ധനസമാഹരണം എന്താണെന്ന് രാഹുല്‍ ഗാന്ധിക്ക് മനസ്സിലായോ? രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസെന്ന് ധനമന്ത്രി 

 
rahul


കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കാനുള്ള 'ദേശീയ ധനസമാഹരണ പദ്ധതി' ക്കെതിരെ വിമര്‍ശനവുമായി രംത്തുവന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ  ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ധനസമാഹരണം  എന്താണെന്ന് രാഹുല്‍ ഗാന്ധിക്ക് മനസ്സിലായോ? രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസാണെന്നും ധനമന്ത്രി  പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ ധനസമാഹരണ പദ്ധതി അനാവരണം ചെയ്തതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.  പദ്ധതി കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്നും ഇന്ത്യയുടെ രത്‌നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റു തുലയ്ക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

പ്രധാന മേഖലകളില്‍ കുത്തകകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ പദ്ധതിയെന്നും ഇത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സ്വകാര്യവത്കരണത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. തന്റെ ചില വ്യവസായി സുഹൃത്തുക്കളെ സഹായിക്കാനാണ് മോദി ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. പദ്ധതി നിയമാനുസൃതമായ കൊള്ളയാണെന്നും സംഘടിതമായ കവര്‍ച്ചയാണെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു. 

നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കാനാണ്  ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയില്‍വ, വ്യോമയാനം, തുറമുഖം, വാര്‍ത്താവിതരണം, ഖനികള്‍ തുടങ്ങിയ മേഖലകളില്‍ സ്വകാര്യ മേഖലക്ക് നിശ്ചിത കാലത്തേക്ക് കൈമാറുകയാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാര്‍ ആസ്തികള്‍ പൂര്‍ണമായും വിറ്റഴിക്കുകയല്ലെന്നും ഉടസ്ഥാവകാശം കേന്ദ്രത്തിന് തന്നെയാണെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.