അമേത്തിയിലെ തോല്‍വിഭാരം ട്വിറ്റര്‍ ട്രെന്‍ഡിലൂടെ മറികടക്കാനാകുമോ? കോണ്‍ഗ്രസിനെതിരെ തൃണമൂലിന്റെ ട്വിറ്റര്‍ പോര്

 
TMC Congress

പ്രശാന്ത് കിഷോറിന്റെ ട്വീറ്റാണ് ട്വിറ്റര്‍ പോരിന് അടിസ്ഥാനം

ബിജെപി സര്‍ക്കാരിനെതിരെ ഒരു പ്രതിപക്ഷ മുന്നണി എന്ന ആശയത്തിലേക്ക് ഒരുമിച്ചു നീങ്ങാനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും. എന്നാല്‍, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്ക് സംഭവിച്ച പരാജയത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി, കോണ്‍ഗ്രസിനെ കുത്തിനോവിക്കാനുള്ള ശ്രമങ്ങളാണ് തൃണൂല്‍ ട്വിറ്ററില്‍ നടത്തുന്നത്. ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരായ പോരാട്ടത്തിന്റെ മുഖമായി എടുത്തുകാട്ടിയ രാഹുലിന്റെ പരാജയം സമ്മാനിച്ച നഷ്ടം ട്വിറ്റര്‍ ട്രെന്‍ഡിലൂടെ കോണ്‍ഗ്രസിന് മറികടക്കാനാകുമോയെന്നാണ് തൃണമൂല്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന ചോദ്യം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തൃണമൂലിനായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ട്വീറ്റാണ് കോണ്‍ഗ്രസിനെതിരായ തൃണമൂലിന്റെ ട്വിറ്റര്‍ പോരിന് അടിസ്ഥാനം. ലഖിംപുര്‍ ഖേരി വിഷയം മുന്‍നിര്‍ത്തിയാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ലഖിംപുര്‍ ഖേരി അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മുത്തശ്ശി പാര്‍ട്ടിയുടെ പൊടുന്നനെയുള്ള, സ്വഭാവിക പുനരുജ്ജീവനം പ്രതീക്ഷിക്കുന്ന ആളുകള്‍, വലിയ നിരാശയിലേക്കാണ് തങ്ങളെ സജ്ജമാക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍, പാര്‍ട്ടിയുടെ വേരുറച്ചുപോയ പ്രശ്‌നങ്ങള്‍ക്കും ഘടനാപരമായ ബലഹീനതയ്ക്കും ദ്രുത പരിഹാരങ്ങളില്ല -എന്നായിരുന്നു പ്രശാന്തിന്റെ ട്വീറ്റ്. രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ലഖിംപുര്‍ ഖേരി അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

അതേസമയം, പ്രശാന്ത് കിഷോറിന്റെ വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളി. ഇത്തരം ഗൗരവമേറിയ വിഷയങ്ങളില്‍ ലാഭനഷ്ടം കണ്ടെത്തുന്ന പ്രവണത കുറ്റകരമാണെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്. ഒരു രാഷ്ട്രീ ഉപദേശകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കാനില്ല. ലഖിംപുര്‍ ഖേരി സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയും ഇത്തരം സാഹചര്യങ്ങളില്‍ ലാഭനഷ്ടം അന്വേഷിക്കുകയും ചെയ്യുന്നത് തികഞ്ഞ കുറ്റകൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍, പ്രശാന്ത് കിഷോറിന്റെ ട്വീറ്റിന് ഒത്ത മറുപടിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗെലില്‍ നിന്നുമുണ്ടായത്. സ്വന്തം സീറ്റുകളില്‍ പോലും ജയിക്കാതെ, കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ കടന്നാക്രമിച്ചുകൊണ്ട് ഒരു ദേശീയ ബദല്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് വലിയ നിരാശയിലെന്നായിരുന്നു ബാഗെലിന്റെ ട്വീറ്റ്. നിര്‍ഭാഗ്യവശാല്‍, ഒരു ദേശീയ ബദലായി മാറണമെങ്കില്‍, ആഴത്തില്‍ വേരുള്ളതും സംഘടിതവുമായ ശ്രമങ്ങള്‍ ആവശ്യമാണ്. അവിടെ ദ്രുത പരിഹാരങ്ങളില്ലെന്നും ബാഗെല്‍ ട്വിറ്ററില്‍ കുറിച്ചു. മുന്‍ കോണ്‍ഗ്രസ് എംപിയും വനിതാ വിഭാഗം നേതാവുമായിരുന്ന സുസ്മിത ദേവിനെയും ഗോവ മുന്‍ മുഖ്യമന്ത്രി ലൂയിസിനോ ഫലെയ്‌റോയെയും തൃണമൂലില്‍ ഉള്‍പ്പെടുത്തിയതിനെയും പരാമര്‍ശിച്ചായിരുന്നു ബാഗെലിന്റെ വാക്കുകള്‍. 

എന്നാല്‍, ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന തങ്ങളുടെ ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും ഒരിക്കല്‍കൂടി ശക്തിപ്പെടുത്തുന്ന തരത്തിലായിരുന്നു തൃണമൂലിന്റെ പ്രതികരണം. ഹൈക്കമാന്‍ഡിനെ പ്രീതിപ്പെടുത്താനുള്ള ശ്രമം മാത്രമാണ് ആദ്യമായി മുഖ്യമന്ത്രിയായ ബാഗെലിന്റെ പ്രതികരണം. അമേത്തിയിലെ ചരിത്രപരമായ തോല്‍വിയെ മറ്റൊരു ട്വിറ്റര്‍ ട്രെന്‍ഡിലൂടെ കോണ്‍ഗ്രസ് മറികടക്കാന്‍ പോകുകയാണോയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ ചോദിച്ചു.

ദേശീയ തലത്തില്‍ മോദിക്കെതിരായ പോരാട്ടത്തിന്റെ മുഖം രാഹുല്‍ ഗാന്ധിയല്ല, മമത ബാനര്‍ജിയാണെന്ന വാദമാണ് തൃണമൂല്‍ ഉയര്‍ത്തിവിടുന്നത്. മോദിക്കെതിരായ മമതയുടെ ചെറുത്തുനില്‍പ്പുകളെയും പോരാട്ടത്തെയും ആവര്‍ത്തിക്കുന്ന തൃണമൂല്‍ നേതൃത്വം, സാധ്യമായ വേദികളില്‍ കോണ്‍ഗ്രസിന്റെ പതനത്തെയും ചര്‍ച്ചയ്ക്കു വെക്കാറുണ്ട്.