149 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ രോഗികള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 പേര്‍ക്ക് കോവിഡ് 

 
Kerala Covid Updates

രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 149 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണമാണിത്. ഇന്നലെ 530 കോവിഡ് മരണമാണ് റിപോര്‍ട്ട് ചെയ്തത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.23 കോടി ആയി ഉയര്‍ന്നു. നിലവില്‍ 4,33,049 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 39,157 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,15,25,080 ആയി ഉയര്‍ന്നു.  നിലവില്‍ 3,64,129  പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കോവിഡ് റിപോര്‍ട്ട് ചെയ്തതു മുതല്‍ ഐസിഎംആര്‍ 50 കോടി കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,36,336 പേര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതായി കോവിന്‍ ഡാറ്റ പറയുന്നു. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് ഡോസുകള്‍ 50 ലക്ഷം കടക്കുന്നത്.