ഉപയോഗിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി ടേപ്പുകളുടെ ആധികാരികത അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സാക്കിയ ജാഫ്രിയുടെ പരാതിയില്‍ എസ്‌ഐടി അവ അവഗണിച്ചു. 

സ്റ്റിംഗ് ടേപ്പിലുള്ളവരുടെ ഫോണുകള്‍ പോലും എസ്ഐടി പിടിച്ചെടുത്തില്ല. അവരുടെ കോള്‍ ഡാറ്റ റെക്കോര്‍ഡുകളും ശേഖരിച്ചിരുന്നില്ല. ഗൂഢാലോചന നടത്തുന്നതില്‍, നേരിട്ടുള്ള തെളിവുകള്‍ ഉണ്ടാകില്ല. സാഹചര്യങ്ങളില്‍നിന്ന് മാത്രമേ അത് അനുമാനിക്കാന്‍ കഴിയൂ. അതിനായി അന്വേഷിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും സ്ഥലം സന്ദര്‍ശിക്കുകയും മൊഴി രേഖപ്പെടുത്തുകയും വേണം. ഇവയൊന്നും എസ്‌ഐടി നടത്തിയിട്ടില്ല. കൃത്യമായ അന്വേഷണമില്ലെങ്കില്‍, സുപ്രീംകോടതി എസ്‌ഐടി രൂപീകരിച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്നും സിബല്‍ ചോദിച്ചു. കേസില്‍ വാദം തുടരുകയാണ്.