കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

 
കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കോവിഡിന്റെ അതിവേഗ വ്യാപനത്തിനിടയിലും രാജ്യത്ത് പുതിയ പാര്‍ലമെന്റ് കെട്ടിടം ഉള്‍പ്പെടെ നിര്‍മിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആരോഗ്യസുരക്ഷ സംവിധാനത്തെ തകര്‍ക്കുകയും ചെയ്യുന്ന കോവിഡിന്റെ മാരകമായ രണ്ടാം തരംഗവുമായി രാജ്യം പേരാടുന്ന സമയത്ത് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പ്രവര്‍ത്തനം അനിവാര്യമല്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

''സെന്‍ട്രല്‍ വിസ്ത- അനിവാര്യമല്ല. കേന്ദ്രസര്‍ക്കാരിന് ഉള്‍ക്കാഴ്ച അനിവാര്യമാണ് '' ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന് രാഹുല്‍ നേരത്തെ വിമര്‍ശനവുമായി എത്തിയിരുന്നു.കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ അതിന്റെ വ്യവസ്ഥയുടെ ഇരയാക്കരുതെന്ന് ഞായറാഴ്ച അദ്ദേഹം ഭരണകക്ഷിയായ ബിജെപിയോട് ആവശ്യപ്പെട്ടു. ഓക്‌സിജന്റെയും മരുന്നിന്റെയും പ്രതിസന്ധിയിലും രാഹുല്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ തന്റെ എല്ലാ തിരഞ്ഞെടുപ്പ് റാലികളും രാഹുല്‍ റദ്ദാക്കിയിരുന്നു.

സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി ചിലവഴിക്കുന്ന പണം കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ ഉപയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിട്ട് സ്വദേശത്ത് എത്തിക്കുന്നതിനും കൂടുതല്‍ പിപിഇ കിറ്റുകള്‍ വാങ്ങുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍ പറഞ്ഞിരുന്നു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവശ്യ സേവനങ്ങളുടെ പരിധിയില്‍ കൊണ്ടുവന്നതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.