സ്വന്തം രാജ്യത്തും അതിർത്തികളിലും 'അക്രമ സംസ്കാരം' വളർത്തുന്നത് തുടരുന്നു; യു.എന്നിൽ പാകിസ്ഥാനെതിരെ ഇന്ത്യ

 
Vidisha Maitra
തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്നതിൽ ലോകം ആശങ്കപ്പെടണം

ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഇന്ത്യ. പാകിസ്ഥാൻ സ്വന്തം രാജ്യത്തും അതിർത്തികളിലും 'അക്രമ സംസ്കാരം' വളർത്തുന്നത് തുടരുകയാണെന്ന് ഇന്ത്യ പറഞ്ഞു കാശ്മീർ വിഷയം പരാമർശിച്ച് പാക് പ്രതിനിധി മുനീർ അക്രം ഇന്ത്യക്കെതിരെ നടത്തിയ പ്രസംഗത്തിനായിരുന്നു ഇന്ത്യൻ പ്രതിനിധി വിദിഷ മൈത്രയുടെ മറുപടി.

സമാധാനത്തിന്റെ സംസ്കാരം എന്നത് സമ്മേളനങ്ങളിൽ മാത്രമായി ചർച്ച ചെയ്യാനും ആഘോഷിക്കാനുമുള്ളതല്ല. അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള ബന്ധങ്ങളിൽ സക്രിയമായി വളർത്തിയെടുക്കേണ്ട ഒന്നുകൂടിയാണതെന്നും വിദിഷ മൈത്ര അഭിപ്രായപ്പെട്ടു. യുഎൻ പൊതുസഭയുടെ സമാധാന സംസ്കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തിലായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

സ്വന്തം രാജ്യത്തും അതിർത്തിയിലും 'അക്രമ സംസ്കാരം' വളർത്തുന്നത് തുടർന്നുകൊണ്ട് ഇന്ത്യക്കെതിരായ വിദ്വേഷ പ്രസംഗത്തിന് യുഎൻ വേദി മുതലെടുക്കാനുള്ള പാക് പ്രതിനിധി സംഘത്തിന്റെ മറ്റൊരു ശ്രമത്തിന് കൂടി ഞങ്ങൾ സാക്ഷ്യം വഹിച്ചു. അത്തരം എല്ലാ ശ്രമങ്ങളെയും ഞങ്ങൾ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നുവെന്നും വിദിഷ മൈത്ര പറഞ്ഞു. ജമ്മു കാശ്മീർ വിഷയം ഉന്നയിച്ചും കാശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെക്കുറിച്ചും പാക് പ്രതിനിധി മുനീർ അക്രം സംസാരിച്ചതിനു ശേഷമായിരുന്നു ഇന്ത്യയുടെ പ്രതികരണം.

അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പ്രതീകമായ തീവ്രവാദം എല്ലാ മതങ്ങൾക്കും സംസ്കാരങ്ങൾക്കും എതിരാണെന്നതിൽ തർക്കമില്ല. തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്ന ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കുറിച്ചോർത്ത് ലോകം ആശങ്കപ്പെടണം. ഇന്ത്യ മാനവികതയുടെയും ജനാധിപത്യത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുന്നത് തുടരുമെന്നും വിദിഷ മൈത്ര കൂട്ടിച്ചേർത്തു.