'പൂജകളിലും ആചാരങ്ങളിലും ഇടപെടാനാകില്ല; ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാം'

 
Supreme Court

ആചാരങ്ങളും സേവകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടല്‍ പ്രായോഗികമല്ല

ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. നിര്‍ദ്ദിഷ്ട ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്ന, ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാം. ആചാരങ്ങളും സേവകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടല്‍ പ്രായോഗികമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

തേങ്ങ എങ്ങനെ ഉടയ്ക്കാം? ആരതി എങ്ങനെ നടത്താം? എന്നിങ്ങനെ ക്ഷേത്രത്തിന്റെ ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ? ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാകില്ല. എന്നാല്‍, ക്ഷേത്രത്തിന്റെ പാരമ്പര്യത്തില്‍നിന്നോ വ്യവസ്ഥാപിതമായ ആചാരങ്ങളില്‍നിന്നോ വ്യതിചലനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഹര്‍ജിക്കാരന് വിചാരണക്കോടതിയില്‍ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യാം. ക്ഷേത്ര ഭരണകാര്യങ്ങളില്‍ വീഴ്ചയോ, ദര്‍ശനം അനുവദിക്കുന്നതില്‍ വിവേചനമോ ഉണ്ടെങ്കില്‍ അത്തരം കാര്യങ്ങളില്‍ ക്ഷേത്രത്തിന് നിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതിക്ക് സാധിക്കും. ദൈനംദിന ആചാരമോ പൂജയോ സംബന്ധിച്ച് ഭക്തര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ തിരുപ്പതി ദേവസ്വത്തിന് ബാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. 

തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകള്‍ എന്നിവ ആചാരപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീവാരി ദാദായാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആചാരങ്ങള്‍ പാലിക്കുന്നതിലെ ക്രമക്കേട് തിരുത്താന്‍ തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ആന്ധ്രപ്രദേശ് ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് ശ്രീവാദി ദാദാ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്ര ആചാരങ്ങളില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും തിരുപ്പതി തിരുമല ദേവസ്ഥാനം ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്ന് കോടതി അറിയിച്ചു. എട്ട് ആഴ്ചയ്ക്കകം ഹര്‍ജിക്കാരന്റെ പരാതിയില്‍ ക്ഷേത്ര ഭരണസമിതി മറുപടി നല്‍കണം. അതിനുശേഷവും പരാതിയുണ്ടെങ്കില്‍ ഹര്‍ജിക്കാരന് ഉചിതമായ ഫോറത്തെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 

നേരത്തെ, ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതി തിരുപ്പതി തിരുമല ദേവസ്ഥാനത്തോട് നിര്‍ദേശിച്ചിരുന്നു. ക്ഷേത്രത്തിലെ സേവകള്‍ വൈഖാനസ ആഗമം കര്‍ശനമായി പാലിച്ചാണ് നടത്തപ്പെടുന്നതെന്നായിരുന്നു ദേവസ്ഥാനം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സേവകളും ഉത്സവങ്ങളും വൈഖാനസ ആഗമപ്രകാരം കര്‍ശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങളുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.